അട്ടിമറി പ്രതീക്ഷകളില്ലാതെ...

‘പാര്‍ലമെന്‍റിലും അസംബ്ളിയിലും ഒരൊറ്റ കോണ്‍ഗ്രസുകാരനുമില്ലാത്ത ജില്ല’. ഇടുക്കിയുടെ രാഷ്ട്രീയ ചിത്രം വരക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ പ്രയോഗിക്കുന്ന ഈ വിശേഷണത്തെ മറികടക്കാന്‍ ഇക്കുറി കോണ്‍ഗ്രസിന് കഴിയുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്. പട്ടയവും ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളും വോട്ടുകളെ സ്വാധീനിക്കുന്ന ഇടുക്കിയില്‍ പതിവ് വിഷയമായ മുല്ലപ്പെരിയാറിന് പുറമെ ഇക്കുറി പൊമ്പിളൈ ഒരുമൈ സമരവും ചര്‍ച്ചചെയ്യപ്പെടും. സ്ഥാനാര്‍ഥി നിര്‍ണയവും മുന്നണിബന്ധങ്ങളിലെ മാറ്റങ്ങളും തെരഞ്ഞെടുപ്പ് ഫലത്തില്‍ മാറ്റങ്ങള്‍ വരുത്താനിടയുള്ള ഘടകങ്ങളാണെങ്കില്‍ തന്നെയും വലിയ അട്ടിമറികള്‍ക്കൊന്നും സാധ്യതയില്ലാതെ അന്തിമ ഫലം ഏതാണ്ട് ‘ക്രിസ്റ്റല്‍ ക്ളിയറാ’ണ്. അതറിയാന്‍ പാഴൂര്‍ പടിപ്പുര വരെയൊന്നും പോകേണ്ടതില്ല.

കഴിഞ്ഞ അസംബ്ളി തെരഞ്ഞെടുപ്പിനുശേഷം കേരളത്തിലുണ്ടായ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളോ കേരള കോണ്‍ഗ്രസ് സെക്കുലറിന്‍െറ പുനരുജ്ജീവനമോ ആര്‍.എസ്.പി പിളര്‍പ്പോ വീരന്‍ ജനതാദളിന്‍െറ ചാഞ്ചാട്ടമോ ഒന്നുംതന്നെ ഇടുക്കിയെ സ്വാധീനിക്കുന്ന ഘടകങ്ങളല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഞ്ചില്‍ മൂന്നിലും വിജയിച്ച എല്‍.ഡി.എഫ് ‘സ്റ്റാറ്റസ്കോ’യില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ല. കെ.എം. മാണിയുടെ രാജി കോലാഹലത്തിനിടെ പി.ജെ. ജോസഫ് പഴയ ലാവണത്തിലേക്ക് മടങ്ങാനൊരുങ്ങുമോയെന്ന് പലരും സംശയിച്ചു. അങ്ങനെയെങ്കില്‍ കഴിഞ്ഞകുറി നഷ്ടപ്പെട്ട തൊടുപുഴയും എല്‍.ഡി.എഫ് പട്ടികയിലിടം പിടിക്കും. കേരള കോണ്‍ഗ്രസിന്‍െറ (മാണി ഗ്രൂപ്) റോഷി അഗസ്റ്റിന്‍ മൂന്നു തവണയായി  കൈവശംവെച്ചിരിക്കുന്ന ഇടുക്കി അസംബ്ളി മണ്ഡലം കൈവശപ്പെടുത്താന്‍ ഇടതുമുന്നണി ആഗ്രഹിക്കുന്നുണ്ട്. ഇടുക്കി രൂപതയുടെ അനുഗ്രഹാശിസ്സോടെ നിലകൊള്ളുന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയോടെ എല്‍.ഡി.എഫിന് ഇടുക്കി പാര്‍ലമെന്‍റ് സീറ്റ് നേടാനായി.

തൊടുപുഴ ഒഴിച്ചുള്ള എല്ലാ അസംബ്ളി മണ്ഡലങ്ങളിലും  പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനായിരുന്നു ലീഡ്. ഇടുക്കി  മണ്ഡലത്തില്‍ എല്‍.ഡി.എഫിന് 24,227 വോട്ടുകള്‍ അധികമുണ്ടായിരുന്നുവെന്നത് ചെറിയ കാര്യമല്ല. ഇതിന്‍െറ തുടര്‍ച്ചയായി പേരിനൊരു പ്രതിപക്ഷം പോലുമില്ലാതെ യു.ഡി.എഫ് മുഴുവന്‍ സീറ്റും കൈയടക്കിവെച്ചിരുന്ന ജില്ലാ പഞ്ചായത്തിലേക്ക് 16ല്‍ ആറു പേരെ വിജയിപ്പിക്കാന്‍ എല്‍.ഡി.എഫിനായത് മികച്ച അടവുനയം തന്നെയായിരുന്നു. ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ച പഴയ കേരള കോണ്‍ഗ്രസുകാരന്‍ നോബ്ള്‍ ജോസഫിനെ ഇടുക്കിയില്‍ സ്ഥാനാര്‍ഥിയാക്കാന്‍ അണിയറനീക്കമുണ്ട്. ഹാട്രിക് വിജയം നേടിയ റോഷി അഗസ്റ്റ്യനാകട്ടെ വികസന പ്രവര്‍ത്തനങ്ങളുടെ പിന്‍ബലത്തില്‍  മണ്ഡലം മാറിച്ചിന്തിക്കില്ളെന്ന ധൈര്യത്തിലാണ്. എല്‍.ഡി.എഫ് ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ പുതുമുഖത്തെ പരിഗണിക്കുന്ന കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ചയുള്ളതായി അറിയുന്നു.

കഴിഞ്ഞ തവണ 53ല്‍ 43 ഉം യു.ഡി.എഫിനായിരുന്നു. കട്ടപ്പന മുനിസിപ്പാലിറ്റിയായതോടെ പഞ്ചായത്തുകള്‍ 52 ആയി ചുരുങ്ങി. അതില്‍ 29 യു.ഡി.എഫ് നിലനിര്‍ത്തി. എല്‍.ഡി.എഫ് 23 ഉം നേടി.എട്ടിലെട്ടും ബ്ളോക് പഞ്ചായത്തുകള്‍ കൈവശം വെച്ച അവര്‍ക്ക് രണ്ടെണ്ണം എല്‍.ഡി.എഫിന് വിട്ടുകൊടുക്കേണ്ടിയും വന്നത് അടിയൊഴുക്കിന്‍െറ പ്രതിഫലനമാണ്.

ഉടുമ്പഞ്ചോലയില്‍ ഹാട്രിക് നേടിയ സി.പി.എം ജില്ലാ സെക്രട്ടറി കൂടിയായ കെ.കെ. ജയചന്ദ്രനെ  ഇനിയുമൊരങ്കത്തിന്  നിയോഗിക്കാനുള്ള സാധ്യതയില്ല. പകരം എം.എം. മണിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ അദ്ഭുതപ്പെടാനില്ല. എസ്.എന്‍.ഡി.പി യോഗത്തിന്‍െറ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ ഭാരതീയ ധര്‍മ ജന സേനയുടെയും ബി.ജെ.പി ബാന്ധവത്തിന്‍െറയും ‘ഇംപാക്ട്’ എത്ര കണ്ട് എല്‍.ഡി.എഫിന് ദോഷം ചെയ്യുമെന്ന് പറയാനാകില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അടിമാലി, രാജാക്കാട് പ്രദേശങ്ങളില്‍ എല്‍.ഡി.എഫിന് നേരിയ ദോഷം സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍. ഇതിനിടെ  യോഗം മുന്‍ പ്രസിഡന്‍റ് അഡ്വ. സി.കെ. വിദ്യാസാഗര്‍ എല്‍.ഡി.എഫിന്‍െറ പരിഗണനയിലുള്ള സ്ഥാനാര്‍ഥിയാണെന്ന വാര്‍ത്ത പരന്നിട്ടുണ്ട്.

മന്ത്രി പി.ജെ.ജോസഫ് തന്നെയാണ് ഇടുക്കിയിലെ മിന്നും താരം. ഏത് മുന്നണിയിലായാലും അദ്ദേഹത്തിന് തൊടുപുഴ സുരക്ഷിതമാണ്. ‘മാസ് അപ്പീലു’ള്ള ഒരാളെ ഇവിടെ കണ്ടത്തൊന്‍ ഇടത് മുന്നണിക്ക് കഴിഞ്ഞിട്ടില്ല. പീരുമേട്ടില്‍ സിറ്റിങ് എം.എല്‍.എ ബിജിമോള്‍  മൂന്നാമങ്കത്തിന് കച്ചകെട്ടിയാണ് മുന്നോട്ടുപോകുന്നത്. പൊതുവേദിയില്‍ കൊളുന്ത് നുള്ളുന്ന തോട്ടംതൊഴിലാളി സ്ത്രീയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതിന് നേതൃത്വത്തിന്‍െറ ശകാരമേറ്റ ബിജിമോളെ പിന്നീട് ആര്‍.ഡി.ഒ സ്വകാര്യ എസ്റ്റേറ്റ് മുതലാളിക്കുവേണ്ടി കോടതി ഉത്തരവ് നടപ്പാക്കാനത്തെിയപ്പോള്‍ തടഞ്ഞ വിഷയത്തില്‍ പരസ്യമായി പിന്തുണക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാവുകയായിരുന്നു.

ഇടതുമുന്നണി അധികാരത്തില്‍ വരുകയാണെങ്കില്‍ സി.പി.ഐ മന്ത്രിമാരില്‍ ഒരാള്‍ ഈ വനിതാ നേതാവായിരിക്കുമെന്നതില്‍ സംശയമില്ല. പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ ചെരിപ്പൂരി ആട്ടിയോടിച്ചത് എസ്. രാജേന്ദ്രന് ദേവികുളത്ത് ക്ഷീണമായെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഏതു വിധേനയും രണ്ടു തവണയായി തനിക്ക് നഷ്ടമായ മണ്ഡലം തിരികെ പിടിക്കാന്‍ എ.കെ. മണി കളി തുടങ്ങി. രാജേന്ദ്രനും മണിക്കും പകരമായി പുതുമുഖങ്ങളെ പരീക്ഷിക്കാന്‍ മുന്നണികള്‍ തയാറായാല്‍ മത്സരം കൊഴുക്കും. അല്ളെങ്കില്‍ പൊമ്പിളൈ ഒരുമൈ ഉയര്‍ത്തുന്ന ആരോപണങ്ങളെ നേരിടാന്‍ മൂന്നാറിന്‍െറ തണുപ്പിലും മുന്നണികള്‍ വിയര്‍ക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതിനിടെ പൊമ്പിളൈ ഒരുമൈയെ തകര്‍ക്കാനായി രണ്ടു മുന്നണികളും നേതാക്കളെ വരുതിയിലാക്കാനുള്ള നീക്കങ്ങള്‍ വിജയം കാണുന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ട ഡീന്‍ കുര്യാക്കോസും മുന്‍ എം.എല്‍.എ ഇ.എം. അഗസ്തിയും ഡി.സി.സി പ്രസിഡന്‍റ് റോയ് കെ. പൗലോസുമടക്കമുള്ള പല പ്രമുഖരും സ്ഥാനാര്‍ഥികളാകാന്‍ താല്‍പര്യമുള്ളവരായി കോണ്‍ഗ്രസിലുണ്ട്. കോണ്‍ഗ്രസിനെ അപ്രസക്തമാക്കുംവിധത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് ജില്ലയില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്നതിനാല്‍ ഇവരുടെ മോഹങ്ങള്‍ പൂവണിയുമോയെന്ന കാര്യം സംശയമാണ്.

കഴിഞ്ഞ  തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ബി.ജെ.പി ശക്തിതെളിയിച്ച തൊടുപുഴയില്‍ സംസ്ഥാന നേതാവ് പി.എം. വേലായുധന് 10,049 വോട്ടുകള്‍ ലഭിച്ചിരുന്നു. തൊടുപുഴ മുനിസിപ്പാലിറ്റിയിലെ പ്രാതിനിധ്യം നാലില്‍നിന്ന് നേര്‍ ഇരട്ടിയാക്കിയതിന്‍െറ ആത്മവിശ്വാസവുമായി പാര്‍ട്ടി അരയും തലയും മുറുക്കി തന്നെയായിരിക്കും  കളത്തിലിറങ്ങുക. മുന്നോടിയായി ന്യൂമാന്‍ കോളജിനോട് ചേര്‍ന്ന ക്രൈസ്തവ ദേവാലയത്തില്‍ മൃതദേഹം സംസ്കരിക്കുന്നതിനെതിരെ ഹിന്ദുത്വ ശക്തികളെ ഏകോപിപ്പിക്കുന്നതടക്കമുള്ള നീക്കങ്ങള്‍  ആരംഭിച്ച് കഴിഞ്ഞു.

തൊടുപുഴയില്‍ കഴിഞ്ഞ തവണ 5386 വോട്ടുകള്‍ നേടിയ എസ്.ഡി.പി.ഐ വണ്ടിപ്പെരിയാറില്‍ പട്ടികജാതി സംവരണ സീറ്റില്‍ വിജയിച്ചിരുന്നു. ജനകീയ പ്രശ്നങ്ങളുടെ ഇടപെടലിലൂടെ ശ്രദ്ധേയമായ  വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടായിരുന്നു. അസംബ്ളി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വോട്ടുകളെ നിസ്സാരമായി തള്ളിക്കളയാനാവില്ളെന്ന് 2011ല്‍  മിക്കയിടത്തും മാര്‍ജിന്‍ അധികം വലുതല്ളെന്ന കാര്യം അടിവരയിടുന്നു.

തമിഴ്നാട്ടിലെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെക്ക് പീരുമേട്ടിലും ദേവികുളത്തും പതിവുപോലെ സ്ഥാനാര്‍ഥികളുണ്ടാകുമെങ്കിലും കഴിഞ്ഞ തവണത്തെ പോലെ മൂന്നക്കത്തിനപ്പുറം വോട്ട് ഉയരാനിടയില്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ 8.45 ലക്ഷം വോട്ടര്‍മാര്‍ക്ക് പുറമെ ഒട്ടനവധി പുതിയ വോട്ടര്‍മാരും അസംബ്ളി തെരഞ്ഞെടുപ്പിലുണ്ടാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.