വിധി നിര്‍ണയിക്കുന്നത് മൂന്ന് മണ്ഡലങ്ങള്‍

ഇത്തവണത്തെ മുഖ്യമന്ത്രി കണ്ണൂരില്‍ നിന്നാകുമോ? നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കവെ കണ്ണൂര്‍ജില്ല ആകാംക്ഷയോടെ ഉന്നയിക്കുന്ന ചോദ്യമാണിത്. ഇ.കെ. നായനാര്‍ക്കും ആര്‍. ശങ്കറിനും പിന്‍ഗാമിയായി കണ്ണൂരിന് സ്വന്തം മുഖ്യമന്ത്രിയെ കിട്ടുമോയെന്നതാണ് തെരഞ്ഞെടുപ്പ് ആരവത്തിന് മുമ്പുതന്നെ ജില്ലയില്‍ ചര്‍ച്ചയാകുന്നത്. 1996ല്‍ മത്സരത്തില്‍നിന്ന് ഒഴിഞ്ഞുനിന്ന ഇ.കെ. നായനാര്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അധികാരത്തില്‍വന്നശേഷമാണ് മുഖ്യമന്ത്രിയായത്. അതേവര്‍ഷം തലശ്ശേരിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് ജയിച്ചത്. കണ്ണൂര്‍ മണ്ഡലത്തില്‍നിന്ന് ജയിച്ചാണ് ആര്‍. ശങ്കര്‍ കേരളത്തിന്‍െറ മൂന്നാമത്തെ മുഖ്യമന്ത്രിയായത്. ഈ നിരയിലേക്ക് കണ്ണൂരില്‍നിന്ന് ഇത്തവണ മുഖ്യമന്ത്രിയുണ്ടാകുമെന്നുതന്നെയാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ കരുതുന്നത്.

സി.പി.എം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെ കേന്ദ്രീകരിച്ചാണ് മുഖ്യമന്ത്രി ചര്‍ച്ച കൊഴുക്കുന്നത്. അദ്ദേഹം നയിക്കുന്ന നവകേരള മാര്‍ച്ച് എല്‍.ഡി.എഫിന് അധികാരത്തിലേക്കും അദ്ദേഹത്തിന് മുഖ്യമന്ത്രിപദത്തിലേക്കും വഴിയൊരുക്കുമെന്നാണ് അണികളുടെ പ്രതീക്ഷ.
മുഖ്യമന്ത്രിയായശേഷം ഇ.കെ. നായനാര്‍ ഉപതെരഞ്ഞെടുപ്പില്‍  ജയിച്ച തലശ്ശേരി മണ്ഡലത്തില്‍തന്നെ പിണറായി വിജയന്‍ മത്സരിക്കുമെന്നാണ് സംസാരം. എല്‍.ഡി.എഫ് ഭൂരിപക്ഷമുള്ള മറ്റു മണ്ഡലങ്ങളും അദ്ദേഹത്തിന്‍െറ സ്ഥാനാര്‍ഥിത്വം ഏറ്റെടുക്കാന്‍ ഒരുക്കമാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‍െറ ഭരണത്തുടര്‍ച്ചക്ക് തടയിട്ടത് മൂന്നു സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടതാണ്. അഴീക്കോട്, കൂത്തുപറമ്പ്, പേരാവൂര്‍ എന്നീ സിറ്റിങ് സീറ്റുകളാണ് ഇടതുമുന്നണിയെ കൈവിട്ടത്. അഴീക്കോട് എം.എല്‍.എ ആയിരുന്ന എം. പ്രകാശന്‍ മാസ്റ്ററെ ലീഗിലെ കെ.എം. ഷാജിയും പേരാവൂരില്‍ സിറ്റിങ് എം.എല്‍.എയായിരുന്ന കെ.കെ. ശൈലജ ടീച്ചറെ കോണ്‍ഗ്രസിലെ അഡ്വ. സണ്ണി ജോസഫുമാണ് തോല്‍പിച്ചത്. ഐ.എന്‍.എല്ലിന് നല്‍കിയ കൂത്തുപറമ്പ് സീറ്റില്‍ പാര്‍ട്ടി പ്രസിഡന്‍റ് എസ്.എ പുതിയവളപ്പില്‍ ജനതാദളിലെ കെ.പി മോഹനനോട് തോറ്റു.    

കണ്ണൂരില്‍ 11 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. നിലവില്‍ എല്‍.ഡി.എഫിന് ആറും യു.ഡി.എഫിന് അഞ്ചും എം.എല്‍.എമാരാണുള്ളത്. എല്‍.ഡി.എഫില്‍ ആറും സി.പി.എം എം.എല്‍.എമാരാണ്. യു.ഡി.എഫില്‍ കോണ്‍ഗ്രസിന് മൂന്നും ലീഗിനും സോഷ്യലിസ്റ്റ് ജനതാദളിനും ഒന്നുവീതവും എം.എല്‍.എമാരുണ്ട്.
തലശ്ശേരി, മട്ടന്നൂര്‍, പയ്യന്നൂര്‍, കല്യാശ്ശേരി, ധര്‍മടം, തളിപ്പറമ്പ് എന്നീ സിറ്റിങ് മണ്ഡലങ്ങള്‍ നിലനിര്‍ത്തുന്നതിനൊപ്പം കഴിഞ്ഞതവണ കൈവിട്ട അഴീക്കോടും കൂത്തുപറമ്പും  തിരിച്ചുപിടിക്കാമെന്നും എല്‍.ഡി.എഫ് കണക്കുകൂട്ടുന്നുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ എല്‍.ഡി.എഫിന് ഒമ്പതിനായിരത്തോളം വോട്ടിന്‍െറ ഭൂരിപക്ഷമുണ്ട്. കഴിഞ്ഞതവണ എം. പ്രകാശന്‍ മാസ്റ്ററെ 493 വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ്  കെ.എം. ഷാജി പരാജയപ്പെടുത്തിയത്. അതുകൊണ്ടുതന്നെ ഇത്തവണ അഴീക്കോട് സീറ്റില്‍ എല്‍.ഡി.എഫ് ഉറച്ചവിജയം പ്രതീക്ഷിക്കുന്നുണ്ട്.

ഇരിക്കൂര്‍മണ്ഡലം കോണ്‍ഗ്രസിന്‍െറ ഇളകാത്ത കോട്ടയാണ്. ഇക്കുറിയും ഈ അവസ്ഥക്ക് മാറ്റമുണ്ടാകാനുള്ള സാധ്യത കുറവാണ്. ഇവിടെനിന്ന് 11,757 വോട്ടിന്‍െറ ഭൂരിപക്ഷമാണ് മന്ത്രി കെ.സി. ജോസഫിന് കിട്ടിയത്. ജില്ലയിലെ രാഷ്ട്രീയകാലാവസ്ഥയില്‍ കണ്ണൂര്‍, പേരാവൂര്‍, കൂത്തുപറമ്പ് എന്നീ യു.ഡി.എഫ് മണ്ഡലങ്ങളില്‍ ശക്തമായ മത്സരത്തിനാണ് സാധ്യത. പ്രഥമ കണ്ണൂര്‍ കോര്‍പറേഷന്‍ യു.ഡി.എഫിന് നഷ്ടപ്പെടാനിടയാക്കിയ അനൈക്യം മുതലെടുത്ത് കണ്ണൂരില്‍ ശക്തമായ പോരാട്ടംതന്നെയാണ് ഇടതിന്‍െറ ലക്ഷ്യം. കണ്ണൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ്-ലീഗ് നേതൃത്വങ്ങള്‍ തമ്മില്‍ പ്രശ്നമില്ളെങ്കിലും താഴത്തെട്ടില്‍ അകല്‍ച്ച രൂക്ഷമാണ്. ഇപ്പോഴും പ്രശ്നങ്ങള്‍ മാറ്റമില്ലാതെ തുടരുന്നതും അസംബ്ളി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. എങ്കിലും, നിലവിലത്തെ സ്ഥിതി യു.ഡി.എഫിന് അനുകൂലമാകാനാണ് സാധ്യത. 6443 വോട്ടിന്‍െറ ഭൂരിപക്ഷമാണ് എ.പി. അബ്ദുല്ലക്കുട്ടി നേടിയത്.

പേരാവൂര്‍ മണ്ഡലത്തില്‍ അഡ്വ. സണ്ണി ജോസഫ് 3440 വോട്ടിനാണ് കെ.കെ. ശൈലജ ടീച്ചറെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മണ്ഡലത്തില്‍ നേട്ടംകൊയ്തിട്ടുണ്ട്. കോണ്‍ഗ്രസ് വോട്ടുകളുടെ ചോര്‍ച്ചയില്‍നിന്നാണ് ബി.ജെ.പി ഇരിട്ടി നഗരസഭയിലടക്കം നേട്ടമുണ്ടാക്കിയത്. ആഞ്ഞുപിടിച്ചാല്‍ എല്‍.ഡി.എഫിന്‍െറ ജയസാധ്യതയും തള്ളിക്കളയാനാവില്ല.

സോഷ്യലിസ്റ്റ് ജനതയുടെ ജില്ലയിലെ ശക്തികേന്ദ്രമായ പഴയ പെരിങ്ങത്തൂര്‍ മണ്ഡലത്തിന്‍െറ ബലത്തിലാണ് കൂത്തുപറമ്പ് മണ്ഡലം യു.ഡി.എഫ് നേടിയത്. രക്തസാക്ഷികളുടെ മണ്ഡലം കൈവിട്ടുപോയതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ജില്ലയില്‍ നേരിട്ട ഏറ്റവുംവലിയ തിരിച്ചടി. പി.ആര്‍. കുറുപ്പിന്‍െറ തട്ടകം ഉള്‍പ്പെട്ട മണ്ഡലമായിട്ടും കൂത്തുപറമ്പില്‍ 3303 വോട്ടിന്‍െറ ഭൂരിപക്ഷംമാത്രമാണ് മന്ത്രി കെ.പി. മോഹനന് നേടാനായത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏഴായിരത്തിലധികം വോട്ടുകള്‍ എല്‍.ഡി.എഫിന് നേടാനായിട്ടുണ്ട്. ഇതാണ് ഇത്തവണ കൂത്തുപറമ്പ് തിരിച്ചുപിടിക്കാമെന്ന ഇടതുമുന്നണിയുടെ കണക്കുകൂട്ടലിന് ആധാരം. സോഷ്യലിസ്റ്റ് ജനത ഇടതുമുന്നണിയില്‍ ചേക്കേറിയാലും പിളര്‍ന്നാലും കൂത്തുപറമ്പില്‍ വിജയം ഇടതുമുന്നണിക്ക് ഉറപ്പാകും.  

പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ്, ധര്‍മടം, തലശ്ശേരി, മട്ടന്നൂര്‍ മണ്ഡലങ്ങളില്‍ ഇടതുമുന്നണി വിജയിച്ചത് വന്‍ ഭൂരിപക്ഷത്തിനാണ്. പയ്യന്നൂരില്‍ 32,124 വോട്ടിനാണ് സി.പി.എമ്മിലെ സി. കൃഷ്ണന്‍ ജയിച്ചത്. കല്യാശ്ശേരിയില്‍ ടി.വി. രാജേഷിന് 29,946 വോട്ടും തളിപ്പറമ്പില്‍ ജെയിംസ് മാത്യുവിന് 27,861 വോട്ടും ധര്‍മടത്ത് കെ.കെ. നാരായണന് 15,162 വോട്ടും തലശ്ശേരിയില്‍ കോടിയേരി ബാലകൃഷ്ണന് 26,509 വോട്ടും മട്ടന്നൂരില്‍ ഇ.പി. ജയരാജന് 30,512 വോട്ടുമാണ് ഭൂരിപക്ഷം കിട്ടിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളിലെല്ലാം എല്‍.ഡി.എഫിന് ഗണ്യമായ തോതില്‍ വോട്ട് വര്‍ധിച്ചിട്ടുണ്ട്.

കോണ്‍ഗ്രസില്‍നിന്നുള്ള വോട്ടുചോര്‍ച്ചയുടെ ഫലമായാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ബി.ജെ.പി നേട്ടം കൊയ്തത്. തലശ്ശേരി നഗരസഭയിലെ ബി.ജെ.പി മുന്നേറ്റം ഇതിനുദാഹരണം. ജില്ലാപഞ്ചായത്ത് പിണറായി ഡിവിഷനില്‍ ബി.ജെ.പി നേടിയ വോട്ടില്‍ കൂടുതലും കോണ്‍ഗ്രസിന്‍േറതുതന്നെ. 2014ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ബി.ജെ.പിക്ക് 1,04,000 വോട്ടുകളാണ് ലഭിച്ചത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 1,31,426 വോട്ടുകളും. കെ.സി. ജോസഫ് ഇരിക്കൂറില്‍തന്നെ ജനവിധിതേടും. കണ്ണൂരില്‍ എ.പി. അബ്ദുല്ലക്കുട്ടി ഇനി രംഗത്തുണ്ടാവാനുള്ള സാധ്യത വിരളം. പേരാവൂരില്‍ അഡ്വ. സണ്ണിജോസഫിന് നറുക്കുവീഴാനാണ് സാധ്യത. ധര്‍മടത്തും പയ്യന്നൂരും മാറ്റമു ണ്ടാകുമെന്ന അഭ്യൂഹവും നിലവിലുണ്ട്. ഇടതുമുന്നണി ജില്ലയില്‍ ഒന്നോ രണ്ടോ വനിതകള്‍ക്ക് സീറ്റ് നല്‍കാനും സാധ്യതയുണ്ട്.

എസ്.എന്‍.ഡി.പിപോലുള്ള സംഘടനകള്‍ക്കൊന്നും വലിയ സ്വാധീനം സൃഷ്ടിക്കാന്‍കഴിയുന്ന സാഹചര്യം ജില്ലയില്‍ ഇല്ല. ജാതിക്കപ്പുറം രാഷ്ട്രീയം തിളച്ചുമറിയുന്ന കണ്ണൂരില്‍ നിര്‍ണായക സ്വാധീനംചെലുത്താന്‍ ഇത്തരം സംഘടനകള്‍ക്ക് കഴിയില്ല. എസ്.ഡി.പി.ഐ നേടുന്ന വോട്ടുകള്‍ ലീഗിനും അതുവഴി യു.ഡി.എഫിനുമാണ് നഷ്ടംവരുത്തുന്നത്. സമീപകാലത്ത് സജീവമായ വെല്‍ഫെയര്‍ പാര്‍ട്ടി തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നേട്ടം കൈവരിച്ചിരുന്നു. എന്നാല്‍, ഏതെങ്കിലും ഒരു മുന്നണിയുടെ വിജയമോ തോല്‍വിയോ നിര്‍ണയിക്കാനുള്ള ശക്തി വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഉണ്ടോയെന്ന് തിരിച്ചറിയാന്‍ തെരഞ്ഞെടുപ്പ് കഴിയുംവരെ കാത്തിരിക്കേണ്ടിവരും. ബി.ജെ.പിയുടെ ന്യൂനപക്ഷവിരുദ്ധ നിലപാട് ഇടതുമുന്നണിക്ക് ഏറെ ഗുണംചെയ്യുന്നുണ്ട്. ബി.ജെ.പിയെ പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസും യു.ഡി.എഫും കാണിക്കുന്ന മൃദുസമീപനം സൃഷ്ടിക്കുന ആശങ്ക ന്യൂനപക്ഷ വിഭാഗത്തെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.