സോളാര്‍ മൊഴിയെടുപ്പ് മുഖ്യമന്ത്രിയിലേക്ക് എത്തിച്ചത് കമീഷനിലെ വെളിപ്പെടുത്തലുകള്‍

കൊച്ചി: സോളാര്‍ അഴിമതി  അന്വേഷിക്കുന്ന കമീഷനെ മുഖ്യമന്ത്രിയില്‍നിന്ന് തെളിവെടുക്കണമെന്ന നിഗമനത്തിലേക്ക് എത്തിച്ചത് പ്രതികളുടെയും സാക്ഷികളുടെയും മൊഴികള്‍. സംസ്ഥാനത്ത് ആദ്യമായാണ് ഒരു അന്വേഷണ കമീഷന്‍ മുഖ്യമന്ത്രിയില്‍നിന്ന് തെളിവെടുക്കുന്നത്. കമീഷനുമുന്നില്‍ ആരോപണമുന്നയിക്കാനത്തെിയതാകട്ടെ പ്രതിപക്ഷനേതാവും ഉപനേതാവുമടക്കമുള്ള പ്രമുഖരും. ഇവരുടെ മൊഴികള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയെന്നുപറഞ്ഞ് തള്ളിക്കളയാമെങ്കിലും മുഖ്യപ്രതി ബിജു രാധാകൃഷ്ണനും സാക്ഷികളും ഉന്നയിച്ചകാര്യങ്ങള്‍ തള്ളാന്‍ കഴിയാത്തതാണ്. ഇതാണ് മുഖ്യമന്ത്രിയുടെ മൊഴിയെടുക്കലിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

ബിജു രാധാകൃഷ്ണനാണ് മുഖ്യമന്ത്രിക്കെതിരെ ഏറ്റവും ഗുരുതര ആരോപണമുന്നയിച്ചത്. ഉമ്മന്‍ ചാണ്ടിയുമായി അടുപ്പമുള്ള ജയിംസ് വഴി 2011ല്‍ മുഖ്യമന്ത്രിയുമായി പരിചയത്തിലായ താന്‍ പുതുപ്പള്ളിയിലെ വീട്ടിലും തിരുവനന്തപുരത്തെ ഒൗദ്യോഗിക വസതിയിലും സെക്രട്ടേറിയറ്റിലെ ഓഫിസിലും വെച്ച് പലതവണ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ബിസിനസ് വന്‍തോതില്‍ നടത്താന്‍ സഹായം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തതെന്നുമാണ് ബിജു  മൊഴിനല്‍കിയിരിക്കുന്നത്. ബിസിനസ് വളരുമ്പോള്‍ ലാഭത്തിന്‍െറ 40 ശതമാനം നല്‍കണമെന്നും ഭാവിയില്‍ മകനെ ബിസിനസ് പങ്കാളിയാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടതായും ബിജു ആരോപിക്കുന്നു.

ബിസിനസ് ആവശ്യങ്ങള്‍ക്കായി പേഴ്സനല്‍ സ്റ്റാഫിന്‍െറ സഹായവും ഉറപ്പുവരുത്തി. വിന്‍റ് മില്ല് സ്ഥാപിക്കാന്‍ പാലക്കാട് കിന്‍ഫ്രയില്‍ 70 ഏക്കര്‍ സ്ഥലവും ഇടുക്കിയിലെ കൈലാസപാറയില്‍ 140 ഏക്കര്‍ സ്ഥലവും തരപ്പെടുത്തിനല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് മല്ളേലി ശ്രീധരന്‍ നായരുമായി ബിസിനസ് ധാരണയിലത്തെിയതെന്നാണ് മൊഴി.

ഈ പദ്ധതി പൂര്‍ത്തിയായിരുന്നെങ്കില്‍ 180 കോടിയാണ് ലാഭം പ്രതീക്ഷിച്ചിരുന്നത്. ലാഭം 60:40 അനുപാതത്തില്‍ ടീം സോളാറും മുഖ്യമന്ത്രിയുമായി പങ്കിടാനായിരുന്നു പദ്ധതി. ഈ കണക്കുകൂട്ടലിലാണ് അഞ്ചുകോടി രൂപ മുഖ്യമന്ത്രിക്ക് നല്‍കിയതെന്നും ഇതിനുപുറമെ 55 ലക്ഷം രൂപ അദ്ദേഹം ആവശ്യപ്പെട്ടതുപ്രകാരം പലര്‍ക്കും നല്‍കിയിട്ടുണ്ടെന്നുമാണ് മൊഴി.

ഈ മൊഴിയുടെ അവസാനമാണ് മുഖ്യമന്ത്രിയെയും സരിതയെയും ചേര്‍ത്ത് ബിജു ലൈംഗികാരോപണം ഉന്നയിച്ചതും അതിന്‍െറ തെളിവായുള്ള സീഡി തേടി സോളാര്‍ കമീഷന്‍ സംഘം കോയമ്പത്തൂരിലേക്ക് യാത്രനടത്തി വിവാദമായതും. ബിജുവിന് പുറമെ സോളാര്‍ കമീഷന്‍ ജീവനക്കാര്‍, ജയില്‍ ഗാര്‍ഡ് തുടങ്ങിയവര്‍ നല്‍കിയ മൊഴിയിലും പലവട്ടം മുഖ്യമന്ത്രിയുടെ പേര് കടന്നുവരുന്നുണ്ട്.  തട്ടിപ്പ് കേസില്‍ പ്രതിയായി സരിത ജയിലില്‍ കഴിയവെ മെഡിക്കല്‍ കോളജില്‍ പ്രസവിച്ചുകിടന്നപ്പോള്‍ കാവല്‍ ചുമതലയുണ്ടായിരുന്ന ഷീജ ദാസ്, താന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ വെച്ച് സരിതയെ കാണുകയും തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിഞ്ഞതാണെന്ന് പേഴ്സനല്‍ സ്റ്റാഫ് അംഗം ജോപ്പനെ അറിയിക്കുകയും ചെയ്തതായി മൊഴിനല്‍കിയിട്ടുണ്ട്.

സരിതയുടെ തട്ടിപ്പ് പശ്ചാത്തലം അറിയില്ലായിരുന്നെന്ന മുഖ്യമന്ത്രിയുടെ വാദത്തിനെതിരായാണ് ഈ മൊഴി നില്‍ക്കുന്നത്. 2012 ഡിസംബറില്‍ ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിനത്തെിയ അദ്ദേഹത്തെ കാണാന്‍ സരിത നായര്‍ എത്തിയിരുന്നെന്ന് മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ സഹായി  തോമസ് കുരുവിളയുടെ മൊഴിയുമുണ്ട്. സോളാര്‍ കേസില്‍ പ്രതിയായ മണിലാല്‍, താന്‍ സരിതയുമായി സെക്രട്ടേറിയറ്റില്‍ പോയി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടുലക്ഷം രൂപയുടെ ചെക് നല്‍കിയ കാര്യവും പിന്നീടും സരിതയുമായി സെക്രട്ടേറിയറ്റില്‍ പോയും ബിജു രാധാകൃഷ്ണനുമായി എറണാകുളം ചങ്ങമ്പുഴ പാര്‍ക്കി വെച്ചും എറണാകുളം ഗെസ്റ്റ് ഹൗസില്‍ വെച്ചും മുഖ്യമന്ത്രിയെ കണ്ട കാര്യവും മൊഴി നല്‍കിയിട്ടുണ്ട്്. മണിലാലിനെ ജാമ്യത്തിലിറക്കാന്‍ മുഖ്യമന്ത്രി തൃശൂരിലെ ഒരു എം.എല്‍.എ വഴി സാമ്പത്തിക സഹായമടക്കം നല്‍കിയതായി ഇയാളുടെ സഹോദരന്‍ റിജേഷും മൊഴിനല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയപ്പോള്‍ സരിത കൂടെയുണ്ടായിരുന്നതായി  ടീം സോളാര്‍ ജനറല്‍ മാനേജര്‍ രാജശേഖരന്‍ നായരും മൊഴിനല്‍കിയിട്ടുണ്ട്. പാലായില്‍ ജലനിധിയുടെ ഉദ്ഘാടനത്തിനിടെ സരിത മുഖ്യമന്ത്രിയുടെ ചെവിയില്‍ സ്വകാര്യം പറഞ്ഞതിന്‍െറ വിശദാംശങ്ങളും ഇദ്ദേഹം മൊഴിയായി നല്‍കിയിട്ടുണ്ട്. ജോപ്പന്‍െറ ഫോണില്‍ സരിത മുഖ്യമന്ത്രിയുമായി സംസാരിക്കാറുണ്ടായിരുന്നെന്നും തമ്പാനൂര്‍ രവി വഴി മുഖ്യമന്ത്രി തനിക്ക് പണമത്തെിക്കുന്നതായി സരിത പറഞ്ഞകാര്യവും കമീഷനെ അറിയിച്ചിട്ടുണ്ട്. 2012 ജൂലൈ ഒമ്പതിന് സരിതയുമായും ശ്രീധരന്‍ നായരുമായും കാറില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലത്തെിയ വിവരവും തടസ്സമൊന്നും കൂടാതെ അകത്തുകടക്കാന്‍ ജോപ്പന്‍ സൗകര്യമൊരുക്കിയ കാര്യവുമാണ് സോളാര്‍ ജീവനക്കാരന്‍ മോഹന്‍ ദാസ്, സരിതയുടെ ഡ്രൈവര്‍ ശ്രീജിത് തുടങ്ങിയവര്‍ മൊഴിയായി നല്‍കിയിരിക്കുന്നത്. ഈ മൊഴികളെല്ലാം പരിഗണിച്ചാണ് വിശദീകരണം തേടി മുഖ്യമന്ത്രിക്ക് നോട്ടീസയക്കാനും ഒടുവില്‍ മൊഴിയെടുപ്പിലേക്ക് എത്താനും കമീഷനെ പ്രേരിപ്പിച്ചത്.

2015 ജനുവരി 12ന് സാക്ഷികളില്‍നിന്ന് മൊഴിയെടുക്കല്‍ ആരംഭിച്ച കമീഷന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, സി.പി.എം നേതാവ് പിണറായി വിജയന്‍ തുടങ്ങി120ല്‍ പരം പേരില്‍നിന്ന്  മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 27നാണ്  കാലാവധി അവസാനിക്കുന്നത്.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.