വിപ്ലവമണ്ണില്‍ പ്രതീക്ഷയും ആശങ്കയും സമാസമം

ഒരു തെരഞ്ഞെടുപ്പ് ഫലവും ഒരു മുന്നണിക്കും സ്ഥായിയായ വിജയസൂചകമായി ആലപ്പുഴ നല്‍കിയിട്ടില്ല. കാലാകാലങ്ങളില്‍ മാറിയും മറിഞ്ഞും മുന്നണി രാഷ്ട്രീയത്തെയും പാര്‍ട്ടികളെയും തലോടുന്ന പാരമ്പര്യമാണ് കുറെക്കാലമായി ജില്ല പുലര്‍ത്തുന്നത്. വിപ്ളവ പ്രസ്ഥാനങ്ങള്‍ക്ക് പഴയ ആവേശവും ഉണര്‍വും ഇല്ളെങ്കിലും വ്യക്തമായ സ്വാധീനത്തിന്‍െറ ചുറ്റുപാടുകള്‍ നിലനിര്‍ത്തി വിജയരേഖ മറികടക്കാന്‍ കഴിയുന്ന ശക്തിയുണ്ട്. അതോടൊപ്പം വലതുപക്ഷ രാഷ്ട്രീയവും ജില്ലയില്‍ നിര്‍ണായകംതന്നെ. രണ്ടു മുന്നണികളിലെയും പ്രഗല്ഭമതികളായ നേതാക്കളുടെ ജന്മംകൊണ്ടും പ്രവര്‍ത്തനംകൊണ്ടും ശ്രദ്ധേയമായ നാടാണിത്. രാഷ്ട്രീയത്തിന്‍െറ അടവും തന്ത്രങ്ങളും കൂടുതല്‍ പയറ്റിത്തെളിയുന്ന മണ്ണ്.
നിയമസഭാ തെരഞ്ഞെടുപ്പ് ഇത്തവണ മെച്ചപ്പെട്ട ഗുണംചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇടതു-വലതു മുന്നണികള്‍. 2006ലും 2011ലും അഭിമാനകരമായ വിജയം നേടിയ ഇടതുമുന്നണിക്ക് ഇത്തവണ അത്തരമൊരു ആഗ്രഹം സ്വാഭാവികമായും കൂടുതലായി ഉണ്ടാകും. 2006ല്‍ ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളില്‍ ആറിടത്ത് എല്‍.ഡി.എഫ് വിജയിച്ചിരുന്നു. 2011ല്‍ അത് ഏഴു സീറ്റാക്കി അവര്‍ ഉയര്‍ത്തി. മാത്രമല്ല, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ പ്രമുഖരെ നന്നായി വിയര്‍പ്പിച്ചുകൊണ്ടാണ് 2011ല്‍ വിജയം നല്‍കിയത്. ജില്ലയുടെ തെക്കെന്നോ വടക്കെന്നോ ഭേദമില്ലാതെ ശരാശരി വോട്ടര്‍മാരുടെ ഭൂരിപക്ഷ പിന്തുണ നേടാന്‍ 2011ല്‍ ഇടതുമുന്നണിക്ക് കഴിഞ്ഞിരുന്നു. കായംകുളത്ത് സി.പി.എം നേതാവ് സി.കെ. സദാശിവന്‍ 1315 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ ഒതുങ്ങിയത് ഒഴിച്ചാല്‍ മറ്റ് ആറിടത്തും മോശമല്ലാത്ത ഭൂരിപക്ഷം ഇടതിന് ലഭിച്ചിരുന്നു. ചേര്‍ത്തലയില്‍ അന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന കെ.ആര്‍. ഗൗരിയമ്മയെ പരാജയപ്പെടുത്തി സി.പി.ഐയിലെ പി. തിലോത്തമന്‍ 18,315 വോട്ട് കൂടുതല്‍ നേടിയപ്പോള്‍ അമ്പലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എം. ലിജുവിനെ പിന്തള്ളി ജി. സുധാകരന്‍ 16,580 വോട്ടിന്‍െറ ഭൂരിപക്ഷം നേടി. അരൂരില്‍ എ.എം. ആരിഫിന് 16,852 വോട്ടിന്‍െറയും ആലപ്പുഴയില്‍ ഡോ. തോമസ് ഐസക്കിന് 16,342 വോട്ടിന്‍െറയും ഭൂരിപക്ഷമുണ്ടായി. മാവേലിക്കരയിലും കുട്ടനാട്ടിലും കായംകുളത്തും മാത്രമാണ് താരതമ്യേന ഭൂരിപക്ഷം എല്‍.ഡി.എഫിന് കുറഞ്ഞത്. ഹരിപ്പാടും ചെങ്ങന്നൂരും മാത്രമാണ് യു.ഡി.എഫിന് 2011ല്‍ ലഭിച്ചത്. ലോക്സഭ, 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് എന്നിവയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച യു.ഡി.എഫിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ചില്ല എന്നതാണ് കഴിഞ്ഞ രണ്ടുതവണത്തെയും ശ്രദ്ധേയമായ സംഭവം.
ഇത്തവണ വലിയ മാറ്റങ്ങളാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. ഒമ്പതില്‍ ആറ് സീറ്റെങ്കിലും കൈപ്പിടിയിലൊതുക്കാമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോന്നതിനുശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിന്‍െറ അലയൊലികള്‍ മൗനമായി നിലനില്‍ക്കുന്ന സി.പി.എമ്മിന്‍െറ അവസ്ഥ തങ്ങള്‍ക്ക് ഗുണംചെയ്യുമെന്നാണ് കോണ്‍ഗ്രസിന്‍െറ കണക്കുകൂട്ടലുകളിലൊന്ന്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പിയുടെ ബി.ജെ.പി രാഷ്ട്രീയം ഗുണംചെയ്തില്ളെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് ഇടതുമുന്നണിക്ക് ക്ഷീണമുണ്ടാക്കിയേക്കുമെന്ന ധാരണയും യു.ഡി.എഫ് വെച്ചുപുലര്‍ത്തുന്നുണ്ട്. അതോടൊപ്പം വീരേന്ദ്രകുമാറിന്‍െറ ജനതാദള്‍, ആര്‍.എസ്.പി എന്നീ കക്ഷികള്‍ ഉണ്ടാകുന്നതിലെ നേട്ടവും വിജയസാധ്യതയുടെ കണക്കുകൂട്ടലിലുണ്ട്.
ബി.ജെ.പി രാഷ്ട്രീയത്തിന്‍െറ വലിയ സ്വാധീനം നേരിട്ട് ജില്ലയില്‍ ഇതുവരെ പ്രകടമായിരുന്നില്ല. എന്നാല്‍, എസ്.എന്‍.ഡി.പിയുമായി കൈകോര്‍ത്തുകൊണ്ടുള്ള അവരുടെ നീക്കത്തെ ശക്തമായ ഭാഷയില്‍ ചെറുക്കാനുള്ള ശ്രമങ്ങള്‍ ഇടതുമുന്നണിക്ക് നല്‍കിയ സ്വീകാര്യതയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അവരുടെ മെച്ചപ്പെട്ട വിജയത്തിന് നിദാനമായത്. 2010ല്‍ താഴ്ന്നുപോയ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലത്തില്‍നിന്ന് വലിയരീതിയില്‍ കരകയറാന്‍ ഇടതുമുന്നണിക്ക് ഇതിലൂടെ കഴിഞ്ഞു.
വലിയ നേതൃനിരതന്നെയാണ് ഇത്തവണ യു.ഡി.എഫില്‍ സ്ഥാനാര്‍ഥി ലിസ്റ്റില്‍ കടക്കാന്‍ ആഗ്രഹിച്ച് നില്‍ക്കുന്നത്. കഴിഞ്ഞതവണ പരാജയപ്പെട്ടവര്‍ മാത്രമല്ല, യുവതാരങ്ങള്‍ വരെ അതിലുണ്ട്. ഇടതുമുന്നണിയിലും സ്ഥിതി മറിച്ചല്ല. സി.പി.എം ജില്ലയില്‍ വിഭാഗീയതയുടെ വേരറുത്തുവെന്ന് അവകാശപ്പെടാന്‍ കഴിയുന്ന അവസ്ഥയിലല്ല. വ്യക്തികേന്ദ്രീകൃത ഗ്രൂപ്പിസത്തിന്‍െറ ബലിയാടായി ജില്ല നിലനില്‍ക്കുകയാണ്. അത് വി.എസ്-പിണറായി പക്ഷ രാഷ്ട്രീയത്തെക്കാള്‍ വിഷലിപ്തവുമാണ്. ഈ സാഹചര്യത്തെ മറികടന്നും സി.പി.എമ്മും സി.പി.ഐയുമായുള്ള അപസ്വരങ്ങള്‍ അവസാനിപ്പിച്ചും മാത്രമേ ഇടതു രാഷ്ട്രീയത്തിന് കഴിഞ്ഞതവണത്തെ ചരിത്രം ആവര്‍ത്തിക്കാന്‍ കഴിയൂ. യു.ഡി.എഫും സംസ്ഥാന ഭരണത്തിന്‍െറയും ആലപ്പുഴയുടെ വികസനത്തിന്‍െറയും നേട്ടങ്ങളാണ് നിരത്താന്‍ പോകുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, പി.ഡി.പി എന്നിവയുടെയും ലത്തീന്‍ കത്തോലിക്ക വിഭാഗത്തിന്‍െറ നിലപാടും രണ്ടു മുന്നണികളെയും പല മണ്ഡലങ്ങളിലും സ്വാധീനിക്കും. ഗൗരിയമ്മയുടെ ജെ.എസ്.എസ് ഇടതുമുന്നണിക്കൊപ്പമാണെങ്കിലും പൊതുവെ ദുര്‍ബലമായത് യു.ഡി.എഫിന് ഭീഷണിയുമല്ല.
അഞ്ചുവര്‍ഷം ആലപ്പുഴയെ എങ്ങനെ സംസ്ഥാന ഭരണം കണ്ടു എന്നത് രാഷ്ട്രീയത്തിന് അപ്പുറത്തുള്ള വികസന ഗ്രാഫിന്‍െറ അടയാളമായിരിക്കും. തീരദേശവും കാര്‍ഷികമേഖലയും കയര്‍മേഖലയും ഉള്‍ക്കൊണ്ട ഇടത്തരം-പിന്നാക്ക ജനവിഭാഗങ്ങള്‍ ഏറെയുള്ള ജില്ലയുടെ സാമ്പത്തിക സ്രോതസ്സുകളെ എത്രമാത്രം ഭരണം ശക്തിപ്പെടുത്തി എന്നതും പ്രധാന ചോദ്യമായിരിക്കും. കയര്‍മേഖല നാരുകള്‍ ദ്രവിച്ച് പൊട്ടിവീഴാറായി. കുട്ടനാട് കാര്‍ഷിക മേഖലയില്‍ പാക്കേജ് നല്‍കിയ പ്രതീക്ഷകള്‍ അസ്ഥാനത്തായി.
മത്സ്യമേഖലയില്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചിലത് നടപ്പാക്കുകയും ചെയ്തത് ആശ്വാസകരമാണ്. എന്നാല്‍, ജില്ലയുടെ വ്യവസായ മുഖം കരിവാളിച്ചിരിക്കുന്നു. ഊര്‍ധ്വശ്വാസം വലിക്കുന്ന ഫാക്ടറികളുടെയും തൊഴില്‍ശാലകളുടെയും ദുരവസ്ഥയും അവിടെ പണിയെടുക്കുന്ന തൊഴിലാളികളുടെ ഭാവിയുമെല്ലാം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ നന്നായി കൊഴുപ്പിക്കും. ആലപ്പുഴ മെഡിക്കല്‍ കോളജിന് ലഭിച്ച സാമ്പത്തിക സഹായവും ബൈപാസ് നിര്‍മാണവുമെല്ലാം യു.ഡി.എഫിന് മുന്നോട്ടുവെക്കാവുന്ന മുദ്രാവാക്യങ്ങളാണ്. എന്നാല്‍, കുടിവെള്ളത്തിന്‍െറയും റോഡുകളുടെയും ശോച്യാവസ്ഥ എടുത്തുപറയേണ്ടതും.
രണ്ടു മുന്നണികളും തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിന്‍െറ തിരക്കിലാണ്. ഇടതു-വലതു മുന്നണികളുടെ ജാഥകള്‍ കടന്നുപോകുമ്പോള്‍ ആലപ്പുഴയുടെ തെരഞ്ഞെടുപ്പ് രംഗത്തേക്ക് പുതിയ വിഷയങ്ങളുടെ കാറ്റുവീശും. വി.എസിന്‍െറയും എ.കെ. ആന്‍റണിയുടെയും രമേശ് ചെന്നിത്തലയുടെയും വെള്ളാപ്പള്ളിയുടെയുമൊക്കെ തട്ടകത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് എന്തായാലും അഭിമാനത്തിന്‍െറ പോരാട്ടംകൂടിയായിരിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.