കോഴിക്കോട്: ലോട്ടറി മാഫിയ രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന്‍െറ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതു സംബന്ധിച്ച കേസില്‍ സര്‍ക്കാറിനെതിരെ ഹാജരായതോടെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി എം.കെ. ദാമോദരനെ നിയമിച്ച നടപടി വിവാദത്തില്‍. ദാമോദരന്‍െറ നിയമനം ഭരണഘടനാ വിരുദ്ധമാണെന്നും ഭരണഘടനയോടുള്ള അവഹേളനമാണെന്നും നിയമവൃത്തങ്ങളില്‍ അഭിപ്രായമുണ്ട്. ഭരണഘടനാ പദവിയായ അഡ്വക്കറ്റ് ജനറല്‍ ഉണ്ടായിരിക്കെയാണ് അതിനു മുകളിലെന്നു തോന്നിക്കും വിധം മുഖ്യമന്ത്രിക്ക് നിയമോപദേഷ്ടാവിനെ വെച്ചത്. കേന്ദ്ര സര്‍ക്കാറിന് നിയമോപദേശം നല്‍കാന്‍ അറ്റോണി ജനറലും സംസ്ഥാനങ്ങളില്‍ അഡ്വക്കറ്റ് ജനറലും ഉണ്ട്.
ഇതു ഭരണഘടനാ പദവികളാണ്. ഒരു സംസ്ഥാനവും അഡ്വക്കറ്റ് ജനറലിനു മുകളില്‍ ഉപദേഷ്ടാവിനെ വെച്ചിട്ടില്ല. അങ്ങനെ വെക്കുന്നത് എ.ജിയെ കൊച്ചാക്കുന്നതിനു തുല്യമാണ്. ഭരണഘടനാ പദവിയെ താഴ്ത്തിക്കെട്ടലും അപ്രസക്തമാക്കലുമാണ്. മുഖ്യമന്ത്രിക്ക് നിയമോപദേശം വേണമെങ്കില്‍ അഡ്വക്കറ്റ് ജനറലിനോട് ആവശ്യപ്പെടാവുന്നതാണ്. എം.കെ. ദാമോദരനെയാണ് വിശ്വാസമെങ്കില്‍ അദ്ദേഹത്തെ അഡ്വക്കറ്റ് ജനറലായി നിയമിക്കാം. അതു ചെയ്യാതെ ഭരണഘടനാ ബാഹ്യശക്തിയായി അദ്ദേഹത്തെ കൊണ്ടുവന്നത് കീഴ്വഴക്കങ്ങളുടെ ലംഘനം കൂടിയാണ്. പ്രതിഫലം വാങ്ങാതെയാണ് നിയമനം എന്ന സര്‍ക്കാറിന്‍െറ വാദം അങ്ങേയറ്റം പരിഹാസ്യമാണ്. സാന്‍റിയാഗോ മാര്‍ട്ടിനോട് പ്രതിഫലം വാങ്ങിയും മുഖ്യമന്ത്രിയോട് വാങ്ങാതെയും നിയമോപദേശം കൊടുക്കുന്ന ദാമോദരന്‍െറ താല്‍പര്യങ്ങള്‍ സംസ്ഥാന താല്‍പര്യത്തിന് അനുകൂലമാകുമെന്ന് ആരും വാദിക്കാന്‍ ഇടയില്ല. മാര്‍ട്ടിനെതിരെ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത 32 കേസുകളില്‍ 22 എണ്ണം വേണ്ടെന്നുവെച്ചതിനെതിരെ കേരള സര്‍ക്കാര്‍ കൊടുത്ത ഹരജി കോടതിയിലിരിക്കെയാണ് സര്‍ക്കാറിനെതിരെ ദാമോദരന്‍ ഹാജരായത്. കേരള സര്‍ക്കാറിന് എതിരെ നിരവധി കേസുകള്‍ ദാമോദരന്‍െറ നിയമ കമ്പനി നടത്തുന്നുണ്ട്.
അതിലൊക്കെ സര്‍ക്കാര്‍ ഫയലുകള്‍ കാണാനും സര്‍ക്കാറിനുവേണ്ടി ഹാജരാകുന്നവര്‍ക്ക് നിര്‍ദേശം നല്‍കാനും ദാമോദരന് കഴിയും. സ്വാഭാവികമായും സര്‍ക്കാര്‍ ഭാഗം ദുര്‍ബലമാകും. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ആയതിനാല്‍ എ.ജി അടക്കം ദാമോദരന്‍െറ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ നിര്‍ബന്ധിതമാകും.
നായനാര്‍ സര്‍ക്കാറിന്‍െറ കാലത്ത് അഡ്വക്കറ്റ് ജനറല്‍ ആയിരുന്ന എം.കെ. ദാമോദരനെതിരെ ഐസ്ക്രീം കേസുമായി ബന്ധപ്പെട്ടു ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം സുപ്രീംകോടതി ഐസ്ക്രീം കേസിന്‍െറ വിധിപറഞ്ഞ ദിവസം കേസ് അട്ടിമറിച്ചതിനു പ്രതിക്കൂട്ടിലായ വ്യക്തിയാണ് കേരളത്തില്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവെന്ന് വി.എസ്. അച്യുതാനന്ദന്‍െറ അഭിഭാഷകന്‍ ആര്‍. സതീഷ് കോടതിയില്‍ പറഞ്ഞിരുന്നു.
വിവാദപുരുഷനായ ഒരാളെ അഡ്വക്കറ്റ് ജനറല്‍ ആക്കി പുലിവാല്‍ പിടിക്കേണ്ടെന്നു കരുതിയാകണം അദ്ദേഹത്തെ സര്‍ക്കാര്‍ ആ സ്ഥാനത്തു കൊണ്ടുവരാതിരുന്നത്. എന്നാല്‍, നിയമോപദേഷ്ടാവ് പദവി അദ്ദേഹത്തിന് നല്‍കിയത് തീക്കൊള്ളികൊണ്ടു തല ചൊറിഞ്ഞതിനു തുല്യമായിരിക്കുകയാണ്.
പിണറായി വിജയന് വ്യക്തിപരമായി ദാമോദരനില്‍നിന്നു നിയമോപദേശം തേടാം.
എന്നാല്‍, മുഖ്യമന്ത്രി അങ്ങനെ ചെയ്യുന്നതു സംസ്ഥാന താല്‍പര്യത്തിന് ഗുണകരമല്ളെന്നും എ.ജി ക്കു മുകളില്‍ ഒരു ഭരണഘടനാ ബാഹ്യശക്തി അധികാര പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്നതു വലിയ തോതില്‍ ദോഷം ചെയ്യുമെന്നുമാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.