ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് സാധ്യത

തിരുവനന്തപുരം: മുന്‍മന്ത്രി കെ.എം. മാണിക്കെതിരായ  ബാര്‍ കോഴക്കേസില്‍ വീണ്ടും തുടരന്വേഷണത്തിന് സാധ്യത. ഇതുമായി ബന്ധപ്പെട്ട നിയമോപദേശം വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസിന് ലഭ്യമായിട്ടുണ്ടെങ്കിലും അന്തിമതീരുമാനമായില്ല. ആദ്യ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് നിയമോപദേശകന്‍െറ വിലയിരുത്തല്‍.

ഇത് കോടതിക്കും ബോധ്യമായ സാഹചര്യത്തിലാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. അതിലും പാളിച്ചകള്‍ സംഭവിച്ചതായി നിയമോപദേശകന്‍ പറയുന്നു. ഈ സാഹചര്യത്തില്‍ വേണമെങ്കില്‍ ഒരിക്കല്‍കൂടി തുടരന്വേഷണമാകാമെന്നാണ് വിജിലന്‍സ് ലീഗല്‍ അഡൈ്വ സര്‍ അഡ്വ. സി.സി. അഗസ്റ്റിന്‍ നല്‍കിയ ഉപദേശം.
ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശ് തെളിവായി നല്‍കിയ ശബ്ദരേഖ പരിശോധിക്കണമെന്നായിരുന്നു തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ പ്രധാന നിര്‍ദേശം.

എന്നാല്‍, എഡിറ്റ് ചെയ്ത ശബ്ദരേഖ പരിശോധിക്കേണ്ടതില്ളെന്ന നിലപാടാണ് തുടരന്വേഷണത്തില്‍ വിജിലന്‍സ് സ്വീകരിച്ചത്. ഇതില്‍ അപാകതയുണ്ടെന്ന നിരീക്ഷണമാണ് നിയമോപദേശത്തിലുള്ളതത്രെ. എന്നാല്‍, ഇതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ജേക്കബ് തോമസാണ്. അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി ആര്‍. സുകേശന്‍െറ നിലപാട് കൂടി ആരാഞ്ഞശേഷമാകും അന്തിമതീരുമാനമെന്നറിയുന്നു.

വിജിലന്‍സ് സമര്‍പ്പിച്ച പുനരന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ കോടതിയില്‍ വിചാരണ ആരംഭിച്ചിട്ടുണ്ട്. എന്നാലും അന്വേഷണ ഉദ്യോഗസ്ഥന് വേണമെങ്കില്‍ വീണ്ടും അന്വേഷണം നടത്താന്‍ കോടതിയെ സമീപിക്കുന്നതിനുള്ള അധികാരം വിജിലന്‍സ് മാന്വല്‍ നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വേണമെങ്കില്‍ വിജിലന്‍സിന് തുടരന്വേഷണത്തിന് അപേക്ഷ നല്‍കാം.

എന്നാല്‍, രണ്ടുതവണ അന്വേഷിച്ച കേസില്‍ വീണ്ടുമൊരന്വേഷണത്തിന് എസ്.പി സുകേശന്‍ തയാറാകുമോയെന്ന് വ്യക്തമല്ല. അടുത്തയാഴ്ച ബാര്‍ കോഴക്കേസ് വീണ്ടും വിജിലന്‍സ് കോടതിയുടെ പരിഗണനക്ക് വരും. അപ്പോള്‍ നിലപാട് വ്യക്തമാക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.