മന്ത്രി സുധാകരന്‍െറ ഇടപെടല്‍; പ്രതിപക്ഷം ആദ്യമായി നടുത്തളത്തില്‍

തിരുവനന്തപുരം: മന്ത്രി ജി. സുധാകരന്‍െറ ഇടപെടല്‍ നടുത്തളത്തിലിറങ്ങിയുള്ള ആദ്യ പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായി. ക്രമസമാധാന തകര്‍ച്ച ചൂണ്ടിക്കാട്ടിയുള്ള അടിയന്തരപ്രമേയനോട്ടീസിന് അനുമതി നിഷേധിച്ചതിനെതുടര്‍ന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രസംഗിക്കുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. പ്രസംഗത്തില്‍ ഇടപെട്ട സുധാകരന്‍ ആംഗ്യങ്ങളിലൂടെ ചെന്നിത്തലയെ അപമാനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഒടുവില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രതിപക്ഷത്തെ സമാധാനിപ്പിച്ച് സീറ്റിലേക്ക് മടക്കി. തുടര്‍ന്ന് സഭാനടപടികള്‍ പുനരാരംഭിച്ചു.

അടിയന്തരപ്രമേയനോട്ടീസ് പരിഗണനക്കെടുത്തതുമുതല്‍ തര്‍ക്കങ്ങളും തുടങ്ങിയിരുന്നു. മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍,  നോട്ടീസില്‍ ഉന്നയിച്ച ഓരോ ആരോപണത്തിനും മറുപടി പറയാന്‍ തുടങ്ങിയതിനെതിരെ പി.സി. ജോര്‍ജ് രംഗത്തുവന്നു. അടിയന്തരപ്രമേയമായി ഒരു വിഷയം മാത്രമേ ചര്‍ച്ച ചെയ്യാനാവൂയെന്നും നോട്ടീസില്‍ നിരവധി കാര്യങ്ങളുണ്ടെന്നും ജോര്‍ജും മന്ത്രി എ.കെ. ബാലനും ചൂണ്ടിക്കാട്ടി. ഇതിനെതിരെ  കെ.സി. ജോസഫും വി.ഡി. സതീശനും രംഗത്തത്തെി. പയ്യന്നൂരിലെ അക്രമസംഭവമാണ് നോട്ടീസിലുള്ളതെന്ന് സ്പീക്കറും ക്രമസമാധാനതകര്‍ച്ചയാണ് വിഷയമെന്ന് മുരളീധരനും അറിയിച്ചു.
  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംസാരിച്ചുതുടങ്ങിയപ്പോഴാണ് വീണ്ടും പ്രശ്നങ്ങള്‍ ആരംഭിച്ചത്. ആഭ്യന്തരമന്ത്രി പൊലീസ് എഴുതിത്തരുന്നത് മാത്രം പറഞ്ഞാല്‍ പോരാ, സ്വന്തം സോഴ്സുകളില്‍ നിന്നുകൂടി വിവരം ശേഖരിക്കണമെന്ന് ചെന്നിത്തല പറഞ്ഞു.

ഇതിനെ ചോദ്യംചെയ്ത മന്ത്രി എ.കെ. ബാലന്‍ ഉദ്യോഗസ്ഥര്‍ എഴുതിത്തരുന്നത് പറയാനാണ് മന്ത്രിമാര്‍ ബാധ്യസ്ഥരെന്ന് ചൂണ്ടിക്കാട്ടി. സ്വന്തം സോഴ്സുകള്‍ ചെന്നിത്തല ഉപയോഗിച്ചതിനാലാണ് തൃശൂരില്‍ നടന്ന മൂന്ന് കൊലപാതകങ്ങള്‍ അറിയാതെപോയതെന്നും അദ്ദേഹം പരിഹസിച്ചു. ഡി.ജി.പി സെന്‍കുമാറിനെ മാറ്റിയതിനെക്കുറിച്ച് രമേശ് പരാമര്‍ശിച്ചപ്പോഴാണ് മന്ത്രി സുധാകരന്‍ ക്രമപ്രശ്നവുമായി എഴുന്നേറ്റത്. പ്രതിപക്ഷം എന്തൊക്കെയാണ് പറയുന്നതെന്നും ഇങ്ങനെയൊക്കെയാണോ പ്രതിപക്ഷനേതാവ് സംസാരിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. തുടര്‍ന്ന് ചെന്നിത്തലക്ക് വിവരമില്ളെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ആംഗ്യം കാട്ടി. ഇതോടെ പ്രതിപക്ഷം പ്രകോപിതരായി. അവര്‍ ഒന്നടങ്കം നടുത്തളത്തിലിറങ്ങി.

സ്പീക്കറുടെ ഡയസിന് മുന്നില്‍ നിന്ന് പ്രതിഷേധിച്ച പ്രതിപക്ഷത്തോട് രേഖയില്‍ ഇല്ലാത്തത് നീക്കാനാവില്ളെന്ന് സ്പീക്കര്‍  വ്യക്തമാക്കി. പ്രതിപക്ഷനേതാവിനെ അപമാനിച്ച ആംഗ്യം മന്ത്രി പിന്‍വലിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഉച്ചഭാഷിണിയില്‍ കൂടി പറയുന്നത് മാത്രമേ രേഖയില്‍ ഉണ്ടാകൂവെന്ന് സ്പീക്കര്‍ അറിയിച്ചതും പ്രതിപക്ഷത്തെ തൃപ്തിപ്പെടുത്തിയില്ല. ഉച്ചഭാഷിണിയിലൂടെ പറയാത്തതെന്തും ഇവിടെ ആകാമോയെന്ന് വി.ഡി. സതീശന്‍ സംശയം പ്രകടിപ്പിച്ചു.

ഒരാള്‍ തുണിയഴിച്ച് തലയില്‍കെട്ടിയാല്‍ അംഗീകരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. അതോടെ സ്പീക്കര്‍ നിലപാട് മാറ്റുകയും വിഡിയോ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കുകയും ചെയ്തു. അതോടെ പ്രതിപക്ഷം പ്രതിഷേധത്തില്‍ നിന്ന് പിന്‍വാങ്ങി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.