????. ??.??. ??????????

എം.കെ. ദാമോദരന്‍ പ്രശ്നം സി.പി.എമ്മില്‍ പുകയുന്നു

കോഴിക്കോട്: എം.കെ. ദാമോദരന്‍െറ നിയമോപദേശക പദവി സി.പി.എമ്മില്‍ പുകയുന്നു. പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളില്‍ ഇതു സജീവ ചര്‍ച്ചാവിഷയമാണ്. സംസ്ഥാന സെക്രട്ടേറിയറ്റില്‍ അടക്കം നേതൃനിരയില്‍ കടുത്ത അസ്വാസ്ഥ്യവുമുണ്ട്. പിണറായി വിജയന്‍െറ അപ്രീതിക്ക് പാത്രമാകുമോ എന്ന ആശങ്കയില്‍ എല്ലാവരും നിശ്ശബ്ദത പാലിക്കുന്നു എന്നുമാത്രം. ഇ.കെ. നായനാര്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് അഡ്വക്കറ്റ് ജനറല്‍ പദവി വഹിച്ച  ദാമോദരന്‍െറ പ്രവൃത്തികള്‍ മുമ്പ് പാര്‍ട്ടിയില്‍ കടുത്ത വിമര്‍ശത്തിന് ഇടയായതാണ്. ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ സാമ്പത്തിക ആരോപണം വരെ ഉന്നയിക്കപ്പെട്ടിരുന്നു.

ഈ വിവാദങ്ങള്‍  വീണ്ടും ഉയര്‍ന്നുവരുമെന്ന ആശങ്കയാണ്  ഭരണഘടനാ പദവിയായ അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്തു ദാമോദരന്‍ അവരോധിക്കപ്പെടാതിരിക്കാന്‍ കാരണം. എന്നാല്‍, മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന പദവി ഇടതുസര്‍ക്കാര്‍ അദ്ദേഹത്തിന് നല്‍കി. ശമ്പളം വാങ്ങുന്നില്ല എന്നതാണ് ഈ ജോലിയുടെ മഹത്ത്വമായി എടുത്തുകാട്ടുന്നത്. നിയമസഭയില്‍ ദാമോദരന്‍ പ്രശ്നം ഉന്നയിക്കപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിക്ക് പറയാന്‍ ഉണ്ടായിരുന്ന ഏക ന്യായീകരണം ഇതായിരുന്നു. ബാലിശമായ ഒരു വാദമായാണ് ഇതു വ്യാഖ്യാനിക്കപ്പെടുന്നത്. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവിന്‍െറ പദവിയിലിരിക്കെ സര്‍ക്കാറിനെതിരായ കേസുകള്‍ ദാമോദരന്‍െറ നിയമ കമ്പനി ഏറ്റെടുക്കുകയും ദാമോദരന്‍ തന്നെ ചില കേസുകളില്‍ ഹാജരാകുകയും ചെയ്യുന്നുണ്ട്.

ലോട്ടറി മാഫിയ രാജാവായി അറിയപ്പെടുന്ന സാന്‍റിയാഗോ മാര്‍ട്ടിന്‍െറ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍െറ നടപടിയില്‍ മാര്‍ട്ടിന് വേണ്ടി ഒന്നിലധികം തവണ ദാമോദരന്‍ കോടതിയില്‍ ഹാജരായി. ഈ കേസില്‍ എതിര്‍കക്ഷി സംസ്ഥാന സര്‍ക്കാറല്ല, കേന്ദ്രമാണ് എന്ന ദുര്‍ബലവാദമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. മാര്‍ട്ടിനും സംസ്ഥാന സര്‍ക്കാറും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന നിയമയുദ്ധങ്ങള്‍ അറിയാത്ത ആളല്ല കോടിയേരി. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കശുവണ്ടി അഴിമതിക്കേസിലെ പ്രതി ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍െറ വക്കാലത്തു ദാമോദരന്‍െറ നിയമ കമ്പനിക്കാണ്. പാറമട ഉടമകളുടെ കേസും ദാമോദരനെയാണ് ഏല്‍പിച്ചത്. ഈ രീതിയില്‍ പോയാല്‍ സംസ്ഥാന സര്‍ക്കാറിനെതിരായ കേസുകള്‍ എം.കെ. ദാമോദരനെ ഏല്‍പിക്കാന്‍ കക്ഷികള്‍ ക്യൂ നില്‍ക്കുമെന്നുറപ്പ്.

മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് എന്ന നിലയില്‍ കിട്ടാവുന്ന പ്രതിഫലത്തിന്‍െറ എത്രയോ ഇരട്ടി ഇത്തരം കക്ഷികളില്‍ നിന്നു ലഭിക്കും. ചുരുക്കത്തില്‍ നിയമോപദേശക പദവി ദാമോദരന് അലങ്കാരം മാത്രമല്ല. അല്ളെങ്കില്‍ ഇത്രമാത്രം വിവാദങ്ങള്‍ ഉണ്ടായ സ്ഥിതിക്ക് അദ്ദേഹത്തിന് സ്വയം ഒഴിഞ്ഞു മാതൃക കാണിക്കാമായിരുന്നു. അങ്ങനെ ദാമോദരന്‍ മാതൃക കാണിക്കുമെന്ന് ആനത്തലവട്ടം ആനന്ദനെ പോലുള്ള മുതിര്‍ന്ന സി.പി.എം നേതാക്കള്‍ ചാനല്‍ ചര്‍ച്ചയില്‍ പ്രത്യാശ പ്രകടിപ്പിച്ചതാണ്.

പക്ഷേ, ഇതുവരെ അതു സംഭവിച്ചിട്ടില്ല. ലാവലിന്‍ കേസില്‍ പിണറായി വിജയന് വേണ്ടി കോടതിയില്‍ ഹാജരായതും വിചാരണ നടക്കും മുമ്പ് തള്ളിച്ചതും എം.കെ. ദാമോദരനാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രി ആയ ശേഷവും വ്യക്തിപരമായി ദാമോദരന്‍െറ നിയമോപദേശം അദ്ദേഹത്തിന് തേടാവുന്നതാണ്. എന്നാല്‍, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി അദ്ദേഹത്തെ നിയമിച്ചത് അനുചിതവും ഭരണഘടനാ വിരുദ്ധവുമാണ്. കാരണം, മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമെല്ലാം നിയമോപദേശം നല്‍കാന്‍ അഡ്വക്കറ്റ് ജനറല്‍ ഇവിടെയുണ്ട്. എ.ജി ഉള്ളപ്പോള്‍ മറ്റൊരാളെ ഉപദേഷ്ടാവായി നിയമിക്കുന്നത് ആ പദവിയെ അപമാനിക്കുന്നതിനു തുല്യമാണ്.

ഇടതുമുന്നണിയില്‍ സി.പി.ഐക്ക് ഇക്കാര്യത്തില്‍ എതിരഭിപ്രായം ഉണ്ടെന്നാണ് കേള്‍വി. ചൊവ്വാഴ്ച നടക്കുന്ന മുന്നണി യോഗത്തില്‍ അവരതു ഉന്നയിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അതു നിഷേധിച്ചു. സി.പി.ഐ അങ്ങനെയൊരു കാര്യം ചര്‍ച്ച ചെയ്തിട്ടില്ളെന്ന് കാനം മാധ്യമത്തോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.