മാണി പ്രതിഷേധത്തില്‍; യു.ഡി.എഫ് യോഗം ബഹിഷ്കരിച്ചു

തിരുവനന്തപുരം: യു.ഡി.എഫ് കക്ഷിനേതാക്കളുടെ യോഗം കേരള കോണ്‍ഗ്രസ്-എം ബഹിഷ്കരിച്ചു. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ വീണിരിക്കെ, ഈ വിട്ടുനില്‍ക്കലിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. കഴിഞ്ഞ മുന്നണിയോഗത്തിലും കെ.എം. മാണി പങ്കെടുത്തിരുന്നില്ളെങ്കിലും പാര്‍ട്ടി പ്രതിനിധിയെ അയച്ചിരുന്നു. എന്നാല്‍, നിലപാട് കടുപ്പിച്ച മാണി ഗ്രൂപ് തിങ്കളാഴ്ചത്തെ  യോഗം പൂര്‍ണമായും ബഹിഷ്കരിക്കുകയായിരുന്നു. ഇതിനെതുടര്‍ന്ന് മാണിഗ്രൂപ്പിന്‍െറ അതൃപ്തി മാറ്റാന്‍ അവരുമായി അടിയന്തര ചര്‍ച്ച നടത്താന്‍ മുന്നണി യോഗത്തില്‍ ധാരണയായി.

മാണിക്കെതിരായ ബാര്‍കോഴ ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസിന്‍െറ ഗൂഢാലോചനയാണെന്നാണ് മാണിഗ്രൂപ്പിന്‍െറ ആക്ഷേപം. മുമ്പ് രഹസ്യമായി ഉന്നയിച്ചിരുന്ന ഈ ആരോപണം അടുത്തിടെ പാര്‍ട്ടി പ്രസിദ്ധീകരണത്തിലൂടെ പരസ്യമാക്കി. തുടര്‍ന്ന്  നേതാക്കള്‍ അക്കാര്യം ശരിവെക്കുകയും ചെയ്തു. തന്നെ അഴിമതിക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച  രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായതിലും മാണിക്ക് വിയോജിപ്പുണ്ട്. കഴിഞ്ഞ സര്‍ക്കാറിന്‍െറ തുടക്കം മുതല്‍, തന്നെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം കോണ്‍ഗ്രസ് ആരംഭിക്കുകയും അവസാനം വലിയൊരു ഗൂഢാലോചനയിലൂടെ തന്നെ കുരുക്കുകയും ചെയ്തെന്നാണ് മാണിയുടെ പരാതി. ഇക്കാര്യങ്ങളില്‍ ചര്‍ച്ചയും തീരുമാനമില്ലാതെ മുന്നണി യോഗത്തില്‍ പങ്കെടുത്തിട്ട് കാര്യമില്ളെന്ന സമീപനവുമാണ് അദ്ദേഹത്തിന്‍േറത്. കഴിഞ്ഞ യോഗത്തില്‍ സംബന്ധിച്ച ജോയി എബ്രഹാം തങ്ങളുടെ അതൃപ്തിയും നിലപാടും അറിയിച്ചിരുന്നു. എന്നാല്‍, അതിനെ ഗൗരവമായി കണ്ട് പ്രശ്നപരിഹാരത്തിന് കോണ്‍ഗ്രസ് നേതൃത്വം തയാറായില്ല. ഇതിനെതുടര്‍ന്നാണ് നിലപാട് കടുപ്പിക്കാന്‍ മാണി നിര്‍ബന്ധിതമായത്. പി.ജെ. ജോസഫ് തിങ്കളാഴ്ച തലസ്ഥാനത്ത് ഉണ്ടായിരുന്നിട്ടും യോഗത്തിനത്തെിയില്ല.

 മാണിഗ്രൂപ്  ഇടഞ്ഞതോടെ ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതിന് കോണ്‍ഗ്രസ് നേതാക്കള്‍ ഉടന്‍ മാണിയെ കാണും. തിങ്കളാഴ്ച  യോഗത്തിനിടെതന്നെ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മാണിയുമായി ടെലിഫോണില്‍ സംസാരിച്ചു. അദ്ദേഹത്തിന്‍െറ കൂടി സൗകര്യം പരിഗണിച്ചാണ് നാലിന് സെക്രട്ടേറിയറ്റിന് മുന്നില്‍ മുന്നണി എം.എല്‍.എമാരുടെ ധര്‍ണയും തുടര്‍ന്ന് നേതൃയോഗവും നടത്താന്‍ തീരുമാനിച്ചത്. തിങ്കളാഴ്ച യോഗത്തിനത്തെില്ളെന്ന് മാണി നേരിട്ട് അറിയിച്ചിരുന്നില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ എടുക്കാന്‍ പോലും ആദ്യം തയാറായതുമില്ല. പിന്നീട് അദ്ദേഹത്തിന്‍െറ സഹചാരികളിലൊരാള്‍ വ്യക്തിപരമായ അസൗകര്യം മൂലം മാണി വരില്ളെന്ന് അറിയിക്കുകയായിരുന്നു. ഇതിനെതുടര്‍ന്ന് യോഗം മാറ്റിവെക്കാന്‍  ആലോച്ചെങ്കിലും അതു മറ്റൊരു വിവാദത്തിന് വഴിവെക്കുമെന്ന  അഭിപ്രായം ഉയര്‍ന്നതോടെ യോഗം ചേരാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീടാണ് പി.കെ. കുഞ്ഞാലിക്കുട്ടിയും തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയും മാണിയുമായി സംസാരിച്ചത്. ഇതോടെ അടുത്ത യോഗത്തില്‍ പങ്കെടുക്കാമെന്ന് മാണി സമ്മതിച്ചു.  പ്രശ്നങ്ങള്‍ പരിഹരിക്കാതെ മുന്നോട്ടുപോകാനാവില്ളെന്ന് കുഞ്ഞാലിക്കുട്ടി യോഗത്തില്‍ വ്യക്തമാക്കി. മറ്റു നേതാക്കളും അതിനോട് യോജിച്ചു.

പാര്‍ട്ടികള്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാമെങ്കിലും മുന്നണിവിടുന്ന തരത്തിലുള്ള ഗൗരവമായ പ്രശ്നങ്ങള്‍ ഇല്ളെന്ന് യോഗശേഷം കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചു.  ജെ.ഡി.യു സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ്, നേമത്തെ നാണംകെട്ട തോല്‍വിയുടെ കാരണങ്ങള്‍ വിശദീകരിക്കുന്ന കെ.പി.സി.സി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്ന അച്ചടക്കനടപടി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, അത്തരം ഒരു നിര്‍ദേശവും റിപ്പോര്‍ട്ടിലില്ളെന്ന് പ്രസിഡന്‍റ് വി.എം. സുധീരന്‍  അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.