മുല്ലപ്പെരിയാറിനും അതിരപ്പിള്ളിക്കും പിന്നാലെ മൂന്നാറും; വിവാദങ്ങള്‍ പിന്തുടര്‍ന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍, അതിരപ്പിള്ളിക്ക് പിന്നാലെ കൈയേറ്റം ഒഴിപ്പിക്കല്‍ വിവാദത്തില്‍പെട്ട് എല്‍.ഡി.എഫ്. മുല്ലപ്പെരിയാര്‍ അണക്കെട്ട്, അതിരപ്പിള്ളി ജല വൈദ്യുതി പദ്ധതി വിവാദങ്ങളില്‍ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും സി.പി.ഐ നേതൃത്വവും ആയിരുന്നു പങ്കാളികളെങ്കില്‍ പുതിയ വിവാദത്തിന് തുടക്കമിട്ടത് ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രനാണ്. മൂന്നാറിനോട് ചേര്‍ന്ന എട്ട് വില്ളേജുകളില്‍ അനധികൃത കൈയേറ്റത്തിനും നിര്‍മാണത്തിനും എതിരായ ദേവികുളം ആര്‍.ഡി.ഒയുടെ നടപടി നിര്‍ത്തിവെക്കണമെന്നാണ് രാജേന്ദ്രന്‍െറ ആവശ്യം. പരിസ്ഥിതി വിഷയത്തില്‍ മുന്നണിക്കകത്തും പുറത്തുമായി വിവാദം തുടരുമ്പോഴാണ് അനധികൃത നിര്‍മാണം ഒഴിപ്പിക്കലിനെതിരെ സി.പി.എം എം.എല്‍.എതന്നെ രംഗത്തത്തെിയത്.

പുതിയ സര്‍ക്കാര്‍ നയം പറയുന്നതിന് മുമ്പേ ജില്ലാ ഭരണകൂടം നടത്തുന്ന നടപടി നിര്‍ത്തിവെക്കണമെന്നാണ് രാജേന്ദ്രന്‍െറ ആവശ്യം. റവന്യൂ വകുപ്പിന് എതിരായ സി.പി.എം എം.എല്‍.എയുടെ നിലപാടിനെതിരെ വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐയോ വകുപ്പ് മന്ത്രിയോ പക്ഷേ പ്രതികരിച്ചിട്ടില്ല. 2006 ലെ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാറിന്‍െറ മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ ദൗത്യത്തിനെതിരെ പരസ്യമായി രംഗത്തുവന്ന എം.എല്‍.എയാണ് രാജേന്ദ്രന്‍. അന്ന് മൂന്നാര്‍ ദൗത്യസംഘം സി.പി.ഐ, സി.പി.എം പാര്‍ട്ടി ഓഫിസുകളുടെ കൈയേറ്റത്തിനെതിരെ നിലപാട് എടുത്തതോടെ ഇരുപാര്‍ട്ടി നേതൃത്വവും രംഗത്തത്തെി.

മുഖ്യമന്ത്രിയായിരുന്ന വി.എസിനെ വെല്ലുവിളിക്കുന്നതില്‍ വരെ എതിര്‍പ്പത്തെി. ദൗത്യംതന്നെ പാതിവഴിയില്‍ നിലച്ചു. എന്നാല്‍, യു.ഡി.എഫ് സര്‍ക്കാറിന്‍െറ ഭൂമി ദാനവും കൈയേറ്റത്തിനുള്ള ഒത്താശയും തെരഞ്ഞെടുപ്പില്‍ വലിയ പ്രചാരണ വിഷയമാക്കിയാണ് എല്‍.ഡി.എഫ് അധികാരത്തില്‍ വന്നത്. ആഴ്ചക്കകം ഭരണപക്ഷ എം.എല്‍.എയുടെ പ്രസ്താവനയില്‍ മുന്നണി നേതൃത്വവും സര്‍ക്കാറും സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്. കഴിഞ്ഞ സര്‍ക്കാറിന്‍െറ അവസാന കാലത്തെ വിവാദ ഉത്തരവുകള്‍ പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപവത്കരിച്ചിരിക്കേ സ്വന്തം എം.എല്‍.എ ഉദ്യോഗസ്ഥര്‍ക്കെതിരെ രംഗത്തുവന്നത് സര്‍ക്കാറിന് ക്ഷീണമാണെന്ന അഭിപ്രായം ഘടകകക്ഷിക്കുണ്ട്.  

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍െറ പ്രസ്താവനയാണ് ആദ്യ വിവാദത്തിന് തുടക്കമിട്ടത്. ഭരണപക്ഷവും പ്രതിപക്ഷവും രംഗത്തത്തെിയതോടെ നിലപാട് വിശദീകരിച്ച് മുഖ്യമന്ത്രി വിവാദത്തിന് തടയിട്ടു. അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയില്‍ സി.പി.എം - സി.പി.ഐ നേതൃത്വങ്ങള്‍ തമ്മില്‍ പ്രസ്താവനാ യുദ്ധം പൊട്ടിപുറപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.