പുനരുജ്ജീവന ശ്രമമില്ല; ‘ത്രിമൂര്‍ത്തികള്‍’ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ പരസ്പര സഹകരണത്തില്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്തതോല്‍വിയോടെ മരവിപ്പിലായ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനാവശ്യമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച കോണ്‍ഗ്രസ്  നേതാക്കളും പ്രവര്‍ത്തകരും നിരാശയില്‍. രണ്ടു  ദിവസത്തെ ക്യാമ്പ് നിര്‍വാഹകസമിതിയിലെ ചര്‍ച്ച കേവലം ചില വ്യക്തികളെ ഉന്നമിട്ട് നടന്നുവെന്നതൊഴിച്ചാല്‍ തോല്‍വിയുടെ യഥാര്‍ഥ കാരണങ്ങള്‍ കണ്ടത്തൊനോ അതു മറികടക്കാനുള്ള തന്ത്രങ്ങള്‍ക്ക് രൂപംനല്‍കാനോ ശ്രമിച്ചില്ളെന്നാണ് പരാതി. വിമര്‍ശങ്ങള്‍ ഉയര്‍ന്നതോടെ സംസ്ഥാനത്ത് പാര്‍ട്ടിയെ നയിക്കുന്ന ‘ത്രിമൂര്‍ത്തികള്‍’ സ്വന്തം അധികാരമേല്‍ക്കോയ്മ നിലനിര്‍ത്താന്‍ പരസ്പര സഹകരണത്തിലത്തെിയെന്ന ആക്ഷേപമാണ് ഗ്രൂപ്പുകള്‍ക്കതീതമായി ഉയരുന്നത്. അതിനിടെ തോല്‍വിയെകുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച സമിതികളിലൊന്നില്‍ നാണംകെട്ട തോല്‍വി നേരിട്ട കെ.പി.സി.സി ഭാരവാഹിയെ ഉള്‍പ്പെടുത്തിയതും വിവാദമായി.

തോല്‍വിയുടെ കാരണങ്ങള്‍ കണ്ടത്തെി തിരിച്ചുവരവിനുള്ള മാര്‍ഗങ്ങള്‍ ആവിഷ്കരിക്കാനാണ് കെ.പി.സി.സി ക്യാമ്പ് എക്സിക്യൂട്ടിവ് ചേര്‍ന്നത്.വസ്തുതകള്‍ ചര്‍ച്ചചെയ്യുന്നതിനു പകരം വ്യക്തിഹത്യക്കുള്ള അവസരമായി ഇതിനെ ഉപയോഗിച്ചുവെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. മാത്രമല്ല, വിമര്‍ശങ്ങളിലൂടെ പ്രമുഖര്‍ പാര്‍ട്ടി അധികാരം സുരക്ഷിതമാക്കുകയും ചെയ്തു. അവസാനം പതിവുപോലെ ഉണ്ടായ അനുരഞ്ജന സന്ദേശം അധികാരകേന്ദ്രം വീണ്ടും ഉമ്മന്‍ ചാണ്ടി, സുധീരന്‍, ചെന്നിത്തല ത്രയത്തില്‍ത്തന്നെ കേന്ദ്രീകരിക്കാനും അവസരമൊരുങ്ങി. ആര്‍ക്കെങ്കിലുമെതിരായ നടപടി മറ്റുള്ളവരെയും ബാധിച്ചേക്കാമെന്ന ആശങ്കയാണ് സഹകരണത്തിന് ഇവരെ പ്രേരിപ്പിച്ചതും.

ഇടതുമുന്നണി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നതിനെക്കാളേറെ, ബി.ജെ.പിയുടെ  കടന്നുകയറ്റമാണ് കോണ്‍ഗ്രസിന് വെല്ലുവിളിയായിരിക്കുന്നത്. തിരിച്ചടിയുടെ  പ്രധാന കാരണവും ഇതുതന്നെയാണ്. ഭൂരിപക്ഷ സമുദായത്തില്‍നിന്ന് വന്‍ വോട്ട് ചോര്‍ച്ചയാണ് ഉണ്ടായത്. ഒപ്പം ബി.ജെ.പി യുടെ മുന്നേറ്റത്തില്‍ അങ്കലാപ്പുള്ള ന്യൂനപക്ഷം, തങ്ങളുടെ സംരക്ഷണത്തിനും സി.പി.എമ്മാണ് ഗുണകരമെന്ന നിലപാടെടുക്കുകയും ചെയ്തു. സി.പി.എം നടത്തിയ പ്രചാരണം ന്യൂനപക്ഷങ്ങള്‍  ഉള്‍ക്കൊണ്ടെന്ന് വോട്ടിങ്നില വ്യക്തമാക്കുന്നുമുണ്ട്. ഒരേസമയം ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങള്‍  കോണ്‍ഗ്രസിനെ കൈവിടുകയായിരുന്നു. ഈ സാഹചര്യത്തില്‍ ബി.ജെ.പിയെ നേരിടുന്നതിനും ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുമുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്യുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, അത്തരത്തില്‍ യാതൊന്നും  ഉണ്ടായില്ല.

 ബൂത്ത്-മണ്ഡലം കമ്മിറ്റികളില്‍ പലതും നിര്‍ജീവമായിരുന്നെന്നാണ് കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞത്. സുധീരന്‍ അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം സംസ്ഥാനത്താകെ ഒറ്റദിവസംകൊണ്ട് ബൂത്ത് കമ്മിറ്റികളും പിന്നീട് മണ്ഡലം കമ്മിറ്റികളും പുന$സംഘടിപ്പിച്ചു. അവരുടെ നേതൃത്വത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ട് തിരിച്ചടി ഉണ്ടായശേഷവും ഇവര്‍ തുടര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചതും ഈ കമ്മിറ്റികള്‍തന്നെ. പുന$സംഘടനയോടെ, പാര്‍ട്ടി സജീവമായെന്ന് അവകാശപ്പെട്ടിരുന്ന സുധീരന്‍ ഉള്‍പ്പെടെ ഇപ്പോള്‍ അതിനുവിരുദ്ധമായാണ് പറയുന്നതും. കഴിവുള്ളവരെ തഴഞ്ഞ് നേതാക്കളുടെ താല്‍പര്യവും ഗ്രൂപ് വിധേയത്വവും നോക്കി ഭാരവാഹികളെ നിശ്ചയിച്ചെന്ന ആക്ഷേപം ഇതു ശരിവെക്കുന്നു.

പാര്‍ട്ടി തിരിച്ചടികളെ നേരിടുമ്പോഴും സ്വന്തം താല്‍പര്യസംരക്ഷണത്തിലാണ് നേതൃത്വത്തിന് ശ്രദ്ധയെന്ന ആരോപണവും  ഉയരുകയാണ്. തോല്‍വിയെപ്പറ്റി പഠിക്കാനുള്ള സമിതികളിലൊന്നില്‍  ദയനീയ തോല്‍വി നേരിട്ട കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരനെ ഉള്‍പ്പെടുത്തിയതാണ് ഇതിനു തെളിവായി ചൂണ്ടിക്കാട്ടുന്നത്. അതിനിടെ തിരിച്ചടിയും ഇതുസംബന്ധിച്ച് നിര്‍വാഹകസമിതിയോഗത്തിലെ അഭിപ്രായങ്ങളും ഹൈകമാന്‍ഡിനെ ധരിപ്പിക്കാന്‍ വി.എം. സുധീരന്‍ ഡല്‍ഹിയിലത്തെി. നേതാക്കളുമായി അദ്ദേഹം ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.