ന്യൂഡല്‍ഹി: കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്ത് വി.എം. സുധീരന്‍ തുടരും. തെരഞ്ഞെടുപ്പു തോല്‍വിയുടെ പശ്ചാത്തലത്തില്‍ നേതൃപരമായ റോളില്‍നിന്ന് പിന്മാറാമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹൈകമാന്‍ഡിനെ അറിയിച്ചു. പ്രതിപക്ഷ നേതൃസ്ഥാനമെന്നപോലെ, യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനവും ഏറ്റെടുക്കാനില്ളെന്ന് ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നേരില്‍ക്കണ്ട് അറിയിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിളിച്ച മുതിര്‍ന്ന നേതാക്കളുടെ യോഗം അപൂര്‍ണമായിരുന്നു.
ഇക്കാര്യത്തില്‍ ഹൈകമാന്‍ഡ് നിലപാടിലെ അവ്യക്തതയും പ്രകടമായി. സംഘടനാ തിരുത്തല്‍നടപടികളില്‍ വിപുലമായ കൂടിയാലോചനക്ക് തീരുമാനിച്ചാണ് ഒന്നര മണിക്കൂര്‍ നീണ്ട യോഗം പിരിഞ്ഞത്. തോല്‍വിയുടെ പ്രധാന ഉത്തരവാദിയെന്ന നിലയില്‍ താന്‍ മാറിനില്‍ക്കുകയാണെന്നാണ് ഉമ്മന്‍ ചാണ്ടി സോണിയയോട് വിശദീകരിച്ചത്. തുടര്‍ന്ന്, രാഹുല്‍ ഗാന്ധി വിളിച്ച യോഗത്തിലും അദ്ദേഹം നിലപാട് ആവര്‍ത്തിച്ചു. പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കുവഹിക്കുമെന്ന ഉറപ്പ് അദ്ദേഹം നല്‍കിയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ രമേശ് ചെന്നിത്തലയായിരിക്കും യു.ഡി.എഫ് ചെയര്‍മാന്‍.
കെ.പി.സി.സി ഭാരവാഹികള്‍, എം.പിമാര്‍ തുടങ്ങിയവരില്‍നിന്ന് അഭിപ്രായങ്ങള്‍ കേള്‍ക്കാനുള്ള ഈ യോഗം ഈമാസംതന്നെ നടന്നേക്കും. തെരഞ്ഞെടുപ്പ് സംബന്ധിച്ച മേഖലാതല സമിതികളുടെ റിപ്പോര്‍ട്ടും പരിഗണിക്കും. പാര്‍ട്ടിക്ക് പരിക്കേല്‍പിക്കുന്ന പരസ്യ പ്രസ്താവനകള്‍ക്ക് മുതിരുന്നവര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുമെന്ന് മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ രാഹുല്‍ ഗാന്ധി മുന്നറിയിപ്പു നല്‍കി. ഉമ്മന്‍ ചാണ്ടി, വി.എം. സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്കു പുറമെ എ.കെ. ആന്‍റണി, കേരളത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
നേരത്തേ ഉമ്മന്‍ ചാണ്ടിയും സുധീരനും പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ വെവ്വേറെ കണ്ട് ചര്‍ച്ച നടത്തി. കേരള കാര്യങ്ങളില്‍ എ.ഐ.സി.സിയുടെ മേല്‍നോട്ടം കൂടുതലായി വേണമെന്ന കാഴ്ചപ്പാട് രാഹുല്‍ വിളിച്ച യോഗത്തില്‍ എ.കെ. ആന്‍റണി പറഞ്ഞു. ഒന്നിച്ചു മുന്നോട്ടുപോകാന്‍ നേതൃനിരക്ക് കഴിയണം.
ബി.ജെ.പിയും എല്‍.ഡി.എഫും പ്രചാരണരംഗത്ത് പ്രഫഷനല്‍ രീതിയില്‍ മുന്നേറിപ്പോള്‍, പരമ്പരാഗത രീതികൊണ്ട് കോണ്‍ഗ്രസ് ഒതുങ്ങിയത് വിനയായെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പാര്‍ട്ടി, സര്‍ക്കാര്‍തല പ്രശ്നങ്ങളും തോല്‍വിക്ക് കാരണമായി. നേതൃമാറ്റം ചര്‍ച്ചചെയ്തിട്ടില്ളെന്ന് യോഗത്തിനുശേഷം മുകുള്‍ വാസ്നിക് വാര്‍ത്താലേഖകരെ അറിയിച്ചു. ഏതൊക്കെ തലത്തില്‍ മാറ്റം വേണമെന്ന വിപുല ചര്‍ച്ച പിന്നീടാണ് നടക്കുകയെന്ന് അദ്ദേഹം വിശദീകരിച്ചു. യുവാക്കളെ കൂടുതലായി നേതൃത്വത്തിലേക്ക് കൊണ്ടുവരും. അതിനു തക്കവിധം പോഷക സംഘടനകള്‍ വിപുല ചര്‍ച്ചക്കുശേഷം പുന$സംഘടിപ്പിക്കും.
യോഗത്തില്‍ പൂര്‍ണ തൃപ്തനാണെന്ന് യോഗശേഷം വി.എം. സുധീരന്‍ പറഞ്ഞു. പാര്‍ട്ടിക്ക് എല്ലാതലത്തിലും ഉണര്‍വുണ്ടാക്കാനുള്ള ചര്‍ച്ചകളും നടപടികളും വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ഡല്‍ഹിയിലത്തെിയ കെ. സുധാകരന്‍ സോണിയ ഗാന്ധിയെ കണ്ട് സുധീരനെതിരെ പരാതി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഐക്യത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ പരാജയപ്പെട്ട സുധീരന് പകരം, പുതിയ സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാന്‍ കഴിയുന്നയാള്‍ പ്രസിഡന്‍റ് സ്ഥാനത്തുവരണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.