കട്ടിലൊഴിപ്പിക്കാന്‍ മധുരപ്പാര

രണ്ടു പതിറ്റാണ്ടായി പട്ടാമ്പിയില്‍ കുറ്റിയടിച്ചു തുടരുന്ന സി.പി. മുഹമ്മദിനെ ഇത്തവണയെങ്കിലും ഒന്നൊഴിവാക്കാന്‍ തിരുമധുരത്തില്‍ പൊതിഞ്ഞാണ് പാരയുടെ വരവ്. കലശലായ ദെണ്ണംപിടിച്ച് ശ്ശിയേറെക്കാലം ആശുപത്രിവാസമുണ്ടായെന്ന പഴയകഥ പുതിയതാക്കി രംഗപ്രവേശം ചെയ്ത വ്യാകുല ചിത്തന്മാരേയാണ് സി.പി നോക്കുന്നിടത്തെല്ലാം കാണുന്നത്. സി.പിക്ക്  പകരക്കാരന്‍ ഇത്തവണയുമുണ്ടാവില്ളെന്ന് ഉറപ്പായപ്പോഴാണ് ആരോഗ്യപ്രശ്നമെന്ന പാശുപതാസ്ത്രവുമായി ചില മോഹികളുടെ വരവ്. സംസ്ഥാനത്ത് ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി സി.പിയെ പൊതുവേദിയില്‍ പ്രഖ്യാപിക്കുന്നതാണ് പിന്നീട് കണ്ടത്. എക്സൈസ് വകുപ്പ് മന്ത്രി കെ. ബാബു കഴിഞ്ഞദിവസം പട്ടാമ്പിയിലത്തെി പ്രഖ്യാപനം നടത്തുമ്പോള്‍ സ്ഥാനാര്‍ഥിയും വേദിയിലുണ്ടായിരുന്നു. ഡി.സി.സി പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള മോഹക്കാരുടെ അടുത്ത നീക്കമാണ് ഇനി കാണേണ്ടത്.

തന്നോട് കോണ്‍ഗ്രസുകാര്‍ക്ക് ഇത്രയേറെ സ്നേഹമുണ്ടെന്ന് ചിറ്റൂരിലെ കെ. അച്യുതന് ബോധ്യപ്പെട്ടതും അടുത്തിടെയാണ്. മുകളിലേക്ക് പിടിച്ചുകയറണമെങ്കില്‍ കാലില്‍പിടിച്ചവനെ കുടഞ്ഞ് താഴെയിടുകതന്നെ വേണമെന്ന തത്ത്വം പ്രചാരത്തിലുള്ള കോണ്‍ഗ്രസില്‍ ചിലരോട് തനിക്ക് ദേഹസുഖമില്ളെന്ന് ഒന്നുപറഞ്ഞുപോയതാണ് അച്യുതന്‍ ചെയ്ത തെറ്റ്. കൊതിമൂത്ത പലര്‍ക്കും ചിറ്റൂരിനെ ലാക്കാക്കി നീങ്ങാന്‍ ഇത് ധാരാളം മതിയായിരുന്നു. തുടര്‍ച്ചയായി 20 വര്‍ഷം മണ്ഡലത്തെ പ്രതിനിധാനംചെയ്ത അച്യുതന് ഒരുകാരണവശാലും മാറേണ്ടതില്ളെന്ന വാശി ഇതോടെയുണ്ടായി. മാറില്ളെന്നും ഇത്തവണയും മത്സരിക്കുമെന്നും രണ്ടുവട്ടം ഇതിനകം അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.

ആകെ, 12 മണ്ഡലങ്ങളുള്ള ജില്ലയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഇല്ലാത്ത മണ്ഡലങ്ങളാണ് പാര്‍ട്ടി നേതൃത്വത്തെ സദാനേരവും തലവേദനയിലാഴ്ത്തുന്നത്. സിറ്റിങ് എം.എല്‍.എമാര്‍ അതാതിടത്തുതന്നെ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. അല്ലാത്തമണ്ഡലങ്ങളില്‍ തുന്നിവെച്ച സ്ഥാനാര്‍ഥിക്കുപ്പായവുമായി അഞ്ചില്‍കൂടുതല്‍ പേരാണ് നിറയാന്‍ തുടങ്ങിയത്. ഇടതുകോട്ടയായ മലമ്പുഴയില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാനാണ് ഏറെ തള്ള് എന്നത് വിചിത്രം. സംസ്ഥാനത്ത് രണ്ടാമത്തെ വ്യവസായ മേഖലയായ കഞ്ചിക്കോട് ഉള്‍പ്പെടുന്ന മലമ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കുപ്പായം ശരീരത്തിലണിയുന്നത് മറ്റേതെങ്കിലും സ്ഥലത്ത് ജയിക്കുന്നതിനേക്കാള്‍ മെച്ചമാണെന്ന മട്ടും തള്ളുകാരില്‍ ചിലര്‍ക്കുണ്ട്.

കഴിഞ്ഞതവണ കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ മത്സരിച്ച ആലത്തൂര്‍, തരൂര്‍ എന്നിവ ഇത്തവണ കോണ്‍ഗ്രസിന് ലഭിക്കുമെന്ന പ്രതീക്ഷയില്‍ നേതാക്കള്‍ തകൃതിയായ ചരടുവലിയിലാണ്. എം.വി. രാഘവന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി 2011 ല്‍ മത്സരിച്ച നെന്മാറയില്‍ ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാവും മത്സരിക്കുക. മുന്‍ മന്ത്രി വി.എസ്. വിജയരാഘവന്‍ അടക്കമുള്ളവര്‍ ഉറച്ച സ്ഥാനാര്‍ഥി പ്രതീക്ഷയുമായി രംഗത്തുണ്ട്. എ.വി. ഗോപിനാഥ്, എ. രാമസ്വാമി, വനിതാ കമീഷന്‍ അംഗം കെ.എ. തുളസി, സി. ചന്ദ്രന്‍, പി.എസ്. അബ്ദുല്‍ ഖാദര്‍, പി.വി. രാജേഷ് തുടങ്ങിയവരുടെ നീണ്ടനിര സ്ഥാനാര്‍ഥി പട്ടത്തിനായി മത്സരത്തിനുണ്ട്. മണ്ഡലവ്യത്യാസമേതുമില്ലാതെ ഒഴിവുള്ള എവിടെയും ഇവരുടെ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നു. തുളസിയുടെ പേര് സംവരണമണ്ഡലമായ കോങ്ങാട് പ്രദേശത്താണ് കേള്‍ക്കുന്നത്. മത്സരിക്കേണ്ടിവരില്ളെന്ന ‘ഉറപ്പ്’ ഇതിനകം ലഭിച്ചവരുമുണ്ട്. ഡി.സി.സി പ്രസിഡന്‍റ് സി.വി. ബാലചന്ദ്രനെ അണികള്‍ ഇക്കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. രാഷ്ട്രീയ ചര്‍ച്ചക്കുവരെ താല്‍പര്യമില്ളെന്ന മട്ടിലാണത്രെ മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ നഗരത്തിലെ ശേഖരീപുരത്തെ വസതിയില്‍ കഴിയുന്നത്.

വി.എസ്. അച്യുതാനന്ദനില്‍ ചുറ്റിപ്പറ്റിയാണ് ഇടതുമുന്നണിയിലെ ആമുഖ നീക്കങ്ങള്‍. മത്സരിക്കാന്‍ താല്‍പര്യമുള്ള അദ്ദേഹത്തെ കഴിഞ്ഞ രണ്ടുതവണ ആവര്‍ത്തിച്ച അണിയറ നാടകത്തിലെ നടനാകാന്‍ ഇത്തവണ സി.പി.എം സമ്മതിക്കില്ളെന്ന സൂചനയാണ് ഒടുവില്‍ ലഭിക്കുന്നത്. ആകെ, 12ല്‍ പാര്‍ട്ടി മത്സരിക്കുന്ന ഒമ്പത് മണ്ഡലങ്ങളില്‍ മലമ്പുഴ ഒഴികെയുള്ളയിടങ്ങളില്‍ സ്ഥാനാര്‍ഥികളെ ‘തിരഞ്ഞാല്‍’ മതിയെന്ന നിര്‍ദേശമാണ് ജില്ലാ ഘടകത്തിന് ലഭിച്ചത്. നിലവില്‍ ജില്ലാ പഞ്ചായത്ത് അംഗവും കോഴിക്കോട് സര്‍വകലാശാല യൂനിയന്‍ മുന്‍ ചെയര്‍മാനുമായ നിതിന്‍ കണിച്ചേരിയെ പാലക്കാട് മണ്ഡലത്തില്‍ പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. ബാബു (നെന്മാറ), പരേതനായ സി.പി.എം നേതാവ് ആലത്തൂര്‍ ആര്‍. കൃഷ്ണന്‍െറ പേരമകന്‍ കെ.ഡി. പ്രസേനന്‍ (ആലത്തൂര്‍) എന്നീ പേരുകളും സജീവമാണ്. സിറ്റിങ് എം.എല്‍.എമാരായ എം. ചന്ദ്രന്‍, വി. ചെന്താമരാക്ഷന്‍, കെ.എസ്. സലീഖ എന്നിവര്‍ ഇനിയും മത്സരത്തിനുണ്ടാവില്ല. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.കെ. ബാലന് പക്ഷേ, തരൂരില്‍ മത്സരിക്കാന്‍ പാര്‍ട്ടി ഇളവുനല്‍കുമെന്നാണ് സൂചന. ഇ.എം.എസിന്‍െറ മകള്‍ ഇ.എം. രാധ, മുന്‍ എം.പിമാരായ എന്‍.എന്‍. കൃഷ്ണദാസ്, എസ്. അജയകുമാര്‍, മുന്‍ ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാന്‍ എം.ആര്‍. മുരളി, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുബൈദ ഇസ്ഹാഖ് എന്നിവരെയും സി.പി.എം സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നുണ്ട്. ജനതാദള്‍-എസ് മത്സരിക്കുന്ന ചിറ്റൂരില്‍ മുന്‍ എം.എല്‍.എ കെ. കൃഷ്ണന്‍കുട്ടി തന്നെ സ്ഥാനാര്‍ഥിയാവാനാണ് സാധ്യത. പാര്‍ട്ടി നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. വി. മുരുകദാസിന്‍െറ പേരും ഇവിടെ ഉയരുന്നു. സി.പി.ഐ സ്ഥാനാര്‍ഥികളില്‍ ഒരാളായി മുന്‍ എം.എല്‍.എ ജോസ് ബേബി മത്സരിക്കാന്‍ സാധ്യതയേറെയാണ്.

രസികന്‍ ചര്‍ച്ചകളാണ് ബി.ജെ.പിയില്‍. ആര്‍.എസ്.എസ് പിന്തുണ പാലക്കാട് മണ്ഡലത്തില്‍ ശോഭാസുരേന്ദ്രന് തുണക്കുമെന്ന് ശക്തമായപ്പോള്‍ സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാറിന്‍െറ പേര് സംസ്ഥാന നേതൃത്വത്തിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. വി. മുരളീധരന്‍െറ താല്‍പര്യം ഈ നീക്കത്തിന് പിന്നിലുണ്ടെന്ന് കുശുമ്പുകാര്‍ പറയുന്നു. സിനിമാ സംവിധായകന്‍ മേജര്‍ രവി തൃത്താലയില്‍ ബി.ജെ.പി പിന്തുണയോടെ മത്സരിക്കുമെന്ന ശ്രുതിയും ശക്തമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.