വിജയമാണിയാകാതെ കാപ്പന്‍

മാണി സി. കാപ്പന്‍ തമിഴ്നാട്ടിലാണ് ജനിച്ചതെങ്കില്‍ ഏറ്റവും കുറഞ്ഞത് മന്ത്രിക്കുപ്പായത്തിലെങ്കിലും അദ്ദേഹത്തെ കാണാന്‍ കഴിയുമായിരുന്നെന്നാണ് പാലായിലെ എന്‍.സി.പിക്കാരുടെ പക്ഷം. സിനിമയിലും വോളിബാള്‍ കോര്‍ട്ടിലും വിജയസ്മാഷുകള്‍ ഉതിര്‍ത്ത കാപ്പന് വലിയൊരു രാഷ്ട്രീയ പാരമ്പര്യവും സ്വന്തം. കേരളത്തിന്‍െറ കുറ്റമാണോയെന്നറിയില്ല; പക്ഷേ, മാണി സി. കാപ്പന് ഇതുവരെ നിയമസഭയില്‍ എത്താനായിട്ടില്ല.

സിനിമയില്‍ ഒരുപാടുതവണ മന്ത്രിക്കുപ്പായം അണിഞ്ഞെങ്കിലും യഥാര്‍ഥ എം.എല്‍.എ കുപ്പായം മോഹിച്ച് കെ.എം. മാണിക്കെതിരെ രണ്ടുതവണയാണ് അദ്ദേഹം പാലായില്‍ ഭാഗ്യപരീക്ഷണത്തിനിറങ്ങിയത്. മാണിയെന്നാണ് പേരെങ്കിലും കെ.എം എന്ന ഇനിഷ്യലില്ലാത്തതുകൊണ്ടാവും നിരാശയായിരുന്നു ഫലം. എന്നാല്‍, പരാജയത്തിലുമൊരു രജതരേഖ വരക്കാന്‍ കഴിഞ്ഞുവെന്നതാണ് കാപ്പന്‍െറ ‘വിജയം.’ കഴിഞ്ഞതവണ ജയിച്ചു ജയിച്ചില്ളെന്ന സ്ഥിതിവരെയത്തെി പോരാട്ടം.
2006 ലായിരുന്നു ആദ്യ അങ്കം. 7500 വോട്ടിനായിരുന്നു പരാജയം. കഴിഞ്ഞതവണ മത്സരിച്ചപ്പോള്‍ രാഷ്ട്രീയ കേരളത്തിലെ അതികായനായ കെ.എം. മാണിയുടെ ഭൂരിപക്ഷം 5277 വോട്ടാക്കി കാപ്പന്‍ കുറച്ചു. എന്‍.സി.പി ഒരു മുന്നണിയിലും ഇല്ലാത്ത കാലത്ത് പത്തനംതിട്ടയില്‍നിന്ന് ലോക്സഭയിലേക്കും ഒരുകൈ നോക്കിയിരുന്നു. ഇതിനിടെ അഞ്ചു വര്‍ഷം പാലാ നഗരസഭാംഗവുമായി മുണ്ടാങ്കല്‍ പള്ളിക്കടുത്ത് താമസിക്കുന്ന കാപ്പന്‍.

പിതാവ് ചെറിയാന്‍ ജെ. കാപ്പന്‍ പാലായുടെ നഗരപിതാവും മുന്‍ എം.പിയുമായിരുന്നെങ്കിലും മകന്‍ മാണി സി. കാപ്പന് ചെറുപ്പത്തില്‍ വോളിബാളായിരുന്നു തലക്കുപിടിച്ചത്. ജിമ്മി ജോര്‍ജിനൊപ്പം കളിച്ചുവളര്‍ന്ന മാണിച്ചന്‍ ദേശീയതാരമായി തിളങ്ങി. കളിക്കളത്തിനോട് വിടപറഞ്ഞപ്പോള്‍  രാഷ്ട്രീയമാകാമെന്നായി ചിന്ത. അങ്ങനെ തിരിഞ്ഞുമറിഞ്ഞ് എന്‍.സി.പിയിലത്തെി. സിനിമാ നിര്‍മാതാവായതിനാല്‍ കണ്ടയുടനെ എന്‍.സി.പിക്കാര്‍ സംസ്ഥാന ട്രഷറര്‍ സ്ഥാനം വെച്ചുനീട്ടി. ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായുള്ള ബന്ധമാണ് പാര്‍ട്ടിയിലെ കൈമുതല്‍. അതുകൊണ്ട് സീറ്റിനായി പാര്‍ട്ടിയില്‍നിന്ന് വലിയ എതിര്‍പ്പൊന്നും നേരിടേണ്ടിവന്നിട്ടില്ല. എതിരാളി സാക്ഷാല്‍ കെ.എം. മാണിയായതിനാല്‍ മറ്റാരും വലിയ ബലംപിടിച്ചുമില്ല. ഇതോടെ ‘പാലായുടെ മാണിക്യ’ത്തിന് സ്ഥിരം എതിരാളി ജനിച്ചു.

മലയാളിയെ ഏറെ ചിരിപ്പിച്ച ‘മേലേപ്പറമ്പില്‍ ആണ്‍വീട്’ എന്ന സൂപ്പര്‍ഹിറ്റ് സിനിമ നിര്‍മിച്ചായിരുന്ന കാപ്പന്‍ സിനിമയില്‍ സജീവമായത്. തുടര്‍ന്ന് തുടര്‍ച്ചയായി 10 സിനിമ  നിര്‍മിച്ചു. ഇതില്‍ ‘മാന്‍ ഓഫ് ദ മാച്ച്’ എന്ന സിനിമയുടെ കഥയും തിരക്കഥയും അദ്ദേഹം നിര്‍വഹിച്ചു. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമകളിലൊന്നായ മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന സിനിമയുടെ സംവിധാന കുപ്പായവും അണിഞ്ഞു. ഇതിനെക്കുറിച്ച് ചില എതിര്‍കഥകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും സ്ക്രീനില്‍ തെളിഞ്ഞത് മാണി സി. കാപ്പന്‍െറ പേരായിരുന്നു. ചില മലയാള സിനിമകളില്‍ എം.എല്‍.എയായും മന്ത്രിയായും അഭിനയിച്ച അദ്ദേഹം തമിഴ്, തെലുങ്ക് സിനിമകളിലും മുഖം കാണിച്ചു.  

തോല്‍ക്കുന്നതിനു പിന്നാലെ നാടുവിടുമെന്നൊരു പേരുദോഷം ഉണ്ടല്ളോയെന്ന് ചോദിച്ചാല്‍ പാലായുടെ നഗരഹൃദയത്തില്‍ താമസിക്കുന്ന താന്‍ ഇവിടെയില്ളെന്ന് പ്രചരിപ്പിക്കുന്നത് ചിലരാണെന്നാണ് കാപ്പന്‍െറ നിലപാട്. കഴിഞ്ഞതവണ ആക്ഷേപങ്ങളൊന്നും ഇല്ലാതിരിക്കെ, കെ.എം. മാണിയുടെ ഭൂരിപക്ഷം 5000ത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതോടെ അദ്ദേഹത്തിന്‍െറ ആവേശം ഇരട്ടിച്ചിട്ടുണ്ട്. അടുത്തിടെയായി പാലായിലെ എല്‍.ഡി.എഫ് സമരങ്ങളില്‍ മാണി സി. കാപ്പന്‍ സജീവമാണ്. സ്ഥാനാര്‍ഥിക്കാര്യം എല്‍.ഡി.എഫും പാര്‍ട്ടിയും തീരുമാനിക്കുമെന്ന് പറയുന്ന അദ്ദേഹം പരിചയം പുതുക്കുന്ന തിരക്കിലാണ്. ലക്ഷ്യം മൂന്നാമങ്കംതന്നെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.