ലീഗ് സ്ഥാനാര്‍ഥിലിസ്റ്റില്‍ യൂത്ത് ലീഗിനും വനിതകള്‍ക്കും അവഗണന

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുംമുമ്പേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്  രാഷ്ട്രീയകേന്ദ്രങ്ങളെ മുസ്ലിം ലീഗ് ഞെട്ടിച്ചെങ്കിലും സ്ഥാനാര്‍ഥിലിസ്റ്റില്‍ യുവാക്കളെയും വനിതകളെയും തീര്‍ത്തും അവഗണിച്ചതായി ആക്ഷേപം. യു.ഡി.എഫില്‍ ലീഗിന് ലഭിക്കുന്ന 24 മണ്ഡലങ്ങളില്‍ 20 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചത്. ലിസ്റ്റില്‍ യൂത്ത് ലീഗിനോ വനിതാ ലീഗിനോ മരുന്നിനുപോലും പ്രാതിനിധ്യം ലഭിച്ചിട്ടില്ല.

പുതിയ ലിസ്റ്റില്‍ സ്ഥാനംപിടിച്ച നാലുപേരില്‍ രണ്ടുപേര്‍ 60 വയസ്സ് കഴിഞ്ഞവരും മറ്റു രണ്ടുപേര്‍ 50 കഴിഞ്ഞവരുമാണ്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.എം. സാദിഖലി, യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ പി.കെ. ഫിറോസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ തുടങ്ങിയവരുടെ ലിസ്റ്റുകള്‍ പരിഗണനാ ലിസ്റ്റില്‍ ഉണ്ടായിരുന്നു. എന്നാല്‍, പ്രഖ്യാപനം വന്നപ്പോള്‍ ഇവര്‍ക്കെല്ലാം നിരാശയാണ് ഫലം. യൂത്ത് ലീഗ് നേതൃത്വം തങ്ങളുടെ പ്രതിഷേധം സംസ്ഥാനനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

മുസ്ലിം ലീഗിന് ലഭിച്ച ഏതാണ്ട് അറുനൂറോളം ബോര്‍ഡ് അംഗങ്ങളില്‍ 10 ശതമാനത്തില്‍പോലും യൂത്ത് ലീഗിനെ പരിഗണിച്ചില്ളെന്നാണ് ആക്ഷേപം. നിയമസഭാ സ്ഥാനാര്‍ഥി ലിസ്റ്റില്‍ എം.എസ്.എഫിനുപോലും പ്രാതിനിധ്യം നല്‍കിയ കാലമുണ്ടായിട്ടുണ്ട്. ഇത്തവണ എം.എസ്.എഫിനെയും ഒട്ടും പരിഗണിച്ചിട്ടില്ല. യൂത്ത് ലീഗ് പാടെ തഴയപ്പെടുന്നത് നടാടെയാണെന്നും നേതാക്കള്‍ പറഞ്ഞു.  

സ്ഥാനാര്‍ഥിലിസ്റ്റില്‍ വനിതകളെ ഇത്തവണയും അവഗണിച്ചതില്‍ വനിതാ ലീഗ് നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ട്. എല്ലാ യോഗ്യതയുമുണ്ടായിട്ടും വനിതകളായിപ്പോയി എന്ന ഒറ്റക്കാരണത്താലാണ് പാര്‍ട്ടിനേതൃത്വം തങ്ങളെ അവഗണിക്കുന്നതെന്ന് വനിതാലീഗ് നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് ലീഗ് നേതൃതം അറിയിച്ചിരുന്നു. എന്നാല്‍, അവസാനനിമിഷം തഴയപ്പെടുകയായിരുന്നു. അതിനുശേഷം വനിതാലീഗ് സംഘടനാതലത്തില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കുകയുണ്ടായി.

ശാഖാതലംവരെ യൂനിറ്റുകളുണ്ട്. മാത്രവുമല്ല, സംഘടനക്ക് ദേശീയനേതൃത്വവും നിലവില്‍വന്നിട്ടുണ്ട്. എറണാകുളത്ത് നടന്ന ദേശീയ വനിതാലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്ത ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി തങ്ങള്‍ വനിതകള്‍ക്ക് എല്ലാതലത്തിലും പരിഗണന നല്‍കി സ്ത്രീശാക്തീകരണം യാഥാര്‍ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതുമാണ്. എന്നാല്‍, എല്ലാം പാഴ്വാക്കാണെന്ന് വ്യക്തമാക്കുന്നതാണ് സ്ഥാനാര്‍ഥിപ്പട്ടികയെന്ന് മുതിര്‍ന്ന വനിതാനേതാവ് പറഞ്ഞു.

വനിതകള്‍ക്ക് അവസരം നിഷേധിക്കുന്നതിന് കാരണമായി ലീഗ് നേതൃത്വം പറയുന്നത് സുന്നി പ്രസ്ഥാനത്തിന്‍െറ (സമസ്ത) എതിര്‍പ്പുണ്ടെന്നതാണ്. എന്നാല്‍, വനിതകളെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ ഒൗദ്യോഗികമായി എതിര്‍പ്പൊന്നും അറിയിച്ചിട്ടില്ളെന്നാണ് സമസ്ത നേതാക്കള്‍ പറയുന്നത്.  പ്രഖ്യാപിച്ച ലിസ്റ്റില്‍ ദലിത് പ്രാതിനിധ്യവും ലഭിച്ചിട്ടില്ല. എക്കാലത്തും ദലിതുകള്‍ക്ക് മുന്തിയ പരിഗണന നല്‍കിവന്ന ചരിത്രമാണ് ലീഗിന്‍േറത്. ലീഗ് ഇപ്പോള്‍ പ്രഖ്യാപിച്ച 20 സീറ്റും കഴിഞ്ഞവര്‍ഷം ലീഗ് വിജയിച്ച മണ്ഡലങ്ങളിലേതാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.