ഒരു രൂപക്കാര്‍ക്ക് വോട്ട് കിട്ടാന്‍ നിവര്‍ത്തന സമരം

പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം ഓണ്‍ലൈനില്‍ ലഭിക്കുന്നതിനാണ് ഇന്നത്തെ നമ്മുടെ സമരം. എന്നാല്‍, ഒരു രൂപ നികുതിനല്‍കുന്ന എല്ലാവര്‍ക്കും വോട്ട് വേണം എന്നൊരാവശ്യം ഉയരുകയും അതിനുവേണ്ടി നിവര്‍ത്തനസമരം നടത്തുകയും ചെയ്ത കേരളം ഓര്‍മയിലുണ്ടോ? ഉണ്ടായിരുന്നൂവെന്നാണ് അങ്കപ്പുരാണം.  

വോട്ടവകാശം പ്രായപൂര്‍ത്തിയുടെ അവകാശമായി തീരുകയും സമ്മതിദായകരുടെ എണ്ണം കോടികളായി ഉയരുകയുംചെയ്ത ഇക്കാലത്ത് നാട്ടുരാജാക്കന്മാരുടെ മുന്നില്‍ വോട്ടവകാശത്തിനുവേണ്ടി നടന്ന ഏറ്റവും വലിയ സമരമായിരുന്നു പോയനൂറ്റാണ്ടിലെ  നിവര്‍ത്തന പ്രക്ഷോഭം. ഒരു രൂപ തീരുവ നല്‍കുന്ന എല്ലാവര്‍ക്കും വോട്ടവകാശവും സ്ത്രീകള്‍ക്ക് കൗണ്‍സിലിലേക്ക് പ്രാതിനിധ്യവും നേടിയെടുത്തത് ഈ പ്രക്ഷോഭത്തിലൂടെയായിരുന്നു.

വമ്പന്മാരായ നികുതിദായകര്‍ക്കും ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കുംമാത്രം കടന്നുകയറാന്‍ പറ്റുന്നതായിരുന്നു അന്നത്തെ ‘ലെജിസ്ളേറ്റിവ്’ ഘടന. പക്ഷേ, ജനാധിപത്യത്തിന്‍െറ സമാരംഭമെന്ന നിലയില്‍ തിരുവിതാംകൂര്‍ മഹാരാജാവിന്‍െറ ഈ പരീക്ഷണമാണ് കേരള നിയമസഭയുടെ പിറവിക്ക് കാരണമായത്. നാട്ടുരാജ്യങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ നിയമനിര്‍മാണസഭയാണ് 1888 മാര്‍ച്ച് 30ന് തിരുവിതാംകൂര്‍ മഹാരാജാവിന്‍െറ വിളംബരത്തിലൂടെ പിറവിയെടുത്തത്. എട്ടംഗ ലെജിസ്ളേറ്റിവ് കൗണ്‍സിലാണ് അന്ന് നിലവില്‍വന്നത്. തിരുവിതാംകൂര്‍ ദിവാന്‍െറ മുറിയായിരുന്നു കൗണ്‍സില്‍ യോഗഹാള്‍. മൂന്നുവര്‍ഷത്തിനിടയില്‍ 32 തവണ യോഗംചേര്‍ന്ന് കാലാവധി പൂര്‍ത്തിയാക്കി. രാജ്യത്തെ ക്രമസമാധാനം മുതല്‍ വയലുകളിലെ പാട്ടക്കരാര്‍ വരെയുള്ള കാര്യങ്ങളില്‍ കൗണ്‍സില്‍ രാജസ്വരൂപത്തിലേക്ക് ശിപാര്‍ശകള്‍ സമര്‍പ്പിച്ചു.

പിന്നീട് 15 അംഗ കൗണ്‍സിലായി അംഗബലം കൂട്ടി. 1904ല്‍ ശ്രീമൂലം പ്രജാസഭ എന്ന പേരില്‍ മറ്റൊന്ന് നിലവില്‍വന്നു. 100 രൂപയെങ്കിലും വാര്‍ഷികനികുതി നല്‍കുന്ന വ്യാപാരിക്കും 6000 രൂപക്ക് മുകളില്‍ വാര്‍ഷിക വരുമാനവുമുള്ള ഭൂവുടമക്കുമാണ് അധികാര സമിതിയിലത്തൊന്‍ യോഗ്യതയുണ്ടായിരുന്നത്. ഓരോ താലൂക്കില്‍നിന്ന് രണ്ടുപേരെവീതം ജില്ലാ ഭരണാധികാരികള്‍ നോമിനേറ്റ് ചെയ്യുന്നു. 1905ല്‍ 50 രൂപ വാര്‍ഷികനികുതിയും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും അംഗത്വയോഗ്യതയായി പുതുക്കി നിശ്ചയിച്ചു. പ്രജാസഭയുടെ വോട്ടവകാശ പ്രാതിനിധ്യം 77ഉം, 23 നോമിനേഷനുമായി നിജപ്പെടുത്തി. നിവര്‍ത്തന പ്രക്ഷോഭം ഈ അസന്തുലിതത്വത്തെ എതിര്‍ത്തു. ഒരു രൂപ തീരുവയുള്ള എല്ലാവര്‍ക്കും വോട്ടവകാശവും കൗണ്‍സിലില്‍ സ്ത്രീ പ്രാതിനിധ്യവും അംഗീകരിപ്പിച്ചു.

1932ല്‍ ലെജിസ്ളേറ്റിവ് കൗണ്‍സിലിനെ ഉപരിസഭയും ശ്രീമൂലം പ്രജാസഭയെ അധോസഭയുമാക്കി. 1947ല്‍ രാജ്യം സ്വാതന്ത്ര്യം നേടിയതോടെ രണ്ടു സഭകളും ഇല്ലാതായി. തുടര്‍ന്നാണ് പ്രായപൂര്‍ത്തി വോട്ടവകാശത്തിന്‍െറ അടിസ്ഥാനത്തില്‍ 1948ല്‍ 120 അംഗ  തിരുവിതാംകൂര്‍ നിയമസഭ നിലവില്‍വന്നത്. 1949 ജൂലൈ ഒന്നിന് അയല്‍നാട്ടുരാജ്യമായ കൊച്ചിയും തിരുവിതാംകൂറും യോജിച്ച് തിരു-കൊച്ചി സംസ്ഥാനം നിലവില്‍വന്നു. മലബാര്‍ മേഖല മദിരാശിയുടെ ഭാഗമായി. തിരുവിതാംകൂര്‍ പ്രധാനമന്ത്രി പറവൂര്‍ ടി.കെ. നാരായണപിള്ള ആ സ്ഥാനത്ത് തുടര്‍ന്നു. തിരുവിതാംകൂര്‍ മന്ത്രിമാരുടെ സ്ഥാനത്ത് കൊച്ചിയില്‍നിന്നുള്ള മന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് 178 അംഗ സഭയുടെ  മന്ത്രിസഭ രൂപവത്കരിച്ചത്. 1951ല്‍ നിയമസഭാമണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണയിച്ചപ്പോള്‍ സാമാജികരുടെ എണ്ണം 108 ആയി. 1951ന് ശേഷം ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ പല മന്ത്രിസഭകളാണ് കയറിയിറങ്ങിയത്. കോണ്‍ഗ്രസിലെ സി. കേശവന്‍, എ.ജെ. ജോണ്‍, പി.എസ്.പി.യുടെ പട്ടം താണുപിള്ള, കോണ്‍ഗ്രസിലെ പനമ്പിള്ളി ഗോവിന്ദമേനോന്‍ എന്നിവര്‍ മാറിമാറി മുഖ്യമന്ത്രിമാരായി. 1956 മുതല്‍ രാഷ്ട്രപതി ഭരണത്തിനു കീഴിലാവുകയും ചെയ്തു.                           

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.