ഇനി 72 ദിവസം; കച്ചമുറുക്കി പാര്‍ട്ടികളും മുന്നണികളും

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ചതിലും വൈകിയെങ്കിലും കച്ചമുറുക്കി അങ്കപ്പുറപ്പാടിലാണ് പാര്‍ട്ടികളും മുന്നണികളും. വോട്ടെടുപ്പിന് 72 ദിവസമുള്ളതിനാല്‍ പ്രചാരണത്തിന് കൂടുതല്‍ സമയം ലഭിക്കുമെങ്കിലും പണച്ചെലവും സ്ഥാനാര്‍ഥികളുടെ അധ്വാനവും കൂടും. ഇതോടൊപ്പം കൊടുംചൂട് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കും. എന്നാല്‍ പ്രചാരണത്തിന് കൂടുതല്‍ സമയം കിട്ടുന്നത് തങ്ങളുടെ നിലപാടുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഗുണകരമാകുമെന്ന പ്രതീക്ഷയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കുവെക്കുന്നത്.

ഏപ്രില്‍ മൂന്നാം വാരം വോട്ടെടുപ്പ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു പാര്‍ട്ടികള്‍. വിഷുവിന് ശേഷമുള്ള തീയതിയായിരുന്നു എല്ലാവരുടെയും മനസ്സില്‍. ഇതനുസരിച്ച് സീറ്റ് വിഭജനത്തിനും സ്ഥാനാര്‍ഥി നിര്‍ണയത്തിനും ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുംമുമ്പ് മുസ്ലിം ലീഗ് 20 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മറ്റ് പാര്‍ട്ടികളെ ഞെട്ടിക്കുകയും ചെയ്തു. ഇരുമുന്നണികളിലും ബി.ജെ.പിയിലും ചര്‍ച്ചകള്‍ തുടരുകയാണ്. കോണ്‍ഗ്രസിലെ സഥാനാര്‍ഥി നിര്‍ണയ നടപടികളും വേഗത്തില്‍ പരോഗമിക്കുകയാണ്. വൈകാതെ ലിസ്റ്റിന് അന്തിമ രൂപമാകും.

ഇടതുമുന്നണി ഇതുവരെ സീറ്റ് വിഭജനത്തിലേക്ക് കടന്നിട്ടില്ല. രാജ്യസഭാ സീറ്റിന്‍െറ കാര്യത്തില്‍ സി.പി.എമ്മും സി.പി.ഐയും തമ്മില്‍ ഉണ്ടായ തര്‍ക്കം നിലനില്‍ക്കുകയാണ്. ഇടതുമുന്നണിക്ക് സഹകരണം വാഗ്ദാനം ചെയ്ത് നിരവധി കക്ഷികള്‍ പുറത്തുനില്‍ക്കുന്നുണ്ട്. ഇവര്‍ക്ക് സീറ്റ് കണ്ടത്തെണം. ഐ.എന്‍.എല്‍, കേരള കോണ്‍ഗ്രസ് വിട്ടുവന്നവര്‍, ജെ.എസ്.എസിലെ ഒരു വിഭാഗം, സി.എം.പിയിലെ ഒരു വിഭാഗം അടക്കമുള്ളവരുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് സി.പി.എം ഇതിനകം തുടക്കമിട്ടിട്ടുണ്ട്. പിണറായിയും വി.എസ്. അച്യുതാനന്ദനും മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. മാര്‍ച്ച് 12ന് സെക്രട്ടേറിയറ്റും 13ന് സംസ്ഥാന കമ്മിറ്റിയും നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സി.പി.ഐ ആകട്ടെ 11ന് സംസ്ഥാന എക്സിക്യൂട്ടിവും കൗണ്‍സിലും ചേര്‍ന്ന് പ്രാഥമിക ചര്‍ച്ച നടത്തും.

18ന് വീണ്ടും എക്സിക്യൂട്ടിവും 19ന് സംസ്ഥാന കൗണ്‍സിലും ചേര്‍ന്ന് സ്ഥാനാര്‍ഥി നിര്‍ണയം അന്തിമമായി നടത്തും. നിയമസഭയില്‍ ഇക്കുറി അക്കൗണ്ട് തുറക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥി നിര്‍ണയ നടപടികള്‍ക്ക് വേഗം വരുത്തിയിട്ടുണ്ട്. കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് കഴിഞ്ഞ ദിവസം പ്രധാന സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണ ഉണ്ടാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റി ശനിയാഴ്ച ചേരുന്നുണ്ട്. തലസ്ഥാന ജില്ലയിലാണ് ഇക്കുറി അവരുടെ പ്രതീക്ഷ മുഴുവന്‍. മുതിര്‍ന്ന നേതാവ്  ഒ. രാജഗോപാലിനെ നേമത്തുതന്നെ വീണ്ടും മത്സരിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്. എന്‍.ഡി.എ ഘടകകക്ഷിയായ വെള്ളാപ്പള്ളി നടേശന്‍െറ ബി.ഡി.ജെ.എസുമായി സീറ്റ് ചര്‍ച്ച തുടങ്ങിയിട്ടില്ല. നിരവധി ചെറുപാര്‍ട്ടികളും ശക്തി തെളിയിക്കാനുള്ള തയാറെടുപ്പിലാണ്. ഈ മാസം പകുതിയോടെ മത്സരചിത്രം തെളിയും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.