ബൂത്തിലേക്കുള്ള കാത്തിരിപ്പ്, വിലപേശലിന്‍െറയും വിധികളുടെയും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി രണ്ടര മാസത്തോളം. പൊള്ളുന്ന വേനല്‍ച്ചൂടിനെക്കാള്‍ വിലപേശലുകളുടെയും വരാനിടയുള്ള കോടതി, കമീഷന്‍ ഇടപെടലുകളുടെയും ഉള്‍ച്ചൂടിലായിരിക്കും മുന്നണികളും പാര്‍ട്ടികളും ഈ ദിനങ്ങളില്‍. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചശേഷമുള്ള സമയദൈര്‍ഘ്യം പാര്‍ട്ടികളുടെയും പിളര്‍പ്പന്മാരുടെയും വിലപേശല്‍ സമയവും നീട്ടും. അതിനിടെയാണ് ബാര്‍, ലാവലിന്‍ കേസുകളിലെ കോടതിയുടെയും സോളാറിലെ കമീഷന്‍ നിലപാടും പുറത്തുവരാനിടയുള്ളത്.

മുസ്ലിം ലീഗ് മാത്രമാണ് തങ്ങളുടെ സ്ഥാനാര്‍ഥികളില്‍ 20 പേരെ പ്രഖ്യാപിച്ചിട്ടുള്ളത്. അതില്‍തന്നെ യുവാക്കളെയും വനിതകളെയും അവഗണിച്ചെന്ന ആക്ഷേപം ഉയര്‍ന്നിട്ടുമുണ്ട്. സി.പി.എമ്മും കോണ്‍ഗ്രസും അടക്കം പ്രമുഖ പാര്‍ട്ടികളെല്ലാം സ്ഥാനാര്‍ഥി നിര്‍ണയചര്‍ച്ചയിലാണ്. ഏപ്രില്‍ അവസാനമെങ്കിലും തെരഞ്ഞെടുപ്പ് വരുമെന്ന കണക്കുകൂട്ടലിലായിരുന്നു എല്ലാവരും. എന്നാല്‍ എപ്രില്‍ 29 വരെ പത്രിക സമര്‍പ്പണത്തിന് സമയമുള്ളതിനാല്‍ എല്ലാവര്‍ക്കും എല്ലാറ്റിനും സാവകാശം ലഭിക്കുകയാണ്.

കേരള കോണ്‍ഗ്രസ് എമ്മിലെ പിളര്‍പ്പടക്കം ഈ പ്രതീക്ഷയിലാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. ഇത്തരത്തില്‍ പിളര്‍ക്കാന്‍ കാത്തിരിക്കുന്നവര്‍ക്കും പുതുബന്ധങ്ങള്‍ തേടുന്നവര്‍ക്കും സമയം വേണ്ടുവോളം. ഒന്നും ഓടിച്ചിട്ട് തീര്‍ക്കാനില്ലാത്തതിനാല്‍ അതിനനുസരിച്ച് അവകാശവാദങ്ങളും ഉയരും. വേണ്ടപ്പെട്ടവര്‍ക്കുവേണ്ടിയുള്ള മത, സാമുദായിക ഇടപെടലുകള്‍ക്കും അവസരം.

ഇത് കക്ഷിനേതാക്കള്‍ക്ക് സൃഷ്ടിക്കുന്ന തലവേദന ചില്ലറയായിരിക്കില്ല. ഇനി എല്ലാം പെട്ടെന്ന് പൂര്‍ത്തിയാക്കി എല്ലാവരും രംഗത്തിറങ്ങിയാല്‍ ഇത്രയും നാള്‍ ആവേശം നിലനിര്‍ത്തി പ്രചാരണം നടത്തുക സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും എളുപ്പവുമല്ല. കാശ് ചെലവ് അതിനുപുറമെയും. വേനലിന്‍െറയും കുടിവെള്ളക്ഷാമത്തിന്‍െറയും നടുമധ്യത്തിലാവുമോ വോട്ടെടുപ്പെന്ന ആശങ്ക സിറ്റിങ് എം.എല്‍.എമാരില്‍ പലരും ഇപ്പോഴേ പ്രകടിപ്പിക്കുന്നു.
ഇതിനുപുറമെ, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉള്‍പ്പെട്ട ലാവലിന്‍ കേസ് ഹൈകോടതിയുടെ പരിഗണനക്ക് വരുക ഏപ്രില്‍ അവസാനമാണ്.

ധിറുതിപ്പെട്ട് കേസെടുക്കേണ്ടതില്ളെന്ന് കോടതി അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയും അത് അങ്ങനെ തന്നെയാവണമെന്നില്ല. കോടതി അവധിയുടെ സമയമായതിനാല്‍ കേസ് നീട്ടിവെക്കാനും സാധ്യതയുണ്ട്. സോളാര്‍ കമീഷന്‍െറ കാലാവധി തീരുന്നത് ഏപ്രില്‍ 27നാണ്. ആ സമയപരിധിക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാവില്ളെന്ന് ജസ്റ്റിസ് ശിവരാജന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടക്കാല റിപ്പോര്‍ട്ട് നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചാല്‍ അത് എന്തായാലും ഇരുകൂട്ടര്‍ക്കും ബാധകം. അതിനിടെ സരിതയുടെ പുതിയ വെളിപ്പെടുത്തലുകള്‍ എന്തെങ്കിലും വന്നാല്‍ അതും ഇപ്പോള്‍ തണുത്തിരിക്കുന്ന അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കും.

മന്ത്രി കെ. ബാബുവിന്‍െറ കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയുടെയും മുന്‍മന്ത്രി കെ.എം. മാണിക്കെതിരായ കേസ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെയും പതിഗണനയിലാണ്. അതിലും സമൂഹത്തിലാകെയും ഈ നീണ്ട കാലയളവില്‍ എന്ത് സംഭവിച്ചാലും അതെല്ലാം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെയും ബാധിക്കും. പുറമെ, തങ്ങള്‍ക്ക് ഗുണകരമെന്ന് കക്ഷികളെല്ലാം അവകാശപ്പെടുമ്പോഴും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍െറ തീയതി പ്രഖ്യാപനം ഇത്തിരി കടുപ്പമായിപ്പോയെന്ന രഹസ്യനിലപാടിലാണ് എല്ലാവരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.