ഞാന്‍ മത്സരിക്കും; ഞാന്‍ തന്നെ മത്സരിക്കും

ഞാന്‍ സ്ഥാനാര്‍ഥിയാകും, മത്സരിക്കും, ഉച്ചക്ക് മുമ്പുതന്നെ ജയിക്കും, മന്ത്രിയാകും... ഇത്തരമൊരു ഉറപ്പ് പറയാനുള്ള ചങ്കൂറ്റം കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടിക്കല്ലാതെ മറ്റാര്‍ക്കാണുള്ളത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍െറ വിപ്ളവവഴികളില്‍ രേഖപ്പെടുത്തിയ ഒട്ടേറെ സമരമുഖങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച കുട്ടനാട്ടില്‍നിന്ന് ഇനിയും മത്സരിക്കുമെന്ന് പറയാന്‍ ആരുടെയും അഭിപ്രായം തോമസ് ചാണ്ടിക്ക് ചോദിക്കേണ്ടതില്ല. ആവശ്യത്തിന് പണം, പദവിക്ക് പദവി, സ്ഥാവര ജംഗമ സ്വത്തുക്കളാണെങ്കില്‍ ഏറെ, വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ -തോമസ് ചാണ്ടിയെ പിറകിലാക്കാന്‍ ആരും നോക്കേണ്ട. ഇടത് മുന്നണിയിലെ പലരും ചാണ്ടിയുടെ പ്രഖ്യാപനം കേട്ട് നെറ്റിചുളിച്ചെങ്കിലും അതെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റായി. തോമസ് ചാണ്ടിയുടെ മൂന്നാംഊഴത്തിന് തടയിടാന്‍ ആലപ്പുഴയില്‍ ആരുണ്ടെന്ന വെല്ലുവിളി ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. കോണ്‍ഗ്രസില്‍ പലരുടെയും പേരുകള്‍ പറയുന്നെങ്കിലും ഒന്നിനും വ്യക്തതയുമില്ല. എന്തായാലും കുട്ടനാട്ടില്‍ അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നത്തില്‍ വോട്ടുചെയ്യാനുള്ള അവസരം ഇത്തവണയെങ്കിലും തൊഴിലാളി വര്‍ഗത്തിന് കിട്ടുമോ എന്തോ.

ചെങ്ങന്നൂരില്‍ കോണ്‍ഗ്രസിലെ പഴയ ഉശിരന്‍ മങ്കയുടെ പടപ്പുറപ്പാടാണ്. മറ്റാരുമല്ല, സാക്ഷാല്‍ ശോഭന ജോര്‍ജ്. ശോഭന ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. മൂന്നുതവണ ചെങ്ങന്നൂരിലെ എം.എല്‍.എയായി. ഇത്തവണ സീറ്റ് തന്നില്ളെങ്കില്‍ സ്വതന്ത്രയായി മത്സരിക്കുമെന്നാണ് മുഖ്യമന്ത്രിക്കും കെ.പി.സി.സി പ്രസിഡന്‍റിനും അവര്‍ നല്‍കിയ മുന്നറിയിപ്പ്. രാഷ്ട്രീയത്തില്‍ ചില അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. അതുമാത്രമേ ശോഭനക്കും ഉണ്ടായുള്ളൂ. 2005ല്‍ കരുണാകരന്‍ ഡി.ഐ.സി ഉണ്ടാക്കിയപ്പോള്‍ അങ്ങോട്ടുപോയി. പിന്നീടങ്ങോട്ട് കഷ്ടകാലമായിരുന്നു. ഇത്തവണ സീറ്റ് കിട്ടിയില്ളെങ്കില്‍ വിഷന്‍ ചെങ്ങന്നൂര്‍ എന്ന പേരില്‍ ഉണ്ടാക്കിയ സംഘടനയുടെ ഭാഗമായി മത്സരിക്കാനാണ് നീക്കം. എന്നാല്‍, ഇതൊന്നും വകവെച്ചുകൊടുക്കാന്‍ സിറ്റിങ് എം.എല്‍.എ പി.സി. വിഷ്ണുനാഥ് ഒരുക്കമല്ല. ശോഭനയുടെ ഭീഷണി കൈയിലിരിക്കട്ടെ, എല്‍.ഡി.എഫുമായി അവര്‍ ചേര്‍ന്നാലും യു.ഡി.എഫിന്‍െറ കോട്ട വിഷ്ണുനാഥ് കാക്കുമെന്നാണ് കെ.പി.സി.സി നേതൃത്വത്തിന്‍െറ ആശ്വാസം.  

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രസിഡന്‍റ് സ്ഥാനമുള്ള പാര്‍ട്ടിയില്‍നിന്ന് രാജിവെക്കുന്നവര്‍വരെ ഇക്കാലത്തുണ്ട്. ജെ.എസ്.എസ് ഒരുവിഭാഗത്തിന്‍െറ പ്രസിഡന്‍റായ കെ.കെ. ഷാജുവാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ പാര്‍ട്ടിയില്‍ നിന്നുതന്നെ രാജിവെച്ചത്. ലക്ഷ്യം മാവേലിക്കര സംവരണ മണ്ഡലമാണ്. കഴിഞ്ഞതവണ അവിടെ തോറ്റു. മാവേലിക്കര കിട്ടിയില്ളെങ്കില്‍ അടൂരായാലും മത്സരിക്കും. എന്തായാലും ജെ.എസ്.എസിന്‍െറ ലക്ഷ്യങ്ങള്‍ കൊള്ളില്ളെന്ന് ഇപ്പോള്‍ മനസ്സിലായി. നല്ലത് ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസാണെന്ന് തിരിച്ചറിവുംവന്നു. ഈ രീതിയില്‍ ഐ ഗ്രൂപ്പിന്‍െറ സ്വാധീനത്തില്‍ ഷാജു ഒരു സീറ്റ് തരപ്പെടുത്തി എടുക്കുമെന്നാണ് നീക്കങ്ങളില്‍ മനസ്സിലാകുന്നത്.

കായംകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ ലിസ്റ്റില്‍ കൊമ്പന്മാര്‍ മുതല്‍ പുതുമുഖങ്ങള്‍ വരെ ഡസന്‍കണക്കിനുണ്ട്. നാലുതവണ നിയമസഭയില്‍ എത്തിയിട്ടും കൊതിതീരാത്ത എം. മുരളിയും ഇത്തവണയെങ്കിലും ഒരു സീറ്റ് തരപ്പെടുത്താമെന്ന് കാത്തിരിക്കുന്ന മാന്നാര്‍ അബ്ദുല്‍ ലത്തീഫും തോറ്റ നിര്‍ഭാഗ്യത്തില്‍ ദു$ഖിച്ച സി.ആര്‍. ജയപ്രകാശും തുടങ്ങി നേതാക്കള്‍ ഏറെ. കൂടാതെ എം. ലിജുവിന്‍െറ പേരും ഉണ്ട്. ഇടതുമുന്നണിയില്‍ കായംകുളത്ത് മൂന്നാംതവണയും സി.കെ. സദാശിവന്‍െറ സാന്നിധ്യം ഉണ്ടാകുമെന്നാണ് പറയുന്നത്.

ഹരിപ്പാട്ട് നാലാം ഊഴക്കാരനായി രമേശ് ചെന്നിത്തല അല്ലാതെ യു.ഡി.എഫില്‍ മറ്റാരുമില്ല. പ്രതിപക്ഷമാകട്ടെ അവിടെ സി.പി.ഐയുടെ സീറ്റാക്കി നല്‍കി. സി.പി.ഐ ആകട്ടെ ഹരിപ്പാട് സി.പി.എം എടുത്തിട്ട് പകരം അമ്പലപ്പുഴ കിട്ടണമെന്ന് ആഗ്രഹിക്കുന്നു. ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂറിന് പറ്റിയ മണ്ഡലമേതാണ്. കഴിഞ്ഞതവണ അരൂരില്‍ എ.എം. ആരിഫിനോട് തോറ്റു. അമ്പലപ്പുഴയില്‍ സി.പി.എമ്മിലെ ജി. സുധാകരന്‍ മത്സരരംഗത്തുണ്ടെങ്കില്‍ അവിടെ കോണ്‍ഗ്രസിന്‍െറ സ്ഥാനാര്‍ഥിയാകാന്‍ തയാറാണ്. എന്നാല്‍, ഷാനിമോള്‍ ഉസ്മാന്‍, എം. ലിജു, നെടുമുടി ഹരികുമാര്‍ എന്നിവരുടെ പേരുകൂടി അവിടെ ഉയരുമ്പോള്‍ ആരാകും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെന്ന കാര്യത്തില്‍ അനിശ്ചിതത്വം. ജില്ലയില്‍ ഗ്രൂപ് അതീതമായി നേതാക്കളെ പങ്കെടുപ്പിച്ച് പരിപാടികള്‍ നടത്തി ദീര്‍ഘകാലം പ്രസിഡന്‍റ് സ്ഥാനത്തിരിക്കുന്ന ഷുക്കൂറിന് ഉറച്ച സീറ്റ് ഐ ഗ്രൂപ്പിന്‍െറ അക്കൗണ്ടില്‍ ലഭിക്കുമെന്ന വിശ്വാസമാണ്. കെ.പി.സി.സി ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാം, എം.ജെ. ജോബ് തുടങ്ങിയവരുടെ പേരുകള്‍ ആലപ്പുഴ മണ്ഡലത്തിലേക്കായി ഉണ്ട്. സി.പി.എമ്മിലെ തോമസ് ഐസക്കായിരിക്കും ആലപ്പുഴയില്‍ ഇടത് സ്ഥാനാര്‍ഥി.

ചേര്‍ത്തലയില്‍ യുവനേതാവ് ശരത്തിന്‍െറയും ഷാജിമോഹന്‍െറയും ഡി. സുഗതന്‍െറയും ബി. ബൈജുവിന്‍െറയും പേരുകള്‍ക്കാണ് പരിഗണന കൂടുതല്‍. എ.കെ. ആന്‍റണിയുടെയും വയലാര്‍ രവിയുടെയും നാടായതിനാല്‍ അവരുടെ താല്‍പര്യംകൂടി ചേര്‍ത്തലയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉണ്ടാകും. അരൂരില്‍ കെ.ആര്‍. ഗൗരിയമ്മയുടെ പാര്‍ട്ടി സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. നടന്‍ സിദ്ദീഖിന്‍െറ പേരാണ് അരൂരില്‍ യു.ഡി.എഫിന്‍േറതായി ഉയരുന്നതെങ്കിലും ഷാനിമോള്‍ ഉസ്മാന്‍െറയും അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെയും ലതിക സുഭാഷിന്‍െറയും പേരുകളും അവിടെ നല്‍കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.