ത്രിതല പഞ്ചായത്തില്‍ മൂന്നു വോട്ട് ചെയ്യാന്‍ നമ്മള്‍ ശീലിച്ചത് ഓര്‍ത്ത് പറയാനാകും. എന്നാല്‍, മുക്കാല്‍ നൂറ്റാണ്ടുമുമ്പ് നിയമസഭയിലേക്ക് ഒരു മണ്ഡലത്തില്‍നിന്ന് രണ്ടുപേരെ ജനം തെരഞ്ഞെടുത്തിരുന്നു. ഒരാള്‍ക്ക് രണ്ടുവീതം ബാലറ്റ്പേപ്പര്‍ നല്‍കി കേരളത്തിലെ 12 മണ്ഡലങ്ങളില്‍നിന്ന് 24 പേരെയാണ് അങ്ങനെ തെരഞ്ഞെടുത്തത്. 1951ല്‍ തിരു-കൊച്ചി, മദിരാശി സഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് മുതല്‍ നിലവിലുണ്ടായ ഈ സംവിധാനം കേരളപ്പിറവിക്കുശേഷം നടന്ന 57ലെയും 60ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിലും ആവര്‍ത്തിച്ചു. 114 നിയമസഭാ മണ്ഡലങ്ങളില്‍നിന്ന് 126 സാമാജികരെയാണ് ഇങ്ങനെ തെരഞ്ഞെടുത്തിരുന്നത്.
വര്‍ക്കല, തൃക്കടവൂര്‍, മാവേലിക്കര, കുന്നത്തൂര്‍, ദേവികുളം ചാലക്കുടി, വടക്കാഞ്ചേരി, പൊന്നാനി, ചിറ്റൂര്‍, മഞ്ചേരി, വയനാട്, നീലേശ്വരം എന്നിവയാണ് ഇരട്ട അംഗത്വമുണ്ടായിരുന്ന മണ്ഡലങ്ങള്‍. മറ്റെല്ലാ മണ്ഡലങ്ങളിലും 50,000 മുതല്‍ 60,000വരെ വോട്ടുകളാണെങ്കില്‍ ഇരട്ട അംഗ മണ്ഡലങ്ങളില്‍ ലക്ഷത്തിന് മുകളിലായിരുന്നു വോട്ടര്‍മാര്‍. ഇരട്ട അംഗ മണ്ഡലങ്ങളില്‍ പട്ടികജാതിക്ക് ഒന്നുവീതം സംവരണം ചെയ്തതായിരുന്നു. അതിനാല്‍ എല്ലാ പാര്‍ട്ടികള്‍ക്കും പട്ടികജാതിയിലും പൊതുവായും രണ്ടു സ്ഥാനാര്‍ഥികളെ കണ്ടെത്തേണ്ടിവന്നു. വോട്ടിങ്ങിന്‍െറ നടപടികളിലെ പരിമിതികൊണ്ടാവണം ചില മണ്ഡലങ്ങളില്‍ പട്ടികജാതിക്കാരായ രണ്ടുപേരും ജയിച്ചുകയറിയ കൗതുകവും ഉണ്ടായി.
കേരളത്തിന്‍െറ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ്. നമ്പൂതിരിപ്പാട് ഇരട്ട അംഗത്വ മണ്ഡലമായ കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തുനിന്നാണ് ജയിച്ചത്. ഇവിടെനിന്ന് പട്ടികജാതിക്കാരനായി കല്ലാളനും ജയിച്ചു. തൃക്കടവൂരിലും വടക്കാഞ്ചേരിയിലും പൊന്നാനിയിലും 57ല്‍ രണ്ടുപേരും പട്ടികജാതിക്കാരാണ് വിജയിച്ചത്. ഇരട്ട അംഗത്വ മണ്ഡലമായ പൊന്നാനിയില്‍ ഇ.കെ. ഇമ്പിച്ചിബാവ മത്സരിച്ച് മൂന്നാം സ്ഥാനത്തായിപ്പോയതാണ് ഈ തെരഞ്ഞെടുപ്പിലെ ചര്‍ച്ചചെയ്യപ്പെട്ട കൗതുകം. പൊന്നാനിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംവരണ സ്ഥാനാര്‍ഥിയായി കുഞ്ഞനെയും പൊതു സ്ഥാനാര്‍ഥിയായി ഇമ്പിച്ചിബാവയെയുമാണ് നിര്‍ത്തിയിരുന്നത്. പക്ഷേ, ജനം തെരഞ്ഞെടുത്തത് കോണ്‍ഗ്രസിലെ പട്ടികജാതിക്കാരനായ കുഞ്ഞമ്പുവിനെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പട്ടികജാതിക്കാരനായ കുഞ്ഞനെയുമായിരുന്നു. കോണ്‍ഗ്രസിലെ പൊതുസ്ഥാനാര്‍ഥിയായ രാമന്‍ മേനോന്‍ അഞ്ചാമനായി താഴുകയും ചെയ്തു.
1952ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ദ്വയാംഗ മണ്ഡലങ്ങള്‍ കേരളത്തിലുണ്ടായിരുന്നു. അന്നത്തെ മദിരാശി സംസ്ഥാനത്തിന്‍െറ ഭാഗമായിരുന്ന മലബാറില്‍ അഞ്ചു പാര്‍ലമെന്‍റ് മണ്ഡലങ്ങളാണുണ്ടായിരുന്നത്. തിരുകൊച്ചി സംസ്ഥാനത്തെ 11 പാര്‍ലമെന്‍റ് മണ്ഡലങ്ങളില്‍ പൊന്നാനി ദ്വയാംഗ മണ്ഡലമായിരുന്നു. ഇങ്ങനെ ആകെയുള്ള 16 മണ്ഡലങ്ങളില്‍നിന്ന് 18 പാര്‍ലമെന്‍റ് അംഗങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. കേരളപ്പിറവിക്കുശേഷം 1957ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാടും കൊല്ലവുമായിരുന്നു ദ്വയാംഗ മണ്ഡലങ്ങള്‍. 1962ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലും പിന്നീട് 1965ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ദ്വയാംഗ മണ്ഡലങ്ങള്‍ ഡീലിമിറ്റേഷനുശേഷം ഇല്ലാതായി. 65ല്‍ കേരള നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം 133 ആയി ഉയര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.