സ്ഥാനാര്‍ഥി പ്രഖ്യാപനം കോഴിക്കോട്ട് ലീഗില്‍ പ്രതിസന്ധി രൂക്ഷം

കോഴിക്കോട്: സ്ഥാനാര്‍ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് ജില്ലയില്‍ മുസ്ലിം ലീഗില്‍ ഉടലെടുത്ത വിഭാഗീയതയും പ്രതിസന്ധിയും സങ്കീര്‍ണമായി. ജില്ലയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച മൂന്നില്‍ രണ്ടു മണ്ഡലങ്ങളിലും പ്രതിസന്ധി രൂക്ഷമാണ്. കൊടുവള്ളി, തിരുവമ്പാടി, കോഴിക്കോട് സൗത് എന്നീ സിറ്റിങ് മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ലീഗ് ജില്ലാ ജന. സെക്രട്ടറി പദവി ആര്‍ക്ക് നല്‍കണമെന്നതിലും തര്‍ക്കം രൂക്ഷമാണ്.

ജില്ലാ ജന. സെക്രട്ടറി എം.എ. റസാഖാണ്കൊടുവള്ളിയില്‍ സ്ഥാനാര്‍ഥി. നിയോജകമണ്ഡലം കമ്മിറ്റിയോട് ആലോചിക്കാതെ നേതൃത്വം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് നിയോജകമണ്ഡലം ലീഗ് ജന. സെക്രട്ടറി കാരാട്ട് റസാഖ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. ഒൗദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ സ്വതന്ത്രനായി മത്സരിക്കാനാണ് റസാഖിന്‍െറ തീരുമാനം. ലീഗിലെ ഒരുവിഭാഗവും ഇടതുപക്ഷവും പിന്തുണക്കുമെന്ന് അറിയുന്നു. സിറ്റിങ് എം.എല്‍.എ വി.എം. ഉമ്മറിനെ തിരുവമ്പാടിയിലേക്ക് മാറ്റിയാണ് റസാഖിനെ കൊടുവള്ളിയിലേക്ക് കൊണ്ടുവന്നത്. ഇതോടെ കൊടുവള്ളി മണ്ഡലം ലീഗില്‍ നിലനിന്ന ആഭ്യന്തരപ്രശ്നങ്ങള്‍ രൂക്ഷമായി.

ഒപ്പം തിരുവമ്പാടിയിലും സ്ഥിതി സങ്കീര്‍ണമാണ്. തിരുവമ്പാടിയിലെ സിറ്റിങ് എം.എല്‍.എ മോയിന്‍കുട്ടിയെ മാറ്റിയാണ് ഉമ്മറിന്  സീറ്റ് നല്‍കിയത്. മോയിന്‍കുട്ടിക്ക് സീറ്റ് നിഷേധിച്ചത് ലീഗില്‍ മാത്രമല്ല, മണ്ഡലത്തില്‍ യു.ഡി.എഫിന്‍െറ നിലനില്‍പും ചോദ്യംചെയ്യുന്നിടത്തോളം എത്തി. ലീഗ് സ്ഥാനാര്‍ഥിക്കെതിരെ താമരശ്ശേരി ബിഷപ്പും ക്രിസ്ത്യന്‍ മതനേതൃത്വവും പരസ്യമായി രംഗത്തത്തെിയതോടെ യു.ഡി.എഫ് നേതൃത്വം കുഴ ങ്ങിയിട്ടുണ്ട്. പുറമെ സ്ഥാനാര്‍ഥിത്വം നഷ്ടമായതിന് പാര്‍ട്ടിനേതൃത്വം സമ്മാനിച്ച ലീഗ് ജില്ലാ ജന. സെക്രട്ടറി പദവി അദ്ദേഹം സ്വീകരിച്ചിട്ടുമില്ല. പാര്‍ട്ടിയില്‍ തന്നെക്കാളും ഏറെ ജൂനിയറായ ഉമ്മര്‍ പാണ്ടികശാലയാണ് ജില്ലാ പ്രസിഡന്‍റ്. അദ്ദേഹത്തിനുകീഴില്‍ സെക്രട്ടറയാകുന്നതിന്‍െറ അനൗചിത്യം നേതൃത്വത്തെ ബോധിപ്പിക്കുകയും ചെയ്തു. ഇതോടെ മോയിന്‍കുട്ടിക്ക്  സംസ്ഥാന ഭാരവാഹിത്വം നല്‍കി പ്രശ്നം പരിഹരിക്കാനാവുമോ എന്നാണ്  ആലോചിക്കുന്നത്.

ജില്ലാ ജന. സെക്രട്ടറി പദവിയെച്ചൊല്ലിയും തര്‍ക്കം രൂക്ഷമാണ്. മോയിന്‍കുട്ടി വിസമ്മതിച്ചതിനെ തുടര്‍ന്ന് പകരം ആരെ സെക്രട്ടറിയാക്കണമെന്നതാണ് കുഴക്കുന്നത്. സി.പി. ചെറിയ മുഹമ്മദിനു ചുമതല നല്‍കാന്‍ സംസ്ഥാന നേതൃത്വം ശ്രമിച്ചെങ്കിലും ജില്ലാ ഭാരവാഹികളില്‍ ബഹുഭൂരിഭാഗവും എതിരെ വന്നതിനാല്‍ തീരുമാനം മാറ്റിവെച്ചിരിക്കുകയാണ്. കൊടുവള്ളിയിലെ ലീഗിനകത്തെ ആഭ്യന്തരകലാപം 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിലേതിന് സമാനമാണിപ്പോള്‍. അന്ന് വിമത സ്ഥാനാര്‍ഥി പി.ടി.എ. റഹീം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരനെ 8000ത്തോളം വോട്ടിനാണ് പരാജയപ്പെടുത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.