കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ, മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ ഇടയുള്ള പിണറായി വിജയന്‍െറ കണ്ണൂരിലെ തട്ടകമേതെന്ന അഭ്യൂഹത്തിന് മാര്‍ച്ച് 11,12 തീയതികളില്‍ ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ തീരുമാനമെടുക്കും. പിണറായി വിജയന് പയ്യന്നൂര്‍, ധര്‍മടം എന്നീ മണ്ഡലങ്ങളിലൊന്നാണ് കണ്ടത്തെുക. ഇതുസംബന്ധിച്ച് ജില്ലാ കമ്മിറ്റിയുടെ നിലപാട് മേല്‍ഘടകത്തിന് നല്‍കിക്കഴിഞ്ഞു.
മുസ്ലിംലീഗിന്‍െറ കെ.എം.ഷാജി അഴീക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയതൊഴിച്ചാല്‍ കണ്ണൂര്‍ ജില്ലയില്‍ മറ്റൊന്നും വ്യക്തത വന്നിട്ടില്ല. കെ.സി. ജോസഫിന്‍െറ തട്ടകമായ ഇരിക്കൂറിലും കെ.സുധാകരന്‍ വീണ്ടും മത്സരിക്കാന്‍ സന്നദ്ധമായാല്‍ അബ്ദുല്ലക്കുട്ടിയുടെ സിറ്റിങ് സീറ്റായ കണ്ണൂരിലും കോണ്‍ഗ്രസിന് തീരുമാനമെടുക്കുന്നത് സങ്കീര്‍ണമാവും.
ഇടതുമുന്നണിയില്‍ ഏതാണ്ട് ജില്ലയിലെ സീറ്റിനെക്കുറിച്ച് ധാരണയുണ്ട്. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ സ്വന്തം മണ്ഡലമായ ധര്‍മടത്ത് മത്സരിപ്പിക്കണോ എന്നത് സംസ്ഥാന നേതൃത്വമാണ് തീരുമാനിക്കുക. ജില്ലയിലെ സി.പി.എം സ്ഥാനാര്‍ഥികളില്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ലഭിച്ച മണ്ഡലമാണ് ധര്‍മടം. കഴിഞ്ഞ തവണ കെ.കെ. നാരായണന്‍ 15612 വോട്ടിന്‍െറ ഭൂരിപക്ഷത്തിലാണ് ഇവിടെ ജയിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളമാകെ ഓടിനടക്കേണ്ട പിണറായിയുടെ അസാന്നിധ്യത്തില്‍ സുരക്ഷിതമായി നിര്‍ത്താവുന്നത് പയ്യന്നൂരാണെന്നാണ് ജില്ലാ കമ്മിറ്റിയിലെ അഭിപ്രായം. കഴിഞ്ഞതവണ സി.പി.എമ്മിലെ സി. കൃഷ്ണന്‍ 32124 വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ് പയ്യന്നൂരില്‍ വിജയിച്ചത്.
സി. കൃഷ്ണനെ ധര്‍മടത്തേക്ക് മാറ്റി പിണറായിയെ പയ്യന്നൂരില്‍ മത്സരിപ്പിക്കാനാണ് ആലോചന.കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ തവണ വിജയിച്ച തലശ്ശേരിയില്‍ എ.എന്‍. ഷംസീറിനെയും പേരാവൂരില്‍ കെ.കെ. ശൈലജയെയും മത്സരിപ്പിക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റിന്‍െറ തീരുമാനം. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ തോറ്റ ഷംസീറിന് തലശ്ശേരിയിലെ മുസ്ലിം പാരമ്പര്യം പ്ളസ് പോയന്‍റാണ്. കെ.പി. മമ്മുമാസ്റ്ററുടെ മണ്ഡലമായ തലശ്ശേരി പിന്നീട് ഇ.കെ.നായനാര്‍ക്കുവേണ്ടി മമ്മു മാസ്റ്റര്‍ ഒഴിഞ്ഞുകൊടുത്തതായിരുന്നു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ പേരാവൂരില്‍ തന്നെ മത്സരിക്കും. കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ സ്ഥാനാര്‍ഥിയാവുകയാണെങ്കില്‍ സിറ്റിങ് എം.എല്‍.എമാരില്‍ ആരെങ്കിലും മാറിനില്‍ക്കേണ്ടിവരും.
അഴീക്കോട്ട് കെ.എം. ഷാജിക്കെതിരെ എം.വി. രാഘവന്‍െറ മകനും മാധ്യമ പ്രവര്‍ത്തകനുമായ എം.വി. നികേഷ് കുമാറിന്‍െറ പേര് പറഞ്ഞിരുന്നുവെങ്കിലും കഴിഞ്ഞ തവണ നേരിയ വോട്ടിന് ഇവിടെ തോറ്റ എം.പ്രകാശന്‍ മാസ്റ്റര്‍ വരുമെന്നാണ് സൂചന. കണ്ണൂര്‍ കോണ്‍ഗ്രസ് എസിനും കൂത്തുപറമ്പ് ഐ.എന്‍.എല്ലിനും ഇരിക്കൂര്‍ സി.പി.ഐക്കും തന്നെ നല്‍കും. യു.ഡി.എഫില്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം നേടിയ മുസ്ലിംലീഗിലെ കെ.എം. ഷാജി പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
കോണ്‍ഗ്രസിന്‍െറ സീറ്റുകളില്‍ ഇനിയും തീരുമാനമായിട്ടില്ല. കണ്ണൂര്‍ സീറ്റില്‍ എ.പി അബ്ദുല്ലക്കുട്ടിയോ കെ. സുധാകരനോ എന്ന് വ്യക്തമായിട്ടില്ല. ഇരിക്കൂറിലാവട്ടെ കെ.സി. ജോസഫിന് കടുത്ത വെല്ലുവിളിയുണ്ട്. സതീശന്‍ പാച്ചേനിയും സജീവ് ജോസഫും ഇവിടെ ശക്തമായി രംഗത്തുണ്ട്. പേരാവൂരില്‍ കോണ്‍ഗ്രസിലെ സണ്ണി ജോസഫും കൂത്തുപറമ്പില്‍ എസ്.ജെ.ഡിയിലെ കെ.പി. മോഹനനും വീണ്ടും മത്സരിക്കും. മട്ടന്നൂര്‍ കേരള കോണ്‍ഗ്രസ് എമ്മിന് തന്നെ നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.