ഏറ്റവും കൂടുതല്‍ ദിവസം സഭ ചേര്‍ന്നത് അച്യുതമേനോന്‍ സര്‍ക്കാര്‍

സി. അച്യുതമേനോന്‍ നേതൃത്വം നല്‍കിയ, കോണ്‍ഗ്രസ് ഉള്‍പ്പെട്ട 1970ലെ മന്ത്രിസഭയാണ് ഏറ്റവും കൂടുതല്‍ സഭചേര്‍ന്നതും ഏറ്റവും കൂടുതല്‍ ബില്ലുകള്‍ പാസാക്കിയതും.   നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ നിലനിന്ന മുന്നണിയും മന്ത്രിസഭയും അതേനിലയില്‍ വീണ്ടും ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുന്ന ആദ്യാനുഭവവും അച്യുതമേനോന്‍ മന്ത്രിസഭക്കായിരുന്നു. അച്യുതമേനോന്‍ മന്ത്രിസഭയുടെ കീഴില്‍  322 ദിവസമാണ് നിയമസഭ ചേര്‍ന്നത്. കോണ്‍ഗ്രസും മുസ്ലിം ലീഗും ആര്‍.എസ്.പി.യും പി.എസ്.പി.യും ഉള്‍പ്പെട്ടതായിരുന്നു അന്നത്തെ ഭരണമുന്നണി. 1970 മുതല്‍ 77വരെ ഏറ്റവും ദൈര്‍ഘ്യമുള്ള കാലയളവില്‍ നിലനിന്ന മന്ത്രിസഭയും ഇതാണ്.

ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ 1987ല്‍ നിലവില്‍വന്ന എട്ടാം നിയമസഭയാണ് 312 ദിവസം ചേര്‍ന്നുകൊണ്ട് തൊട്ടുപിറകില്‍ നില്‍ക്കുന്നത്. 1960ല്‍ നിലവില്‍വന്ന രണ്ടാം നിയമസഭ 300 ദിവസവും ചേര്‍ന്നു. രണ്ടാം നിയമസഭയുടെ കാലയളവ് രണ്ടു മന്ത്രിസഭകളുടെ കാലംകൂടിയായിരുന്നു. 60ലെ തെരഞ്ഞെടുപ്പില്‍ പട്ടം താണുപ്പിള്ളയുടെ നേതൃത്വത്തില്‍ നിലവില്‍വന്ന ആദ്യ മന്ത്രിസഭ രണ്ടു വര്‍ഷം തുടര്‍ന്നില്ല. പട്ടം പഞ്ചാബ് ഗവര്‍ണറായി നിയോഗിതനായതിനാല്‍, ഉപമുഖ്യമന്ത്രിയായ ആര്‍. ശങ്കര്‍ 1962 സെപ്റ്റംബര്‍ 26ന് മുഖ്യമന്ത്രിയായി അധികാരമേറ്റു.

ഏറ്റവും കൂടുതല്‍ ദിവസം സഭചേര്‍ന്ന അച്യുതമേനോന്‍ മന്ത്രിസഭയാണ് ഏറ്റവും കൂടുതല്‍ ബില്ലുകളും പാസാക്കിയത്. 227 ബില്ലുകളാണ് ഈ കാലയളവില്‍ പാസാക്കിയത്. ഇത്രത്തോളം ബില്ലുകള്‍ പാസാക്കിയ ഒരു കാലയളവ് നിയമസഭയുടെ ചരിത്രത്തില്‍ വേറെയില്ല. 161 ബില്ലുകള്‍ പാസാക്കി രണ്ടാം നിയമസഭയാണ് പിന്നില്‍നില്‍ക്കുന്നത്. ഏറ്റവും ചുരുങ്ങിയ ബില്ലുകള്‍ (47) പാസാക്കിയത് ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായ ആറാം നിയമസഭയാണ്.
13 നിയമസഭകള്‍ക്ക് 21 മന്ത്രിസഭയാണ് കേരളം ഇതുവരെ ഭരിച്ചത്. വിമോചനസമരത്തെ തുടര്‍ന്ന് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്‍െറ ഒന്നാം മന്ത്രിസഭ കാലാവധിക്കുമുമ്പ് രാഷ്ട്രപതി പിരിച്ചുവിട്ടു. രണ്ടാം നിയമസഭക്ക് പട്ടം താണുപ്പിള്ളയുടെയും ആര്‍. ശങ്കറിന്‍െറയും രണ്ടു മന്ത്രിസഭ. മൂന്നാം നിയമസഭയിലും ഇ.എം.എസിന്‍െറയും അച്യുതമേനോന്‍െറയും രണ്ടു മന്ത്രിസഭകളാണ് കാലാവധി പൂര്‍ത്തിയാക്കിയത്.

അഞ്ചാം നിയമസഭയാണ് മന്ത്രിസഭാ ബാഹുല്യത്തില്‍ റെക്കോഡിട്ടത്. കെ. കരുണാകരന്‍, എ.കെ. ആന്‍റണി, പി.കെ. വാസുദേവന്‍നായര്‍, സി.എച്ച്. മുഹമ്മദ് കോയ എന്നിങ്ങനെ മുന്നണിസമവാക്യങ്ങള്‍ ആടിയുലഞ്ഞതനുസരിച്ച് മന്ത്രിസഭ പിറക്കുകയും കടപുഴകുകയും ചെയ്തു. ആറാം നിയമസഭയില്‍ ഇ.കെ. നായനാരും കെ. കരുണാകരനും നേതൃത്വം നല്‍കിയ രണ്ടു മന്ത്രിസഭകള്‍ പിറന്നു. ഏഴാം നിയമസഭ കരുണാകരന്‍ മന്ത്രിസഭക്ക് മാത്രമുള്ളതായി. എട്ടാം നിയമസഭ നായനാര്‍ മന്ത്രിസഭക്കും.

ഒമ്പതാം നിയമസഭയില്‍ കോണ്‍ഗ്രസുകാരായ  കെ. കരുണാകരനും എ.കെ. ആന്‍റണിയും മാറിമാറി മുഖ്യമന്ത്രിമാരായി. 10ാം നിയമസഭ നായനാര്‍ മന്ത്രിസഭയുടെ മാത്രം. 11ാം നിയമസഭ എ.കെ. ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിമാരായി പങ്കിട്ടു. 12ാം നിയമസഭയില്‍ വി.എസ്. അച്യുതാനന്ദന്‍െറ ഭരണം അവസാനിപ്പിച്ചാണ് 13ാം നിയമസഭയില്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായത്.  മുന്നണികളെ മാറിമാറി പരീക്ഷിച്ചിരുന്ന കേരളത്തിന്‍െറ ഈ പൂര്‍വമനസ്സിന് ഇനി മാറ്റമുണ്ടാവുമോ എന്നതാണ് ആസന്നമായ തെരഞ്ഞെടുപ്പിലുയരുന്ന പുതിയ ചോദ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.