കളത്തിലിറങ്ങി ലീഗ്; കളമൊരുക്കാനാകാതെ എല്‍.ഡി.എഫ്

മലപ്പുറം: കഴിഞ്ഞ മാസം വരെ മന്ത്രിമാരെയും എം.എല്‍.എമാരെയും നേതാക്കളെയും കല്യാണത്തിന് കിട്ടാന്‍ എന്തായിരുന്നു പാട്! തെരഞ്ഞെടുപ്പ് പ്രഖ്യാപന ശേഷം കാലം മാറി, കഥമാറി. കല്യാണമുണ്ടോ എന്നന്വേഷിച്ച് ഓരോ ദിവസവും വാര്‍ഡ് കമ്മിറ്റികളിലേക്ക് വിളിയാണ്. ക്ഷണിച്ചില്ളെങ്കിലുംഅവര്‍ എത്തുന്നു, വധുവരന്മാരെ അനുഗ്രഹിക്കുന്നു, ഫോട്ടോക്ക് പോസ് ചെയ്യുന്നു. ഇത് ഇന്നലത്തെ മലപ്പുറം കാഴ്ച. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ ഞായറാഴ്ചയിലെ കല്യാണ വീടുകളിലേക്കുള്ള ഓട്ടത്തിലായിരുന്നു സ്ഥാനാര്‍ഥികളും നേതാക്കളും. മരണ വീടുകളില്‍ കയറി അനുശോചനം അറിയിക്കാനും സാന്ത്വനിപ്പിക്കാനും  മറന്നതുമില്ല.

ക്രിസ്ത്യന്‍ ദേവാലയങ്ങളിലത്തെി പ്രാര്‍ഥന കഴിഞ്ഞിറങ്ങുന്ന വിശ്വാസികളുടെ അനുഗ്രഹം തേടാനും സ്ഥാനാര്‍ഥികളത്തെി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളാണ് ഞായറാഴ്ച പ്രാചരണത്തിനിറങ്ങിയത്. തൊട്ടുപിന്നാലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. മുസ്ലിം ലീഗ് ജില്ലയിലെ  12 മണ്ഡലങ്ങളിലെയും വെല്‍ഫെയര്‍ പാര്‍ട്ടി ഏഴ് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. പ്രചാരണ ബോര്‍ഡുകളും ഉയരുന്നുണ്ട്. ഫേസ്ബുക്കിലെ പ്രവര്‍ത്തകരും ഉണര്‍ന്നു.

അതിനിടെ,  ലീഗ് സൃഷ്ടിച്ച സ്ഥാനാര്‍ഥി പ്രഖ്യാപന ‘പ്രതിസന്ധി’ എല്‍.ഡി.എഫിനെ കുഴക്കുന്നുണ്ട്.  ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും  പ്രഖ്യാപനം നീട്ടിക്കൊണ്ടുപോകുമ്പോള്‍ ലീഗ് പ്രചാരണം തുടങ്ങിയതാണ്  പ്രതിസന്ധിയിലാക്കുന്നത്. കോണ്‍ഗ്രസ് മത്സരിക്കുന്ന നാല് മണ്ഡലങ്ങളില്‍ മാത്രമാണ് എല്‍.ഡി.എഫിന് ആശ്വാസം. വണ്ടൂര്‍ ഏതാണ്ട് സീറ്റ് ഉറപ്പിച്ച എ.പി. അനില്‍കുമാര്‍ ഗോദയിലുണ്ട്. കോണ്‍ഗ്രസിന് നീക്കിവെച്ച നിലമ്പൂര്‍, തവനൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ തീരുമാനമായിട്ടില്ല.

അതേസമയം, ഇടത് പാളയത്തില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പാക്കിയ തവനൂരിലും താനൂരിലും  കെ.ടി. ജലീലും വി. അബ്ദുറഹ്മാനും സജീവമാണ്. പല മണ്ഡലങ്ങളിലും ജനകീയ മുഖങ്ങളെ കിട്ടാത്തതും സി.പി.എമ്മിനും സി.പി.ഐക്കും പ്രതിസന്ധിയാണ് ഇത്തരം മണ്ഡലങ്ങളില്‍ ജനകീയ സ്വതന്ത്രരെ കണ്ടത്തൊനാണ്  ശ്രമം. ലീഗ് ജില്ലാ സെക്രട്ടറിയായിരുന്ന ഹമീദ് മാസ്റ്റര്‍ മത്സരിക്കുന്ന വള്ളിക്കുന്നില്‍ ലീഗില്‍നിന്ന് പുറത്തുവന്ന ഷബീറലിയെ പരിഗണിക്കുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.