തോല്‍ക്കാനുള്ള കുപ്പായത്തിനുമുണ്ട് ടെയ് ലറിങ് ഷോപ്

കാസര്‍കോട്: കാസര്‍കോട്ടെ കോണ്‍ഗ്രസുകാര്‍ മത്സരിക്കുന്നത് ജയിക്കാനാണെന്ന തെറ്റിദ്ധാരണ വേണ്ട. തോല്‍ക്കുന്നതിലും വിജയം കാണുന്നവരാണവര്‍. തോല്‍ക്കാനുള്ള കുപ്പായത്തിന്‍െറ തയ്യല്‍ഷോപ്പാണ് കോണ്‍ഗ്രസുകാര്‍ക്ക് കാസര്‍കോട്. അത് ശീലിച്ചതുകൊണ്ട് തോല്‍ക്കാന്‍ കുപ്പായം തുന്നുന്നവര്‍ ഇവിടെ ഏറെയാണ്. കുപ്പായം തുന്നികളെയും കുറ്റിയടിച്ചവരെയുംകൊണ്ട് പൊറുതിമുട്ടിയ ജില്ലയിലേക്ക് ഇതരജില്ലയില്‍ കുപ്പായം തയ്ച്ച് കുറ്റിയടിച്ച മൂന്നുപേരെ കാസര്‍കോട്ടേക്ക് ഇറക്കുമതി ചെയ്യണമെന്ന് കെ.പി.സി.സിയോട് നിര്‍ദേശിച്ചിരിക്കുകയാണ്. ജയിക്കാന്‍ കുറ്റിയടിച്ച കെ. സുധാകരന്‍െറ പ്രോജ്ജ്വലമായ പ്രസംഗവും തോല്‍ക്കാന്‍ കുപ്പായംതുന്നുന്ന സതീശന്‍ പാച്ചേനിയുടെ സഹതാപതരംഗവും ഡി.ഐ.സി വഴി വഴിയാധാരമായ കെ.പി.കുഞ്ഞിക്കണ്ണനെയും ഇത്തവണ കാസര്‍കോട്ടുകാര്‍ക്ക് വിധിയുണ്ടെങ്കില്‍ കാണാം.

അഞ്ചു മണ്ഡലങ്ങളാണ് ഭാഗ്യത്തിന് ജില്ലയിലുള്ളത്. 500 പേര്‍ സ്ഥാനാര്‍ഥികളായി ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടും. കനയ്യയുടെ പോസ്റ്റുകള്‍ വൈറലാകുന്നതുകൊണ്ട് പലതും പലര്‍ക്കും കാണാന്‍ സാധിക്കാത്തത് കെ.പി.സി.സിക്ക് ആശ്വാസമായിട്ടുണ്ട്. കണ്ണൂര്‍ മണ്ഡലത്തിലേക്കാണ് സുധാകരന്‍ കുപ്പായം തുന്നിയത്.

സിറ്റിങ് എം.എല്‍.എമാര്‍ നിര്‍ബന്ധമായും മത്സരിച്ച് ജനവിധി ഏറ്റുവാങ്ങണമെന്ന് കെ.പി.സി.സി നിര്‍ബന്ധംപിടിച്ചാല്‍ കെ. സുധാകരനുവേണ്ടി അബ്ദുല്ലക്കുട്ടിയെമാത്രം കണ്ണൂരില്‍നിന്ന് ഒഴിവാക്കാനാവില്ല. സുധാകരന്‍ തുന്നിയ കുപ്പായം പാഴാവരുത് എന്ന് കെ.പി.സി.സിക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് കോണ്‍ഗ്രസ് തോറ്റുകൊണ്ടിരിക്കുന്ന ഉദുമയില്‍ സുധാകരനെ മത്സരിപ്പിക്കാം. പ്രസംഗംകൊണ്ട് ജയിക്കുമെങ്കില്‍ ജയിച്ച് തുലയട്ടെ. എന്നാല്‍, ഉദുമയിലേക്ക് കുപ്പായം തുന്നിയ ഡി.സി.സി പ്രസിഡന്‍റ് എന്തു ചെയ്യും. കഴിഞ്ഞതവണ ഉദുമയില്‍ തോറ്റ നിയമവല്ലഭനായ സി.കെ. ശ്രീധരന് ഉദുമയില്‍ മത്സരിക്കണമെന്നുണ്ട്.  
അത്യാഗ്രഹമാണെന്ന് സ്ഥാനാര്‍ഥിയെ നിര്‍ണയിച്ച കെ.പി.സി.സി ഉപസമിതി നേതാവ് പി. രാമകൃഷ്ണനെ ഗ്രൂപ്പുവ്യത്യാസമില്ലാതെ രഹസ്യമായി അറിയിച്ചു.

ശ്രീധരനറിയില്ലല്ളോ പാര്‍ട്ടിയിലെപോലും അദ്ദേഹത്തിന്‍െറ ജനപിന്തുണ. അങ്ങനെ സി.കെയെ പിന്നിലാക്കി ഉദുമയിലെ നാലു പേരുകളില്‍ ആദ്യം സുധാകരനായി. പിന്നീട് നീലകണ്ഠന്‍, സി.കെ. ശ്രീധരന്‍ അങ്ങനെ. തുന്നിയ കുപ്പായം പാഴാക്കാനാവില്ല എന്ന് പറഞ്ഞവരുടെ പേരുകളെല്ലാം ഉള്‍പ്പെടുത്തി അയച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയോളം കോണ്‍ഗ്രസില്‍ പാരമ്പര്യമുള്ള ഗംഗാധരന്‍നായരെ എ ഗ്രൂപ്പുകാരനായതുകൊണ്ട് ഉള്‍പ്പെടുത്തിയില്ല. തൃക്കരിപ്പൂര്‍ ഇ.കെ. നായനാരുടെ മണ്ഡലമായിരുന്നു. എവിടെയെങ്കിലും ഒരു സീറ്റ് എന്നുപറഞ്ഞ് കുപ്പായവും കൊണ്ടുനടക്കുന്ന രണ്ടുപേര്‍ യാദൃച്ഛികമായോ ബോധപൂര്‍വമായോ തൃക്കരിപ്പൂരില്‍ കൂട്ടിയിടിക്കുകയായിരുന്നു. എം.കെ. രാഘവന്‍െറ ബുദ്ധിയൊന്നും ഇല്ലാത്തതുകൊണ്ട് അവര്‍ അങ്ങനെ നടക്കുന്നു. മുന്‍ എം.എല്‍.എ കെ.പി. കുഞ്ഞിക്കണ്ണനാണ് ഒരാള്‍.

മുരളിയുടെ കൂടെ ചേര്‍ന്ന് വഴിയാധാരമായി. മറ്റൊരാള്‍ സതീശന്‍ പാച്ചേനി. ഈ ജയന്‍റ് കില്ലറാകാന്‍ ശ്രമിക്കുന്ന ഇദ്ദേഹവും കുഞ്ഞിക്കണ്ണനും തമ്മിലുള്ള പ്രാഥമിക റൗണ്ട് തൃക്കരിപ്പൂരില്‍ നടക്കണം. സി.പി.എമ്മില്‍ സ്ഥിതി അത്ര നല്ലതല്ല. പണ്ടേ കുപ്പായം തുന്നിയ എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ ബുദ്ധിപൂര്‍വം കളിച്ചതിന്‍െറ ഫലമായി ബുദ്ധിയുള്ള ഒരു ചെറുപ്പക്കാരനെ ജില്ലാപഞ്ചായത്ത് അംഗമാക്കി അയക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ പാര്‍ട്ടി നേതാക്കളുടെ വീടിനു മുന്നില്‍ ബാലകൃഷ്ണന്‍ ചെന്നുനോക്കിയപ്പോള്‍ അവിടെത്തെ അയയില്‍ നിറയെ കുപ്പായങ്ങള്‍. ബാക്കിയുള്ള മോഹികളെ  ഫേസ്ബുക്കില്‍ പോയാല്‍മതി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.