ഫ്രാന്‍സിസ് ജോര്‍ജിന് മെത്രാന്‍മാരുടെ പിന്തുണ

കൊച്ചി: മാണി ഗ്രൂപ് വിട്ട ഫ്രാന്‍സിസ് ജോര്‍ജിന്‍െറ നേതൃത്വത്തിലെ കേരള കോണ്‍ഗ്രസിന് കളമൊരുക്കാന്‍ മെത്രാന്മാര്‍ അരയും തലയും മുറുക്കി രംഗത്ത്. പുതിയ പാര്‍ട്ടിക്ക് ഇടതുപക്ഷത്ത് മാന്യമായ ഇടം തരപ്പെടുത്താനും സാധ്യതകൂടിയ സീറ്റുകള്‍ വാങ്ങാനുമാണ് കത്തോലിക്ക സഭയിലെ രണ്ട് പ്രമുഖ മെത്രാന്മാരുടെ ചരടുവലി. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെ.എം. ജോര്‍ജിന്‍െറ മകന്‍െറ പേരിലെ പാര്‍ട്ടിയുടെ നിലനില്‍പ് ഉറപ്പിക്കാനും കൂടിയാണ് മാണിയോട് താല്‍പര്യക്കുറവുള്ള ഈ മെത്രാന്മാരുടെ ഇടപെടലെന്നാണ് സൂചന.

മെത്രാന്മാര്‍ നീക്കം തുടങ്ങിയതോടെ മാണി ഗ്രൂപ്പിലെ സിറ്റിങ് എം.എല്‍.എമാരടക്കം നേതാക്കള്‍ അങ്കലാപ്പിലാണ്. മുമ്പ് കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായപ്പോഴൊന്നും കിട്ടാത്ത പിന്തുണയാണ് ഫ്രാന്‍സിസ് ജോര്‍ജിനും കൂട്ടര്‍ക്കും സഭയുടെ ചില കോണുകളില്‍നിന്ന് ലഭിക്കുന്നത്. നേരത്തേ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയുമായി കൊമ്പുകോര്‍ത്ത ബിഷപ്പും കോട്ടയം ജില്ലയിലെ ഒരു സീനിയര്‍ ബിഷപ്പുമാണ് ഒപ്പം.

സഭക്ക് കീഴിലെ വിവിധ കര്‍ഷക സംഘടനകളുടെയും ലേബര്‍ മൂവ്മെന്‍റ്, യുവജന പ്രസ്ഥാനങ്ങള്‍ എന്നിവയുടെയും അനുഗ്രഹാശിസ് ഉറപ്പിച്ചാണ് വിമതരുടെ നീക്കം. തങ്ങളുടെ രൂപതകള്‍ക്ക് കീഴില്‍ എവിടെ മത്സരിച്ചാലും എല്ലാ സഹായവും നല്‍കാമെന്ന ഉറപ്പ് വാങ്ങിയശേഷമാണ് ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും മാണിക്കെതിരെ രംഗത്തത്തെിയത്.

അതേസമയം, പി.ജെ. ജോസഫിന് എതിരുനില്‍ക്കില്ല. മാണിക്കെതിരെ ബാര്‍കോഴക്കേസുണ്ടായ ഘട്ടത്തില്‍ സഭ പുലര്‍ത്തിയ അനുഭാവത്തില്‍ എതിരഭിപ്രായമുള്ളവരാണ് ഈ രണ്ട് ബിഷപ്പുമാരും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.