വി.എസും പിണറായിയും മത്സരത്തിന്​

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്. അച്യുതാനന്ദനും പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും മത്സരിക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോയുടെ തീരുമാനം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സി.പി.എം ആരെയും ഉയര്‍ത്തിക്കാണിക്കില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി തിരുവനന്തപുരത്ത് വെള്ളിയാഴ്ച തുടങ്ങുന്ന സി.പി.എം നേതൃയോഗത്തില്‍ കേന്ദ്ര നേതൃത്വം ഇക്കാര്യം അറിയിക്കും.
വി.എസ് മത്സരിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളകളിലുണ്ടായ പ്രശ്നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് കേന്ദ്ര നേതൃത്വം വി.എസിനോടും പിണറായിയോടും മത്സരിക്കാന്‍ നിര്‍ദേശിക്കുന്നത്. വി.എസ് മത്സരരംഗത്ത് വരുന്നതില്‍ എതിര്‍പ്പുള്ള പിണറായി വിജയനെയും മത്സരത്തിനു ശേഷമുള്ള കാര്യങ്ങളില്‍ ധാരണ വേണമെന്ന നിലപാടുമായി ഒരിക്കല്‍കൂടി മുഖ്യമന്ത്രി പദം ലക്ഷ്യമിടുന്ന വി.എസിനെയും തീരുമാനം അംഗീകരിപ്പിക്കുകയെന്നത് കേന്ദ്ര നേതൃത്വത്തിന് വെല്ലുവിളിയാണ്. അതിനായി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ്.ആര്‍.പി എന്നിവര്‍ സംസ്ഥാന സമിതി യോഗത്തിനായി തിരുവനന്തപുരത്ത് എത്തുന്നുണ്ട്.
ഡല്‍ഹിയില്‍ ചേര്‍ന്ന അവയ്ലബ്ള്‍ പി.ബി യോഗത്തില്‍ യെച്ചൂരി, കാരാട്ട്, എസ്.ആര്‍.പി, എ.കെ.പി തുടങ്ങിയവര്‍ പങ്കെടുത്തു. മറ്റുള്ളവരുമായി യെച്ചൂരി ടെലിഫോണില്‍ ആശയവിനിമയം നടത്തിയാണ് ഇരുവരും മത്സരിക്കാനും മുഖ്യമന്ത്രി സ്ഥാനാര്‍ഥി വേണ്ടെന്നും തീരുമാനിച്ചത്. കാരാട്ട്, എസ്.ആര്‍.പി തുടങ്ങിയ പിണറായി അനുകൂല പി.ബി അംഗങ്ങള്‍ പ്രായാധിക്യം കണക്കിലെടുത്ത് വി.എസ് മാറിനില്‍ക്കുന്നതാണ് ഉചിതമെന്ന നിലപാടാണ് പി.ബിയില്‍ അറിയിച്ചതെന്നാണ് സൂചന. അതേസമയം, വി.എസിന്‍െറ ജനകീയത മുതലാക്കി ഭരണം പിടിക്കാന്‍ അദ്ദേഹം മത്സരരംഗത്ത് വേണമെന്ന യെച്ചൂരി അടക്കമുള്ളവരുടെ അഭിപ്രായത്തിനാണ് പി.ബിയില്‍ മേല്‍ക്കൈ ലഭിച്ചത്.
വി.എസും പിണറായിയും മത്സരിക്കുകയും പാര്‍ട്ടി ഭൂരിപക്ഷം നേടുകയും ചെയ്താല്‍ ഇരുവരുടെയും സ്ഥാനം സംബന്ധിച്ച് നേതൃത്വത്തില്‍ ആശയക്കുഴപ്പമുണ്ട്. അത് അപ്പോഴത്തെ സാഹചര്യം പോലെ നോക്കാമെന്ന ധാരണ മാത്രമാണ് ഇപ്പോഴുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.