അങ്കമാലി സീറ്റ്: കേരള കോണ്‍ഗ്രസ്(ജേക്കബ്) നിര്‍ണായക നേതൃയോഗം ഇന്ന്

കോട്ടയം: അങ്കമാലി സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതിനിടെ കേരള കോണ്‍ഗ്രസ് (ജേക്കബ്)വിഭാഗത്തിന്‍െറ നിര്‍ണായക നേതൃയോഗം തിങ്കളാഴ്ച കോട്ടയത്ത് നടക്കും. സീറ്റ് വിഭജനത്തില്‍ യു.ഡി.എഫ് പാര്‍ട്ടിയെ അവഗണിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ചേരുന്ന യോഗത്തില്‍ ഒരുവിഭാഗം പിളര്‍പ്പെന്ന തീരുമാനത്തിലേക്ക് നീങ്ങുമെന്നാണ് സൂചന. നേതൃയോഗത്തിനുശേഷം കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ച നടക്കും.  
പാര്‍ട്ടിയില്‍ ജോണി നെല്ലൂര്‍-അനൂപ് ജേക്കബ് വിഭാഗങ്ങള്‍ തമ്മില്‍ മാസങ്ങളായി അനൈക്യത്തിലാണ്. ഉഭയകക്ഷി ചര്‍ച്ചകളില്‍ അങ്കമാലി നല്‍കാനാവില്ളെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെയാണ് ഭിന്നത പരസ്യമായത്. സീറ്റുനിഷേധിക്കുന്നതിലെ അതൃപ്തി ജോണി നെല്ലൂര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയപ്പോള്‍ ഉഭയകക്ഷി ചര്‍ച്ച പോസിറ്റീവാണെന്ന നിലപാടാണ് മന്ത്രികൂടിയായ അനൂപ് ജേക്കബ് കൈക്കൊണ്ടത്. ജോണി നെല്ലൂര്‍ കഴിഞ്ഞതവണ മത്സരിച്ച അങ്കമാലി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന വ്യക്തമായ സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഒൗഷധി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് ജോണി നെല്ലൂര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അനൂപിന്‍െറ പ്രതികരണം. പിറവം സീറ്റിനായി പാര്‍ട്ടി ചെയര്‍മാനെ അനൂപ് ജേക്കബ് ഒറ്റുകൊടുത്തെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം ആരോപിക്കുന്നത്. ഈ സാഹചര്യത്തില്‍ രണ്ടുനേതാക്കളും വഴിപിരിയുമെന്നാണ് സൂചന.  
സംസ്ഥാനത്തെ ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളും ജോണി നെല്ലൂരിനൊപ്പമാണെന്നാണ് വിവരം. കഴിഞ്ഞദിവസം ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജുമായി ജോണി നെല്ലൂര്‍ രഹസ്യ കൂടിയാലോചന നടത്തിയിരുന്നു. പാര്‍ട്ടിയിലെ പിളര്‍പ്പ് ഒഴിവാക്കാന്‍ ജേക്കബ് വിഭാഗത്തിലെ ചില നേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അനൂപ് ജേക്കബിന്‍െറ നിലപാടുകളുമായി പൊരുത്തപ്പെടാന്‍ കഴിയില്ളെന്ന ഉറച്ചനിലപാടിലാണ് ജോണി നെല്ലൂര്‍. അതേസമയം, അങ്കമാലി സീറ്റ് നല്‍കില്ളെന്ന് കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചയില്‍ വ്യക്തമാക്കിയിട്ടില്ളെന്നാണ് അനൂപിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. തിങ്കളാഴ്ചയും ചര്‍ച്ച നടക്കുമെന്നിരിക്കെ എങ്ങനെ സീറ്റില്ളെന്ന് ഉറപ്പിക്കാനാകുമെന്നും ഇവര്‍ ചോദിക്കുന്നു. അതിനിടെ, അങ്കമാലി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നേരത്തേ തീരുമാനിച്ചിരുന്നെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഇവിടേക്ക് സാധ്യത പട്ടിക തയാറാക്കുകയും കെ.എം. മാണിയുടെ മരുമകന്‍ എം.പി. ജോസഫ്, യൂത്ത് കോണ്‍ഗ്രസ് ദേശീയനേതാവ് റോജി ജോണ്‍ എന്നിവരുടെ പേര് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. കത്തോലിക്ക സഭക്ക് ഏറെ സ്വാധീനമുള്ള മണ്ഡലത്തില്‍ എം.പി. ജോസഫിനെ സ്ഥാനാര്‍ഥിയാക്കാന്‍ സഭ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് പ്രചാരണമുണ്ടെങ്കിലും അങ്കമാലിയില്‍ പ്രത്യേക നിലപാടൊന്നുമില്ളെന്നാണ് സഭാ നേതൃത്വം വിശദീകരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പിന്തുണയുണ്ടെന്നാണ് റോജി ജോണ്‍ പറയുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.