സി.പി.എം പട്ടിക വൈകും

തിരുവനന്തപുരം: നിയമസഭാതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിപ്പട്ടിക കീഴ്ഘടകങ്ങളില്‍ ചര്‍ച്ചചെയ്യാന്‍ സി.പി.എം. 19ന് ചേരുന്ന എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റിയില്‍ ഘടകകക്ഷികളുടെ സീറ്റ് പങ്കുവെക്കലില്‍ ധാരണയായശേഷം അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക തയാറാക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്‍െറ തീരുമാനം. ഇതോടെ സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപനം വൈകുമെന്ന് ഉറപ്പായി. അതേസമയം, സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് വി.എസ്. അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തോട് അഭ്യര്‍ഥിച്ചു.

സെക്രട്ടേറിയറ്റില്‍നിന്ന് ആറുപേര്‍ ഒഴികെയുള്ളവരും മൂന്നുപേര്‍ ഒഴികെയുള്ള ജില്ലാസെക്രട്ടറിമാരും മത്സരിക്കേണ്ടതില്ളെന്ന മുന്‍ തീരുമാനത്തില്‍ മാറ്റം വരുത്തേണ്ടെന്ന നിലപാടിലാണ് സെക്രട്ടേറിയറ്റ്. ഇതോടെ കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് സമര്‍പ്പിച്ച പി.കെ. ഗുരുദാസന്‍െറ പേര് ഉള്‍പ്പെടുത്തിയില്ല. എറണാകുളം ജില്ലാസെക്രട്ടറി പി. രാജീവ്, കോട്ടയം ജില്ലാസെക്രട്ടറി വി.എന്‍. വാസവന്‍ എന്നിവരുടെ കാര്യത്തിലും ഇളവ് നല്‍കില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, പാലക്കാട്, മലപ്പുറം അടക്കമുള്ള ജില്ലകളില്‍നിന്ന് വീണ്ടും സമര്‍പ്പിച്ച സാധ്യതാപട്ടികയാണ് മണ്ഡലം കമ്മിറ്റികളില്‍ വിശദചര്‍ച്ചക്ക് വിടാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.

കൊല്ലം, ആറന്മുള, കായംകുളം, പയ്യന്നൂര്‍, തൃപ്പൂണിത്തുറ, ഏറ്റുമാനൂര്‍, ഒറ്റപ്പാലം സീറ്റുകളിലെ സാധ്യതാപട്ടിക അടക്കമാണ് മണ്ഡലം കമ്മിറ്റിയുടെ പരിഗണനക്ക് എത്തുന്നത്. വൈപ്പിന്‍, പെരുമ്പാവൂര്‍ സീറ്റുകളിലൊഴികെ ഒന്നിലധികം പേരുകളാണ് ഇപ്പോഴും സമര്‍പ്പിച്ചത്. ആറന്മുള സീറ്റില്‍ ആറിലധികം പേരുകളാണ് ഉണ്ടായിരുന്നത്. വര്‍ക്കലയില്‍ വി. ഗോപിയും അരുവിക്കരയില്‍ എ.എ. റഷീദും നെയ്യാറ്റിന്‍കരയില്‍ കെ.എ. ആന്‍സലനും സ്ഥാനാര്‍ഥികളാകുന്ന കാര്യത്തില്‍ ധാരണയായതായി സൂചനയുണ്ട്.

കഴിഞ്ഞതവണ അധികാരം ലഭിക്കാത്തതിന്‍െറ പ്രധാന കാരണം സ്ഥാനാര്‍ഥിനിര്‍ണയത്തിലെ പിഴവായിരുന്നുവെന്നാണ് വി.എസ് ചൂണ്ടിക്കാട്ടിയത്. വിഭാഗീയമായി സ്ഥാനാര്‍ഥികളെ തീരുമാനിക്കരുത്. അഴിമതി ആരോപണ വിധേയരെ സ്ഥാനാര്‍ഥികളാക്കരുത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മുന്നണിമാറി എത്തുന്നവരെയും പ്രോത്സാഹിപ്പിക്കരുത്. ഇടതുസ്ഥാനാര്‍ഥികളെയാണ് ജനം ആഗ്രഹിക്കുന്നതെന്നും വി.എസ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.