തിരുവനന്തപുരം: മൂന്നുതവണ തുടര്‍ച്ചയായി വിജയിച്ചതിനാല്‍ ഇത്തവണ മത്സരിക്കാനില്ളെന്ന ടി.എന്‍. പ്രതാപന്‍ എം.എല്‍.എയുടെ കത്ത് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആയുധമാക്കാന്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. പ്രതാപന്‍െറ മാതൃക പിന്തുടര്‍ന്ന് സ്ഥിരം മുഖങ്ങള്‍ മാറിനിന്ന് പുതുമുഖങ്ങള്‍ക്ക് അവസരം ഒരുക്കണമെന്ന ആവശ്യമുയര്‍ത്താനാണ് അദ്ദേഹത്തിന്‍െറ നീക്കം.
ഗ്രൂപ്പുകള്‍ക്കിടയില്‍ വിള്ളലുണ്ടാക്കുന്നതിനൊപ്പം പുതിയൊരു പോര്‍മുഖം തുറക്കാനും ഇത് സഹായകരമാവും. ഒന്നിച്ചുനിന്ന് ഒറ്റപ്പേര് മാത്രം നിര്‍ദേശിച്ച് സീറ്റുകള്‍ പങ്കിട്ടെടുക്കാനും എ, ഐ വിഭാഗങ്ങള്‍ സംയുക്തയോഗം ചേര്‍ന്ന് തീരുമാനിച്ചതിന് പിന്നാലെയാണ് വിശ്വസ്തനെ രംഗത്തിറക്കിയുള്ള സുധീരന്‍െറ തിരിച്ചടി. സ്ഥാനാര്‍ഥികളുടെ ചുരുക്കപട്ടിക തയാറാക്കാന്‍ ശനിയാഴ്ച ചേരുന്ന യോഗത്തിലും കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതിയിലും നിലപാട് കടുപ്പിക്കാനാണ് അദ്ദേഹം ഒരുങ്ങുന്നത്.
പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കുമായി ഇക്കുറി മത്സരരംഗത്തുനിന്ന് മാറിനില്‍ക്കുന്നെന്നാണ് പ്രതാപന്‍ കത്തില്‍ അറിയിച്ചിരിക്കുന്നത്. സുധീരന്‍െറ അറിവോടും പിന്തുണയോടുമാണ് കത്ത് നല്‍കിയതെന്നതില്‍ സംശയമില്ല. സ്ഥിരം മുഖങ്ങളെ മാറ്റിനിര്‍ത്തുകയെന്ന തന്ത്രമാണ് സുധീരന്‍െറത്. അതിനാല്‍ പ്രതാപന്‍െറ തീരുമാനം വ്യക്തിപരമെന്ന് വിശേഷിപ്പിച്ച് പ്രാധാന്യം കുറയ്ക്കാനാണ് ഗ്രൂപ്പുകളുടെ ശ്രമം. പ്രതാപന്‍െറ കത്ത് കിട്ടിയവിവരം മാധ്യമങ്ങളെ അറിയിച്ചതോടൊപ്പം പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍െറ മത്സരമോഹം സൂചിപ്പിച്ചുള്ള പരാമര്‍ശം ചില കോണ്‍ഗ്രസ് നേതാക്കളെ ഉദ്ദേശിച്ചുതന്നെയെന്നും വ്യക്തം.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ എന്‍. ശക്തന്‍, മന്ത്രിമാരായ കെ.സി. ജോസഫ്, ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, കെ. ബാബു എന്നിവര്‍ക്ക് പുറമെ തേറമ്പില്‍ രാമകൃഷ്ണന്‍, ഡൊമനിക് പ്രസന്‍േറഷന്‍, കെ. അച്യുതന്‍ തുടങ്ങിയവര്‍ തുടര്‍ച്ചയായി നാലുതവണയോ അതിലേറെയോ ജയിച്ചവരാണ്.
ഇവരില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ചിലര്‍ക്ക് ഇളവ് നല്‍കാമെങ്കിലും എല്ലാവര്‍ക്കും അതനുവദിക്കാനാവില്ളെന്ന നിലപാടാവും സുധീരന്‍േറത്. അതിന് തയാറല്ളെങ്കില്‍ ഒന്നിലേറെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തി ഹൈകമാന്‍ഡിന് മുന്നില്‍ സ്വന്തം നിലപാട് അവതരിപ്പിച്ച് തീര്‍പ്പുണ്ടാക്കാനായിരിക്കും അദ്ദേഹത്തിന്‍െറ ശ്രമം. സുധീരന്‍െറ നിര്‍ദേശങ്ങളെ അപ്പാടെ തള്ളാന്‍ കേന്ദ്രനേതൃത്വത്തിനും കഴിയില്ല.
സ്ഥിരംമുഖങ്ങളെ മാറ്റിനിര്‍ത്തണമെന്ന ആവശ്യം ഗ്രൂപ്പുകള്‍ക്കുള്ളിലും വിള്ളലുണ്ടാക്കും. സ്ഥിരം മുഖങ്ങള്‍ മാറണമെന്ന വികാരം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍, ഇവരില്‍ ഏറിയപങ്കും ഗ്രൂപ് നേതാക്കളായതിനാല്‍ പരസ്യമായി എതിര്‍ക്കാന്‍ രണ്ടാംനിരക്കാര്‍ക്ക് കഴിയുന്നുമില്ല. എന്നാല്‍, തങ്ങള്‍ക്കുവേണ്ടി സുധീരന്‍ വാദിക്കുന്നുവെന്ന് വരുന്നതോടെ അവരുടെ പിന്തുണ അദ്ദേഹത്തിനാവും. ഇക്കാര്യം അറിയാവുന്നതിനാലാണ് ഭരണത്തുടര്‍ച്ചക്കുള്ള സാഹചര്യം കെ.പി.സി.സി പ്രസിഡന്‍റ് നഷ്ടപ്പെടുത്തുന്നെന്ന ആക്ഷേപം ഗ്രൂപ് നേതാക്കള്‍ പ്രചരിപ്പിക്കുന്നതും.
എന്നാല്‍, അത്തരം പ്രചാരണങ്ങളെയൊന്നും ഭയക്കുന്നില്ളെന്ന സൂചനയാണ് വിവാദ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നതില്‍ ഉള്‍പ്പെടെ സുധീരന്‍ നല്‍കുന്നത്. അതിനാല്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും തന്‍െറ നിലപാടുകള്‍ക്ക് പൊതുസ്വീകാര്യത ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുമുണ്ട്. അതേ സമീപനം സ്ഥാനാര്‍ഥി നിര്‍ണയത്തിലും സ്വീകരിച്ചാല്‍ പാര്‍ട്ടിയില്‍ ഉണ്ടായേക്കാവുന്ന തലവേദന ചെറുതായിരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.