തമിഴ്നാട്ടില്‍ വട്ടപ്പൂജ്യം: സി.പി.എമ്മിന്‍െറ ദേശീയപാര്‍ട്ടി പദവി പോകും

ന്യൂഡല്‍ഹി: ബംഗാളിലെ ഞെട്ടിക്കുന്ന തോല്‍വിപോലെതന്നെ സി.പി.എമ്മിനെ അലട്ടുകയാണ് തമിഴ്നാട്ടിലെ വട്ടപ്പൂജ്യം. തമിഴ്നാട്ടില്‍ ഒരു എം.എല്‍.എപോലുമില്ലാതായതോടെ പാര്‍ട്ടിയുടെ ദേശീയപാര്‍ട്ടി പദവി ഭീഷണിയിലായി. ദേശീയപാര്‍ട്ടി പദവി എടുത്തുകളയാതിരിക്കാന്‍ കാരണംകാണിക്കാന്‍ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന്‍െറ നോട്ടീസ് വൈകാതെ സി.പി.എം ആസ്ഥാനത്തത്തെും. ദേശീയപാര്‍ട്ടി പദവി ലഭിക്കാന്‍ മൂന്നു നിബന്ധനകളില്‍ ഒന്നെങ്കിലും പൂര്‍ത്തിയാക്കണം. മൂന്നു സംസ്ഥാനങ്ങളില്‍നിന്നുമായി ലോക്സഭയിലെ രണ്ടു ശതമാനം സീറ്റ് (11 എണ്ണം), ഏതെങ്കിലും നാലു സംസ്ഥാനങ്ങളില്‍നിന്ന് ലോക്സഭയിലേക്കോ നിയമസഭയിലേക്കോ കുറഞ്ഞത് ആറു ശതമാനംവീതം വോട്ടുവിഹിതം, ഏതെങ്കിലും നാലു സംസ്ഥാനങ്ങളിലെങ്കിലും സംസ്ഥാന പാര്‍ട്ടി എന്ന പദവി എന്നിവയാണ് മൂന്നു നിബന്ധനകള്‍.   
ആദ്യത്തെ രണ്ടു നിബന്ധനകളും സി.പി.എമ്മിന് പൂര്‍ത്തിയാക്കാനാവില്ല. ലോക്സഭയില്‍ ആകെ ഒമ്പതംഗങ്ങള്‍ മാത്രമാണുള്ളത്. ആറുശതമാനം വോട്ടുവിഹിതം സംസ്ഥാനപദവും ബംഗാള്‍, കേരളം, ത്രിപുര സംസ്ഥാനങ്ങളില്‍ മാത്രമാണുള്ളത്. തമിഴ്നാട്ടില്‍ ആറു ശതമാനം വോട്ടുവിഹിതവും 10 എം.എല്‍.എമാരുമായി സംസ്ഥാനപാര്‍ട്ടി അംഗീകാരമുള്ളതിന്‍െറ ബലത്തിലാണ് സി.പി.എം ഇതുവരെ ദേശീയപാര്‍ട്ടി നിലനിര്‍ത്തിയത്. എന്നാല്‍, ഇക്കുറി ഒരു എം.എല്‍.എപോലുമില്ലാതായ സി.പി.എമ്മിന് തമിഴ്നാട്ടില്‍ സംസ്ഥാന പാര്‍ട്ടി അംഗീകാരം നഷ്ടമായി. സംസ്ഥാനപദവി നിലനിര്‍ത്താന്‍ ചുരുങ്ങിയത് ഏഴു സീറ്റിലെങ്കിലും ജയിക്കണം. 2011ല്‍ ജയലളിതയുടെ മുന്നണിയില്‍ മത്സരിച്ചപ്പോഴാണ് സി.പി.എമ്മിന് തമിഴ്നാട്ടില്‍ 10 എം.എല്‍.എമാരെ ലഭിച്ചത്. ഇക്കുറി ജയലളിതയെ വിട്ട് വിജയകാന്തിന്‍െറ മുന്നണിയിലാണ് സി.പി.എം മത്സരിച്ചത്. സി.പി.എമ്മിന് മാത്രമല്ല, വിജയകാന്തിന്‍െറ പാര്‍ട്ടിക്കുപോലും ഇക്കുറി ഒരു സീറ്റ് തമിഴ് ജനത നല്‍കിയില്ല.   
ബി.ജെ.പി, കോണ്‍ഗ്രസ്, സി.പി.എം എന്നിവയാണ് നിലവില്‍ ദേശീയപാര്‍ട്ടി അംഗീകാരമുള്ള പാര്‍ട്ടികള്‍. ദേശീയപാര്‍ട്ടി പദവിയുള്ളവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം നഷ്ടപ്പെടുന്നത് പാര്‍ട്ടിയെ സംബന്ധിച്ച് ഗൗരവമുള്ള കാര്യമല്ല.
പാര്‍ട്ടി ശോഷിക്കുന്നുവെന്നത് ഒൗദ്യോഗികമായിത്തന്നെ രേഖപ്പെടുത്തുവെന്നതാണ് ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെടുമ്പോള്‍ സി.പി.എം നേരിടുന്ന പ്രതിസന്ധി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് സി.പി.ഐ, മായാവതിയുടെ ബി.എസ്.പി, ശരദ് പവാറിന്‍െറ എന്‍.സി.പി, എന്നിവക്ക് ദേശീയപാര്‍ട്ടി പദവിക്കുള്ള അര്‍ഹത നഷ്ടമായിരുന്നു. മൂന്നു പാര്‍ട്ടികള്‍ക്കും പദവി എടുത്തുകളയാതിരിക്കാന്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയ തെരഞ്ഞെടുപ്പ് കമീഷന്‍ ഇക്കാര്യത്തില്‍ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. നിബന്ധനകളില്‍ ഇളവുവേണമെന്ന അഭ്യര്‍ഥന കമീഷന് മുമ്പാകെവെച്ച് കാത്തിരിക്കുകയാണ് ഈ പാര്‍ട്ടികള്‍. ദേശീയപാര്‍ട്ടി പദവിക്കുള്ള യോഗ്യത അഞ്ചു വര്‍ഷത്തിലൊരിക്കല്‍ അവലോകനം ചെയ്യുന്ന നിലവിലെ രീതിക്ക് പകരം തുടര്‍ച്ചയായ രണ്ട് പൊതു തെരഞ്ഞെടുപ്പുകളിലെ ഫലത്തിന്‍െറ അടിസ്ഥാനത്തില്‍ തീരുമാനിക്കുന്ന രീതി വേണമെന്നാണ് ഇവരുടെ ആവശ്യം. തരംഗം ആഞ്ഞടിക്കുന്ന  ഒരു തെരഞ്ഞെടുപ്പില്‍ തോറ്റമ്പുന്ന പാര്‍ട്ടി അടുത്ത  തെരഞ്ഞെടുപ്പില്‍ തിരിച്ചുവരുന്നത് ഇന്ത്യയില്‍ പലകുറി ആവര്‍ത്തിച്ചിട്ടുള്ളതാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നിബന്ധനകളില്‍ മാറ്റംവരുത്തുന്നത് തെരഞ്ഞെടുപ്പ് കമീഷന്‍ പരിഗണിച്ചുവരുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇളവുവരുത്താനുള്ള തീരുമാനം ഉടനുണ്ടായാല്‍ മാത്രമേ സി.പി.എമ്മിന് ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെടുന്നതിന്‍െറ നാണക്കേടില്‍നിന്ന് തടിയൂരാനാകൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.