ശബരിമല സ്ത്രീപ്രവേശം: ബി.ജെ.പി രണ്ടുതട്ടില്‍

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശം, ദിനപൂജ എന്നീ വിഷയങ്ങളില്‍ സംസ്ഥാന ബി.ജെ.പിയിലെ ഭിന്നത പ്രകടമായി. സ്ത്രീകള്‍ക്ക് പ്രവേശം നല്‍കുന്നതിനെയും ദിവസവും നട തുറക്കുന്നതിനെയും അനുകൂലിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും എതിര്‍ത്ത് മറ്റൊരു ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനും പരസ്യമായി രംഗത്തുവന്നു.

പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ അടക്കം സംസ്ഥാന നേതൃനിരയിലെ പ്രമുഖര്‍ ശബരിമലയിലെ ആചാരങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ളെന്ന അഭിപ്രായക്കാരാണ്. എന്നാല്‍, ആര്‍.എസ്.എസ് അഖിലേന്ത്യാ നേതൃത്വത്തിന്‍െറ ചുവടുപിടിച്ചാണ് കെ. സുരേന്ദ്രന്‍ ആചാരമാറ്റങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന നിലപാട് എടുത്തത്. രാഷ്ട്രീയക്കാര്‍ ഇതില്‍ ഇടപെടേണ്ടെന്നും ആചാരങ്ങള്‍ മാറ്റണമെന്നുണ്ടെങ്കില്‍ അതിന് ചുമതലപ്പെട്ടവരാണ് തീരുമാനിക്കേണ്ടതെന്നുമാണ് ശോഭാ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടത്.

സ്ത്രീകള്‍ക്ക് ഒരു ആരാധനാലയത്തിലും പ്രവേശം നിഷേധിക്കേണ്ടെന്ന നിലപാടാണ് ആര്‍.എസ്.എസിന്‍േറത്. ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച് സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ പ്രവേശത്തെ അനുകൂലിക്കുന്ന സമീപനമാണ്  ആര്‍.എസ്.എസ് എടുത്തത്. നേരത്തേ സ്വീകരിച്ചിരുന്ന നിലപാടില്‍നിന്ന് വ്യത്യസ്തമാണിത്. രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന്‍െറ ഭാഗമായുള്ള തന്ത്രപരമായ മാറ്റമായി ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്. കേരള നേതൃത്വം പൊതുവില്‍ ഈ വിഷയത്തില്‍ സ്വീകരിച്ചത് നിലവിലെ ആചാരങ്ങള്‍ അതേപടി തുടരട്ടെ എന്ന സമീപനമാണ്.

കുമ്മനം രാജശേഖരന്‍ ഇക്കാര്യം നേരത്തേ വ്യക്തമാക്കിയിരുന്നു. അതിന് കടകവിരുദ്ധമായ അഭിപ്രായപ്രകടനമാണ് കെ. സുരേന്ദ്രന്‍ നടത്തിയത്. സ്ത്രീ പ്രവേശത്തിലും ദൈനംദിന പൂജയുടെ കാര്യത്തിലും ചര്‍ച്ച വേണമെന്നും അയ്യപ്പന്‍ ബ്രഹ്മചാരി ആണെന്നതുകൊണ്ട് സ്ത്രീ വിദ്വേഷി ആകണമെന്നില്ളെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് 41 ദിവസം തുടര്‍ച്ചയായി വ്രതം എടുക്കാന്‍ കഴിയില്ളെന്നതാണ് വിലക്കിന് കാരണമായി പറയുന്നത്. പുരുഷന്മാരില്‍ മഹാഭൂരിപക്ഷവും 41 ദിവസം വ്രതം എടുക്കാതെയാണ് മല കയറുന്നത്. മാസത്തില്‍ അഞ്ചുദിവസം ആകാമെങ്കില്‍ എന്തുകൊണ്ട് മുപ്പതു ദിവസവും പൂജ ആയിക്കൂടെന്ന ചോദ്യവും സുരേന്ദ്രന്‍ ഉന്നയിക്കുന്നുണ്ട്.

ശബരിമല വികസനം സംബന്ധിച്ച് ഈയിടെ പമ്പയില്‍ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ദിവസവും നട തുറക്കുന്ന രീതിയിലേക്ക് ശബരിമല ക്ഷേത്രം മാറണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അതിനോട് കടുത്ത വിയോജിപ്പാണ് രേഖപ്പെടുത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.