ഭരണപരിഷ്കാര കമീഷനെച്ചൊല്ലി വി.എസ്. ഉടക്കില്‍

തിരുവനന്തപുരം: ഭരണം നൂറുനാള്‍ പിന്നിടുമ്പോള്‍ ഭരണപരിഷ്കാര കമീഷനെ ച്ചൊല്ലി പിണറായി-വി.എസ് ശീതസമരം. സര്‍ക്കാറിനും സി.പി.എമ്മിനും തലവേദന സൃഷ്ടിക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.
ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാനായി നിയമിച്ചശേഷമാണ് വി.എസ്. അച്യുതാനന്ദന്‍ അത് ഏറ്റെടുക്കുന്നതില്‍ വിമുഖത കാട്ടുന്നത്. എം.കെ. ദാമോദരന്‍െറയും ഗീതാ ഗോപിനാഥിന്‍െറയും വിവാദനിയമനങ്ങളുടെ വഴിയേ ഇതും പോകുമോ എന്ന ആശങ്കയിലാണ് സര്‍ക്കാറും പാര്‍ട്ടിയും. പി.ബി കമീഷന്‍ നടപടി പൂര്‍ത്തിയാക്കലും സംസ്ഥാന സെക്രട്ടേറിയറ്റിലെ സ്ഥാനവുമാണ് വി.എസിന്‍െറ പ്രധാന ആവശ്യം. വി.എസിനോടുള്ള നീരസം പ്രകടമാക്കിയാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം ഡല്‍ഹിയില്‍ ഇതിനോട് പ്രതികരിച്ചത്. ‘ആ സ്ഥാനത്തെക്കുറിച്ച് താന്‍ പിന്നീട് പ്രതികരിക്കാമെ’ന്നാണ് അദ്ദേഹം പറഞ്ഞത്. അതിനോടുള്ള വി.എസിന്‍െറ മറുപടികൂടിയായി തിങ്കളാഴ്ചത്തെ പ്രതികരണം.
പി.ബി കമീഷന്‍ നടപടി പൂര്‍ത്തിയായാലും സംസ്ഥാന ഘടകത്തില്‍ ഉചിത സ്ഥാനം ലഭിക്കാന്‍ വി.എസിന് കേന്ദ്ര നേതൃത്വത്തിന്‍െറ സഹായം വേണ്ടിവരും. മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട വി.എസിന് കേന്ദ്രനേതൃത്വം നല്‍കിയ പദവി വാഗ്ദാനത്തിന് പകരം അദ്ദേഹം മുന്നോട്ടുവെച്ചത് സെക്രട്ടേറിയറ്റ് അംഗത്വമാണ്. കമീഷന്‍ നടപടി പൂര്‍ത്തിയായശേഷം ചെയര്‍മാന്‍ പദവി ഏറ്റെടുക്കാമെന്ന നിലപാടിലാണ് വി.എസ് എന്നാണ് സൂചന.
മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ യെച്ചൂരിക്ക് വി.എസ് കുറിപ്പ് കൈമാറിയത് പുറത്തായത് നേട്ടമാക്കാനുള്ള ശ്രമത്തിലായിരുന്നു സംസ്ഥാന നേതൃത്വം. പദവി ആഗ്രഹിക്കുന്ന നേതാവാണ് വി.എസ് എന്ന ആക്ഷേപം ഉയര്‍ന്നപ്പോള്‍ നേതൃത്വം കാഴ്ചക്കാരായി. ഇപ്പോള്‍ പദവി ഏറ്റെടുക്കാന്‍ വൈകിക്കുന്നത് അടുത്ത ആഗ്രഹം സാധിക്കാനുള്ള സമ്മര്‍ദതന്ത്രമായി മാധ്യമങ്ങളില്‍ വരുന്നത് വി.എസിന് ക്ഷീണമാകുമെന്നും നേതൃത്വം കരുതുന്നു. കമീഷന്‍ ചെയര്‍മാനായി നിയമിച്ച് ഉത്തരവിറക്കിയതോടെ വി.എസിന് ഏറ്റെടുക്കാതിരിക്കാനാവില്ളെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍, പദവി എന്ന ആയുധം വി.എസ് തിരിച്ച് പ്രയോഗിച്ചതോടെ കേന്ദ്രനേതൃത്വംകൂടിയാണ് സമ്മര്‍ദത്തിലായത്. കമീഷന്‍ നടപടി പെട്ടെന്ന് പൂര്‍ത്തീകരിക്കേണ്ട ബാധ്യത യെച്ചൂരിക്കും കേന്ദ്ര നേതൃത്വത്തിനുമാണ്. ഭരണത്തിന് കോട്ടംതട്ടുന്ന തരത്തില്‍ വി.എസിന്‍െറ അതൃപ്തി വളരാതെ നോക്കുകയും വേണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.