ജാതി സമവാക്യം പാലിച്ച് വേദികളുടെ നാമകരണം

കോഴിക്കോട്: കേരളവും കാവിക്കൊടിക്കു കീഴിലാക്കുകയെന്ന ദീര്‍ഘദൃഷ്ടിയോടെ അര നൂറ്റാണ്ടിനുശേഷമത്തെിയ ദേശീയ സംഗമത്തില്‍ ബി.ജെ.പിയുടെ ഓരോ ചുവടുവെപ്പും  സൂക്ഷ്മതയോടെ. ദേശീയ കൗണ്‍സിലിന്‍െറ വേദികളുടെ നാമകരണം മുതല്‍ ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ ക്ഷേത്ര സന്ദര്‍ശനത്തില്‍ വരെ ജാതിസമവാക്യം പാലിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തി.

മുന്നാക്ക-പിന്നാക്ക വിഭാഗങ്ങളിലെ സാമൂഹിക പരിഷ്കര്‍ത്താക്കള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതിലാണ് പാര്‍ട്ടി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ദേശീയ കൗണ്‍സില്‍ നടക്കുന്ന സ്വപ്നനഗരിയുടെ മുഖ്യകവാടത്തിന് ശ്രീനാരായണ ഗുരുവിന്‍െറ പേരാണ് നല്‍കിയത്. ചട്ടമ്പി സ്വാമികള്‍, അയ്യങ്കാളി, പണ്ഡിറ്റ് കറുപ്പന്‍ എന്നിവരുടെ നാമധേയത്തിലാണ് സ്വപ്നനഗരിയിലെ മറ്റ് പ്രധാന കവാടങ്ങള്‍. ഈഴവ, പുലയ തുടങ്ങിയ വിഭാഗങ്ങള്‍ക്കും കൃത്യമായ പരിഗണനയാണ് വേദികളുടെ നാമകരണത്തിലൂടെ പാര്‍ട്ടി ലക്ഷ്യമിട്ടത്. ഒപ്പം കേരളത്തിന്‍െറ സാമൂഹിക പരിഷ്കര്‍ത്താക്കളുടെ ഓര്‍മ പുതുക്കലും.

മൂന്നുദിവസത്തെ ദേശീയ കൗണ്‍സില്‍ സമ്മേളനം നടക്കുന്ന കടവ് റിസോര്‍ട്ട്, കടപ്പുറം, സ്വപ്നനഗരി എന്നീ വേദികള്‍ക്ക് യഥാക്രമം ടി.എന്‍. ഭരതന്‍, കെ.ജി. മാരാര്‍, ദീന്‍ദയാല്‍ ഉപാധ്യായ എന്നിവരുടെ പേരുകളാണ് നല്‍കിയത്.ദേശീയ പ്രസിഡന്‍റ് അമിത് ഷാ കോഴിക്കോട്ടത്തെിയ ശേഷമുള്ള ക്ഷേത്ര സന്ദര്‍ശനത്തിലും സവിശേഷതകളേറെ. സന്ദര്‍ശനത്തിന് തളി ക്ഷേത്രവും ശ്രീകണ്ഠേശ്വര ക്ഷേത്രവും ഒരേ പോലെ തെരഞ്ഞെടുത്തതിലും ജാതിസമവാക്യത്തിന്‍െറ പശ്ചാത്തലമുണ്ടെന്നാണ് വിലയിരുത്തല്‍. കനത്ത സുരക്ഷയിലാണ് ഇദ്ദേഹം ഇരു ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തിയത്.


തളി, ശ്രീകണ്ഠേശ്വര ക്ഷേത്രങ്ങളില്‍ അമിത് ഷാ സന്ദര്‍ശനം നടത്തി
കോഴിക്കോട്: ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന് കോഴിക്കോട്ട് എത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തളി, ശ്രീകണ്ഠേശ്വര ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു. വൈകീട്ട് ഏഴിനാണ് അദ്ദേഹം ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍ എത്തിയത്. സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍, മുന്‍ പ്രസിഡന്‍റ് പി.കെ. കൃഷ്ണദാസ്, ദേശീയ ജനറല്‍ സെക്രട്ടറിമാരായ ഭൂപേന്ദ്രയാദവ്, ശ്രീകാന്ത്് ശര്‍മ എന്നിവര്‍  കൂടെയുണ്ടായിരുന്നു. ശ്രീകണ്ഠേശ്വര ക്ഷേത്രയോഗം പ്രസിഡന്‍റ് പി.വി. ചന്ദ്രന്‍ ഭാരവാഹികളായ എടക്കോത്ത് സുരേഷ് ബാബു, കെ.വി. അരുണ്‍, സുന്ദര്‍ദാസ് പറോളി, അനിരുദ്ധന്‍ എഴുത്തുപള്ളി, മഹിളാ മോര്‍ച്ച നേതാക്കളായ സിന്ധു രാജേഷ്, ജയ സദാനന്ദന്‍, ക്ഷേത്രം ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തളി ക്ഷേത്രത്തില്‍ സാമൂതിരിയുടെ പേഴ്സനല്‍ സെക്രട്ടറി പി. കെ. രാമവര്‍മ, മേല്‍ശാന്തി പാട്ടം കൃഷ്ണന്‍ നമ്പൂതിരി, എക്സിക്യൂട്ടിവ് വി.എം. ചന്ദ്രദാസ്, വളയനാട് ക്ഷേത്രം മേല്‍ശാന്തി എന്‍. കേശവന്‍ മൂസത്, പി.സി. കൃഷ്ണവര്‍മരാജ, ബാലകൃഷ്ണ ഏറാടി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

കടവ് റിസോര്‍ട്ടില്‍ അമിത് ഷായെ സംസ്ഥാന വൈസ് പ്രസിഡന്‍റ് ജോര്‍ജ് കുര്യന്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഏരിമല രഘുനാഥ മാരാരുടെ നേതൃത്വത്തില്‍ 15 കലാകാരന്മാര്‍ അവതരിപ്പിച്ച പഞ്ചാരിമേളത്തോടെയായിരുന്നു സ്വീകരണം. 150 മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ പുഷ്പവൃഷ്ടി നടത്തി. റിസോര്‍ട്ടിന് മുന്നില്‍ ഒരുക്കിയ അത്തപ്പൂക്കളം അമിത് ഷാ സന്ദര്‍ശിച്ചു.

 മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയ സദാനന്ദന്‍, വൈസ് പ്രസിഡന്‍റ് ശോഭാ സുരേന്ദ്രന്‍, സെക്രട്ടറിമാരായ സി.പി. സംഗീത, സിന്ധു രാജന്‍, ബി.ജെ.പി സംസ്ഥാന സമിതി അംഗം രമണി ഭായി, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്‍റ് രമ്യ മുരളി, ജില്ലാ ജനറല്‍ സെക്രട്ടറി മല്ലികാ ലോഹിതാക്ഷന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കടവില്‍ സ്വീകരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.