കോഴിക്കോട്: ബി.ജെ.പി ദേശീയ കൗണ്‍സില്‍ ലക്ഷ്യമിടുന്നത് കേരളത്തിലെ പാര്‍ട്ടി ശാക്തീകരണം. കേന്ദ്ര സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ ഉറിയിലെ ഭീകരാക്രമണത്തിനുശേഷവും കോഴിക്കോട്ട് നിശ്ചയിച്ച പ്രധാനമന്ത്രിയുടെ റാലിയടക്കമുള്ള പരിപാടികളുമായി ബി.ജെ.പി മുന്നോട്ടുപോകുന്നത് 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ജയം നേടുകയെന്ന അജണ്ട പാര്‍ട്ടിക്ക് പ്രധാനമായത് കൊണ്ടാണെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
കോഴിക്കോട് ദേശീയ കൗണ്‍സിലിന്‍െറ മുന്നൊരുക്കങ്ങള്‍ വിശദീകരിച്ച പാര്‍ട്ടി ദേശീയ സെക്രട്ടറി എച്ച്. രാജ ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. ദേശീയ കൗണ്‍സില്‍ പ്രധാനമായും ഊന്നുന്നത് കേരളത്തിലെ പാര്‍ട്ടിയുടെ വളര്‍ച്ചയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച 16 ശതമാനം വോട്ടിന്‍െറ വര്‍ധിതവീര്യത്തിലാണ് പാര്‍ട്ടി. കേരളത്തിലെ പ്രവര്‍ത്തകരെ ഒന്നുകൂടി സജീവമാക്കിയാല്‍ കൂടുതല്‍ വളര്‍ച്ചയുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ദേശീയ നേതൃത്വത്തിന്‍െറ കണക്കുകൂട്ടല്‍. അതിനാണ് കേരളത്തില്‍ കൗണ്‍സില്‍ നടത്താന്‍ തീരുമാനിച്ചത്. ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി വര്‍ഷവും അദ്ദേഹം കോഴിക്കോട്ടത്തെി ജനസംഘം പ്രസിഡന്‍റായതിന്‍െറ 50ാം വര്‍ഷവുമായതിനാലാണ് കോഴിക്കോട് തെരഞ്ഞെടുത്തത്.
അതേസമയം കൗണ്‍സിലില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയപ്രമേയത്തില്‍ ഉറി ആക്രമണവും പ്രതിരോധ സുരക്ഷയും പരാമര്‍ശിക്കുമോ എന്ന ചോദ്യത്തിന് അക്കാര്യത്തില്‍ തീര്‍പ്പായിട്ടില്ല എന്നായിരുന്നു രാജയുടെ പ്രതികരണം. ഉറി ഭീകരാക്രമണത്തിനുശേഷം രാജ്യം സന്ദിഗ്ധമായ ഘട്ടത്തിലൂടെ കടന്നുപോകുന്ന വേളയില്‍ ഇത്തരമൊരു കൗണ്‍സില്‍ സംഘടിപ്പിച്ച് രാജ്യസംവിധാനം മുഴുവന്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നത് ഒരുതരത്തിലും പ്രതികൂലമായി ബാധിക്കില്ളെന്നും അത്തരത്തിലുള്ള ആശങ്കകള്‍ അസ്ഥാനത്താണെന്നും രാജ പറഞ്ഞു.
എന്നാല്‍, ഭരണമേറ്റെടുത്തശേഷം കേരളത്തില്‍ ബി.ജെ.പിക്കെതിരെ 400 അക്രമസംഭവങ്ങള്‍ നടത്തിയ സി.പി.എമ്മിനോട് നേര്‍ക്കുനേര്‍ പോരടിച്ച് മുന്നോട്ടുപോകുമെന്നും ഇക്കാര്യം രാഷ്ട്രീയപ്രമേയത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. രാഷ്ട്രീയപ്രമേയത്തിന് പുറമെ കൗണ്‍സിലില്‍ പതിവുപോലെ സാമ്പത്തിക പ്രമേയവുമുണ്ടാകും. ദീനദയാല്‍ ഉപാധ്യായയുടെ ‘അന്ത്യോദയ’ (വരിയില്‍ അവസാനം നില്‍ക്കുന്നവന്‍െറയും വികസനം) മുദ്രാവാക്യം ഇന്ദിര ഗാന്ധിയുടെ ഗരീബി ഹഠാവോ മുദ്രാവാക്യത്തിന് പകരം വെച്ച് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പാവങ്ങളുടെ മനസ്സ് പിടിക്കാനുള്ള തന്ത്രങ്ങളും ദേശീയ കൗണ്‍സിലില്‍ ചര്‍ച്ചക്കുവരും. 70കളില്‍ ഇന്ദിര ഉയര്‍ത്തിയ മുദ്രാവാക്യം ഏറെ സ്വാധീനം ചെലുത്തിയ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കണ്ടുകൊണ്ടാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.