മലപ്പുറം: ബന്ധുനിയമന വിവാദത്തിൽ ആരോപണവിധേയനായ മന്ത്രി കെ.ടി. ജലീലിനെതിരെ നിയമപോരാട്ടത്തിന് സമയമെടുക്കും. ഇത് മനസ്സിലാക്കിയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കൾ പരാതിയുള്ളവരെ കോടതിയിൽ പോകാൻ വെല്ലുവിളിക്കുന്നത്.
അഴിമതി തടയൽ നിയമത്തിൽ ഇൗവർഷം കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി പ്രകാരം വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി വേണം. അന്വേഷണം ആവശ്യമില്ലെന്ന് മന്ത്രിതന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് സർക്കാർ മറിച്ചൊരു നിലപാട് എടുക്കില്ല. സർക്കാർ അനുമതിയില്ലാതെ വിജിലൻസ് അന്വേഷിക്കുകയുമില്ല. ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിൽ ജലീലിെൻറ പിതൃസഹോദരെൻറ മകെൻറ മകനെ യോഗ്യതകളിൽ മാറ്റം വരുത്തി ജനറൽ മാനേജറായി നിയമിച്ചത് അഴിമതിയാണെന്ന് ആരോപിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് നവംബർ മൂന്നിനുതന്നെ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.
ഇൗ പരാതിയിൽ നടപടി സ്വീകരിക്കാൻ പ്രത്യേക സമയപരിധിയൊന്നുമില്ല. ആവശ്യമായ സാവകാശം നൽകി എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ആവശ്യപ്പെട്ട് വീണ്ടും വിജിലൻസിനെ സമീപിക്കാം. നടപടിയൊന്നും എടുത്തിട്ടില്ലെന്ന് വിജിലൻസ് ഡയറക്ടർ രേഖാമൂലം അറിയിച്ചാൽ മാത്രമേ കോടതിയെ സമീപിക്കാനാവൂ. അന്വേഷണം നടക്കുകയാണെന്ന് കാണിച്ചാണ് മറുപടിയെങ്കിൽ പിന്നെയും കാത്തിരിക്കേണ്ടിവരും. ഇക്കാരണങ്ങളാൽ കോടതിയിൽ വിഷയമെത്താൻ ദിവസങ്ങളെടുക്കും. ഇൗ സാവകാശമുള്ളതുകൊണ്ടാണ് ജലീലിനെതിരെ തിടുക്കപ്പെട്ട് നടപടിയെടുക്കാൻ മുഖ്യമന്ത്രിയോ സി.പി.എമ്മോ തയാറാകാത്തത്.
കോടതിയിൽനിന്ന് എതിരായ പരാമർശമുണ്ടായാൽ അപ്പോൾ ആലോചിക്കാമെന്ന നിലപാടാണ് സർക്കാറിനും പാർട്ടിക്കുമുള്ളത്. വിഷയം രാഷ്ട്രീയമായി കത്തിച്ചുനിർത്തി മന്ത്രിയെ സമ്മർദത്തിലാക്കുക എന്നതാണ് ലീഗിന് മുന്നിലെ ഏക മാർഗം. ജലീൽ പെങ്കടുക്കുന്ന പരിപാടികളിലെല്ലാം പ്രതിഷേധം അരങ്ങേറുന്നതും ഇതിെൻറ ഭാഗമായാണ്. സമരം കൂടുതൽ ശക്തമാക്കാനാണ് അവരുടെ തീരുമാനം. നവംബർ 26ന് നിയമസഭ ചേരുകയാണ്. സഭയിൽ പ്രക്ഷോഭം ശക്തമാക്കാൻ യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. 19ന് ചേരുന്ന യു.ഡി.എഫ് യോഗം ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനിക്കും. മന്ത്രിക്കെതിരെ കോഴിക്കോട്ട് പ്രതിഷേധിച്ച എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് അടക്കമുള്ള നേതാക്കൾക്കെതിരെ 333ാം വകുപ്പ് അനുസരിച്ച് കേസെടുത്ത് റിമാൻഡ് ചെയ്തതിലും യൂത്ത് ലീഗിന് കടുത്ത പ്രതിഷേധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.