മുന്നണി രാഷ്ട്രീയത്തിനപ്പുറം ജാതിയും മതവും കൂടി വിഷയമാകുന്ന തെരഞ്ഞെടുപ്പിൽ ആ ലപ്പുഴയിലെങ്കിലുമത് സ്ഥാനാർഥികളെ മുൻനിർത്തിയുള്ള വിലയിരുത്തലുകളായി മാറി യിട്ടുണ്ട്. വികസന നായക പരിവേഷമുള്ള സിറ്റിങ് എം.എൽ.എ എ.എം. ആരിഫ് എൽ.ഡി.എഫിനായും നഗ രസഭ അധ്യക്ഷയായും ജില്ല പഞ്ചായത്ത് അംഗമായും പ്രവർത്തിച്ച, പെരുമ്പാവൂർ, ഒറ്റപ്പാലം മണ്ഡലങ്ങളിൽനിന്ന് മത്സരിച്ച (രണ്ടിടത്തും പരാജയപ്പെട്ടു) ഷാനിമോൾ ഉസ്മാൻ യു.ഡി.എഫിനായും രംഗത്തിറങ്ങിയ മണ്ഡലത്തിൽ നേർക്കുനേരെയുള്ള പോരാട്ടം അതിശക്തമാണ്. യു.ഡി.എഫിെൻറ കുത്തക മണ്ഡലത്തിൽ എൽ.ഡി.എഫ് വിജയിച്ചപ്പോഴെല്ലാം ധ്രുവീകരണം സംഭവിച്ചിരുന്നു.
കഴിഞ്ഞ തവണ കെ.സി. വേണുഗോപാൽ ജയിച്ചപ്പോൾ നേടിയ ഭൂരിപക്ഷം 19,407 വോട്ടുകൾ മാത്രമാണെന്നതും നിയമസഭയിൽ ഹരിപ്പാട് ഒഴികെയുള്ള മണ്ഡലങ്ങളിൽ വിജയിക്കാനായെന്നതും ഒരുലക്ഷം ഭൂരിപക്ഷം ലഭിച്ചതുമാണ് എൽ.ഡി.എഫിെൻറ പ്രതീക്ഷ. രാഹുലിെൻറ സന്ദർശനവും സ്ത്രീ വോട്ടർമാരുടെ അനുകൂല പ്രതികരണവും യു.ഡി.എഫും പ്രതീക്ഷിക്കുന്നു. ഇരുമുന്നണി സ്ഥാനാർഥികളും മുസ്ലിം സമുദായത്തിൽ നിന്നുള്ളവരായതിനാൽ ഹൈന്ദവ വോട്ടുകളിൽ ധ്രുവീകരണം നടക്കുമെന്ന എൻ.ഡി.എ പ്രതീക്ഷ അസ്ഥാനത്താണ്.
70.22 ശതമാനം ഹൈന്ദവരിൽ ഭൂരിപക്ഷം വരുന്ന ഈഴവ സമുദായത്തിന് 29.29 ശതമാനം വോട്ടുകളുണ്ട്. പരമ്പരാഗത ഇടത് വോട്ടുകളാണെങ്കിലും യു.ഡി.എഫിനും നല്ലൊരു പങ്ക് ലഭിക്കും. ആരിഫ് തോറ്റാൽ തലമൊട്ടയടിക്കുമെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശൻ ഷാനിമോളെ തള്ളിക്കളഞ്ഞതുമില്ല. 20.85 ശതമാനം വരുന്ന നായർ വോട്ടുകൾ അനുകൂലമാക്കാൻ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും ശ്രമിക്കുന്നുണ്ട്. ഇടത് പാളയത്തിൽനിന്ന് കോൺഗ്രസിലെത്തിയ മുൻ എം.പി. ഡോ.കെ.എസ്. മനോജ് വഴി ലത്തീൻ വോട്ടുകൾക്കായും ശ്രമമുണ്ട്.
കാന്തപുരം എ.പി വിഭാഗത്തിെൻറ വോട്ടുകൾ രണ്ടു പേർക്കുമായി പങ്ക് വെക്കപ്പെടുമെങ്കിലും ഇ.കെ വിഭാഗത്തിെൻറ വോട്ടുകളിലധികവും യു.ഡി.എഫിനായിരിക്കും. കേഡർ സ്വഭാവമുള്ള വെൽഫെയർ പാർട്ടി വോട്ടുകൾ യു.ഡി.എഫിന് നിർണായകമാണ്. യു.ഡി.എഫിന് പ്രചാരണത്തിൽ ബഹുദൂരം മുന്നേറാനായെങ്കിലും എൽ.ഡി.എഫിന് അവസാന നിമിഷവും നേരിയ മുൻ തൂക്കം നിലനിൽക്കുന്നുണ്ട്. പ്രഖ്യാപിത നിലപാടുകൾ മുൻനിർത്തി നേരിയ മാർജിനിലാണെങ്കിലും വിജയിക്കാനാകുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ. അരൂർ മണ്ഡലത്തിൽ മാത്രം കാൽലക്ഷം ഭൂരിപക്ഷം അവർ കണക്ക് കൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.