ആലപ്പുഴ: പരമ്പരാഗത സമീപനത്തില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ജില്ലയിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ യുവസാരഥി എത്തുന്നു. വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തുകയും രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകനുമായ എം. ലിജുവിന് ഇത് അര്‍ഹതക്കുള്ള അംഗീകാരമാണ്. ഹരിപ്പാട് ചെറുതന മീനത്തേരില്‍ മോഹന്‍ലാല്‍-ചന്ദ്രിക ദമ്പതികളുടെ മകനായ ലിജു രാഷ്ട്രീയത്തില്‍ വേഗത്തിലാണ് തന്‍െറ സാന്നിധ്യമറിയിച്ച് ഉയര്‍ന്നത്.
കോണ്‍ഗ്രസില്‍ രമേശ് ചെന്നിത്തല പക്ഷക്കാരനായി അറിയപ്പെടുന്നു. എങ്കിലും എല്ലാ വിഭാഗത്തില്‍പെട്ട കോണ്‍ഗ്രസുകാരെയും യോജിപ്പിച്ചുനിര്‍ത്താന്‍ കഴിയുന്ന നയചാതുര്യവും പക്വതയും ഉണ്ടെന്ന നിഗമനത്തിലാണ് ലിജുവിനെ പാര്‍ട്ടി കേന്ദ്രനേതൃത്വം കോണ്‍ഗ്രസിന് ഏറെ അടിത്തറയുള്ള ആലപ്പുഴയുടെ ചുക്കാന്‍ ഏല്‍പിച്ചത്.
കാര്‍ത്തികപ്പള്ളി സെന്‍റ് തോമസ് സ്കൂളിലെ കെ.എസ്.യുവിന്‍െറ ലീഡറായിട്ടായിരുന്നു തുടക്കം. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം കോളജില്‍നിന്ന് യൂനിവേഴ്സിറ്റി യൂനിയന്‍ കൗണ്‍സിലറായി, സെനറ്റ് അംഗമായി. ബി.എസ്സി ഫിസിക്സില്‍ ബിരുദധാരിയായ അഡ്വ. എം. ലിജു കെ.എസ്.യുവിന്‍െറ ജില്ല സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, പ്രസിഡന്‍റ്, ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. കെ.പി.സി.സിയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുകയാണ്. കൂടാതെ, കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗവും.
വ്യത്യസ്ത അഭിപ്രായങ്ങളും ഗ്രൂപ് സമവാക്യങ്ങളും ആലപ്പുഴയില്‍ ഉണ്ടെങ്കിലും എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി പ്രസ്ഥാനത്തെ നയിക്കാന്‍ നേതൃപരമായ ശേഷി തനിക്കുണ്ടെന്ന് തെളിയിക്കാനുള്ള അവസരമാണ് പാര്‍ട്ടി ലിജുവിന് നല്‍കിയിട്ടുള്ളത്. രണ്ടുതവണ നിയമസഭയിലേക്ക് മത്സരിച്ച് ആലപ്പുഴയുടെ ഗതിവിഗതികള്‍ നന്നായി മനസ്സിലാക്കിയിട്ടുണ്ട്. അമ്പിളിയാണ് ഭാര്യ. മക്കള്‍: ഗാര്‍ഗി പ്രിയദര്‍ശിനി, ഗഗന പ്രിയദര്‍ശിനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.