ചെങ്ങന്നൂർ: പരസ്യ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ചെങ്ങന്നൂർ നിയമസഭ മണ്ഡലം പ്രചാരണ കോലാഹലങ്ങളുടെ ഉച്ചസ്ഥായിയിലായി. നഗര-ഗ്രാമ ഭേദമന്യേ മണ്ഡലം മുഴുവൻ ഉച്ചഭാഷിണികളുടെ ശബ്ദഘോഷത്തിലാണ്. ഒരേ മുന്നണിയുടെ തന്നെ ഒന്നിലേറെ പ്രചാരണ വാഹനങ്ങൾ ഒരേസമയം തലങ്ങും വിലങ്ങും പായുന്ന വിചിത്രമായ കാഴ്ചയാണ് എങ്ങും. ഇതിൽനിന്നും സ്ഥാനാർഥിയെയും മുന്നണിയെയും പ്രകീർത്തിക്കുകയും എതിർ മുന്നണികളെ പരിഹസിക്കുകയും ചെയ്യുന്ന ചലച്ചിത്ര ഗാനങ്ങളുടെയും മാപ്പിളപ്പാട്ടിെൻറയും നാടൻപാട്ടുകളുടെയും പാരഡികൾ മുഴങ്ങുന്നു.
മാർക്സിസ്റ്റ് ഭരണത്തിന് ത്രിപുരയിൽ അന്ത്യംകുറിച്ച ബിപ്ലവ് ദേബ് കുമാറിനെ മണ്ഡലത്തിൽ കൊണ്ടുവന്ന് റോഡ് ഷോ അടക്കം നടത്തിയതിെൻറ ആവേശത്തിലാണ് എൻ.ഡി.എ. കെ.എം. മാണി, ജോസ് കെ. മാണി, പി.ജെ. ജോസഫ് എന്നിവരെയും പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എന്നിവരെ പങ്കെടുപ്പിച്ച് പൊതുയോഗം നടത്തിയത് യു.ഡി.എഫ് ക്യാമ്പുകളിൽ ആവേശം കൊള്ളിച്ചു.
11 വേദികളിലായി മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടുദിവസം മണ്ഡലത്തിലുണ്ട്. ആർ. ബാലകൃഷ്ണപിള്ളയും എൽ.ഡി.എഫ് യോഗങ്ങളിൽ പ്രസംഗിക്കുന്നുണ്ട്. എൽ.ഡി.എഫ് പാളയത്തിലെത്തിയ എം.പി. വീരേന്ദ്രകുമാർ എം.പിയും മണ്ഡലത്തിൽ സജീവ സാന്നിധ്യമാണ്. സിനിമ നടന്മാരും എം.എൽ.എമാരുമായ മുകേഷും ഗണേഷ് കുമാറും യോഗങ്ങളിലെ ആകർഷകങ്ങളാണ്.
കോൺഗ്രസുമായി ചേർന്നുള്ള പ്രാദേശികസഖ്യം അനിവാര്യം –മാണി
ചെങ്ങന്നൂർ: രാജ്യത്ത് ജനാധിപത്യവും സമാധാനജീവിതവും തിരികെ കൊണ്ടുവരണമെങ്കിൽ കോൺഗ്രസിനോട് തോളോടുതോൾ േചർന്നുകൊണ്ടുള്ള പ്രാദേശിക കക്ഷികളുടെ സഖ്യം അനിവാര്യമാെണന്ന് മനസ്സിലാക്കിയാണ് ചെങ്ങന്നൂരിൽ യു.ഡി.എഫിന് പിന്തുണ നൽകിയതെന്ന് കേരള കോൺഗ്രസ്-എം നേതാവ് കെ.എം. മാണി. നിയമസഭ ഉപതെരഞ്ഞെടുപ്പിൽ വിജയകുമാറിെൻറ വിജയം ഉറപ്പാക്കുന്നതിന് പ്രവർത്തിക്കുമെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് യോഗത്തിൽ പറഞ്ഞു.
യു.ഡി.എഫ് കുടുംബത്തിൽനിന്ന് പരസ്പര സ്നേഹവും വിശ്വാസമില്ലായ്മയുംകൊണ്ട് കഴിയാൻ പറ്റാത്ത സാഹചര്യത്തിലാണ് വിട്ടുപോയത്. കെ.പി.സി.സി നേതാക്കൾ നിലപാടിൽ മാറ്റംവരുത്തി പാലായിൽ വന്ന് സ്നേഹം പകർന്നുനൽകിയത് പരിപൂർണ വിശ്വാസത്തിലെടുക്കുകയായിരുന്നു. വിശ്വാസവും സ്നേഹവും തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് യു.ഡി.എഫിലേക്ക് മടങ്ങാനുള്ള തീരുമാനം. ഇതിൽ ലാഭനഷ്ടങ്ങളുടെയോ സ്ഥാനമാനങ്ങളുടെയോ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.