കോൺഗ്രസുമായുള്ള കൂട്ടുകെട്ടിൽ എതിർപ്പ്; ആം ആദ്മി നേതാവ് അശോക് തൻവാർ രാജിവെച്ച് ബി.ജെ.പിയിലേക്ക്

ന്യൂഡൽഹി: കോൺഗ്രസുമായി പാർട്ടി സഹകരിക്കുന്നതിൽ പ്രതിഷേധിച്ച് ഹരിയാനയിലെ ആം ആദ്മി പാർട്ടി നേതാവും മുൻ എം.പിയുമായ അശോക് തൻവാർ രാജിവെച്ചു. ബി.ജെ.പിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആം ആദ്മി പാർട്ടി കോൺഗ്രസുമായി സഹകരിക്കുന്നത് തന്‍റെ ധാര്‍മ്മികതയുമായി ഒത്തുപോവുന്നതല്ലെന്നാണ് കാരണമായി ചൂണ്ടിക്കാട്ടിയാണ് അശോക് തന്‍വാര്‍ രാജിവെച്ചത്. 

ഹരിയാനയിൽ ആം ആദ്മിയുടെ പ്രചാരണ കമ്മിറ്റി മേധാവിയായിരുന്നു തൻവാർ. അടുത്ത നീക്കം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ലെങ്കിലും, ശനിയാഴ്ച ബി.ജെ.പിയിൽ ചേരുമെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞയാഴ്ച ഹരിയാന മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹർ ലാൽ ഘട്ടാറിനെ തൻവാർ കണ്ടിരുന്നു.

നേരത്തെ കോൺഗ്രസ് നേതാവായിരുന്ന അശോക് തൻവാർ കോളജ് പഠനകാലത്ത് എൻ.എസ്.യുവിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തിയത്. യൂത്ത് കോൺഗ്രസിന്‍റെ ദേശീയ പ്രസിഡന്‍റായിരുന്നു. ഹരിയാന കോൺഗ്രസ് അധ്യക്ഷനുമായി. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുടെ നിലപാടുകളിൽ അഭിപ്രായഭിന്നതയെ തുടർന്നാണ് 2022ൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ആം ആദ്മിയിൽ ചേർന്നത്. 

ആം ആദ്മി പാർട്ടി കോൺഗ്രസുമായി സഹകരിക്കുന്നത് തന്‍റെ ധാർമികതക്ക് നിരക്കുന്നതല്ലെന്ന് പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനെഴുതിയ കത്തിൽ അശോക് തൻവാർ പറ‍ഞ്ഞു. ആം ആദ്മിയുടെ എല്ലാ ചുമതലയിൽ നിന്നും ഒഴിയുകയാണ്. വിദ്യാർഥി കാലം മുതൽക്കേ രാഷ്ട്രീയരംഗത്തെത്തിയ ആളെന്ന നിലയിൽ ഹരിയാനയിലെയും ഭാരതത്തിലെയും ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ഇനിയും പ്രവർത്തിക്കും -കത്തിൽ പറഞ്ഞു.

കഴിഞ്ഞയാഴ്ച ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടാറിനെ തൻവാർ കണ്ടതുമുതൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടായിരുന്നു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ തൻവാറിന്‍റെ പാർട്ടി പ്രവേശനം ചർച്ചയായതായി ഹരിയാന ബി.ജെ.പി വക്താവ് സഞ്ജയ് ശർമ വ്യക്തമാക്കി. 

Tags:    
News Summary - Ashok Tanwar resigns from AAP over party’s ‘alignment’ with Congress, likely to join BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.