ഇവിടെ അരക്ഷിത ബോധത്തിന്‍െറ മരവിപ്പ്

അരക്ഷിതബോധം അഅ്സംഗഢിന്‍െറ മുഖമുദ്രയായി മാറിയിരിക്കുന്നു. ഭീകരതയുടെ നഴ്സറിയെന്ന മട്ടില്‍  ഭരണകൂടം സംശയത്തോടെ കാണുമ്പോള്‍ ഇവിടത്തുകാര്‍ക്ക് സുരക്ഷിതബോധം ഉണ്ടാവുന്നതെങ്ങനെ? രാജ്യത്ത് എവിടെ സ്ഫോടനം നടന്നാലും അഅ്സംഗഢിലെ വീടുകളുടെ വാതിലില്‍ മുട്ടുകയും ചെറുപ്പക്കാരെ പൊക്കുകയും ചെയ്യുന്ന പതിവു തുടങ്ങിയിട്ട് ഒമ്പതുവര്‍ഷമായി. അതിനിടയില്‍ നിയമസഭ തെരഞ്ഞെടുപ്പിനെ നിസ്സംഗതയോടെ കാണുകയാണ് വോട്ടര്‍മാര്‍. 

ബട്ല ഹൗസില്‍ പൊലീസ് നടത്തിയ ഏറ്റുമുട്ടലിന് പിന്നാലെ പിടികൂടിയ ഏതാനും മുസ്ലിം ചെറുപ്പക്കാര്‍ ജാമ്യംകിട്ടാതെ വിചാരണത്തടവുകാരായി തിഹാര്‍ ജയിലില്‍ കഴിയുന്നു. ഒമ്പതുവര്‍ഷം കഴിഞ്ഞിട്ടും അവര്‍ക്ക് എന്നു പുറത്തിറങ്ങാനാവും ഇനിയെന്നെങ്കിലും വെളിച്ചംകാണാന്‍ കഴിയുമോ തുടങ്ങിയ ഉത്കണ്ഠകള്‍ ബാക്കിനില്‍ക്കുന്നു. ബട്ല ഹൗസിലെ പൊലീസ് നടപടിയെക്കുറിച്ച സംശയങ്ങള്‍ മുന്‍നിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം സര്‍ക്കാര്‍ കേട്ടതേയില്ല. അഅ്സംഗഢിനെ ചൂഴ്ന്നുനില്‍ക്കുന്ന അരക്ഷിതബോധത്തിന്‍െറ ഉറവിടം അതാണ്. തുടക്കത്തില്‍ പ്രസംഗ വേദികളില്‍ കാണിച്ച ആവേശത്തിനപ്പുറം, ഭീകരവേട്ടയുടെ ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം തങ്ങള്‍ക്ക് കിട്ടിയിട്ടില്ളെന്ന് അഅ്സംഗഢുകാര്‍ പറയും. ഭീകരവേട്ട ഇഷ്ടവിഷയമായ ബി.ജെ.പിയില്‍നിന്ന് ഒന്നും അവര്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, മുമ്പ് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസോ ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന സമാജ്വാദി പാര്‍ട്ടിയോ നിരപരാധികള്‍ക്ക് കൈത്താങ്ങ് നല്‍കിയില്ല. മുലായം സിങ്ങിന്‍െറ മണ്ഡലമായ അഅ്സംഗഢില്‍ കൂടുതല്‍ സ്വാധീനം സമാജ്വാദി പാര്‍ട്ടിക്കാണ്. പക്ഷേ, ഭീകരതയെ സഹായിക്കുന്നുവെന്ന പ്രചാരണം പേടിച്ച് അകന്നുമാറുകയാണ് അവര്‍.

അതുതന്നെയാണ് തെരഞ്ഞെടുപ്പുകാലത്തെ നിസ്സംഗതയുടെ കാരണം. അഅ്സംഗഢില്‍ നിര്‍ണായക വോട്ടുബാങ്കായ മുസ്ലിംകള്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യില്ല. വോട്ടു പാഴാക്കാനുമാവില്ല. തങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വോട്ടുലാഭം കൊയ്യുന്ന വര്‍ഗീയശക്തികളെ തോല്‍പിക്കാന്‍ പാകത്തില്‍ വോട്ടുചെയ്യാനാണ് അവരുടെ തീരുമാനം. അത് ചില മണ്ഡലങ്ങളില്‍ ബി.എസ്.പി സ്ഥാനാര്‍ഥിക്കാകാം. ചിലയിടത്ത് സമാജ്വാദി പാര്‍ട്ടിക്കോ കോണ്‍ഗ്രസിനോ ആകാം. അവരോടുള്ള താല്‍പര്യമാണ് വോട്ടെടുപ്പില്‍ പ്രതിഫലിക്കുന്നതെന്ന് വ്യാഖ്യാനിക്കേണ്ടതില്ളെന്നു മാത്രം. അതിനെല്ലാമിടയില്‍ വര്‍ഗീയധ്രുവീകരണത്തിലൂടെ അഅ്സംഗഢ് ജില്ലയില്‍ സമാജ്വാദി പാര്‍ട്ടിയുടെ മേധാവിത്വം തകര്‍ത്ത് ചില സീറ്റുകള്‍ ബി.ജെ.പി പിടിക്കാന്‍ സാധ്യതയേറിയിട്ടുണ്ട്. പുറത്തു പഠിക്കാനും ജോലിക്കും പോയതുവഴി മുസ്ലിംകളുടെ ധനസ്ഥിതി മെച്ചപ്പെട്ടതോടെയാണ് അഅ്സംഗഢ് ഉന്നമാക്കപ്പെട്ടതെന്ന് ഇവിടത്തുകാര്‍ പറയും. ഭീകരതയുടെ നഴ്സറിയായി മുദ്രകുത്തിയതോടെ കുറെ വര്‍ഷങ്ങളായി അഅ്സംഗഢുകാര്‍ അനുഭവിച്ചുപോരുന്ന പ്രയാസങ്ങള്‍ പല വിധത്തിലാണ്. വിദേശത്തൊരു ജോലിക്കുപോകാന്‍ പാസ്പോര്‍ട്ട് സംഘടിപ്പിക്കാന്‍ പങ്കപ്പാട് ചില്ലറയല്ല. ഡല്‍ഹിയിലും മറ്റിടങ്ങളിലും പഠിക്കാനും പണിയെടുക്കാനും കഴിയാത്ത സ്ഥിതി. 
അഅ്സംഗഢുകാരാണെന്നറിഞ്ഞാല്‍ അഡ്മിഷനില്ല. ജോലിക്കെടുക്കില്ല. വാടകവീടോ ഹോസ്റ്റലോ കിട്ടില്ല. നിരീക്ഷിക്കാന്‍ പൊലീസ് പിന്നാലെ കൂടുകയും ചെയ്യും. 2008നുമുമ്പ് അഅ്സംഗഢില്‍നിന്ന് പഠിക്കാന്‍ പുറത്തേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ 2000ത്തോളം വരുമായിരുന്നു. ഇപ്പോഴത് 200ല്‍ താഴെയായി ചുരുങ്ങി. 

ബട്ല ഹൗസ് സംഭവത്തില്‍ വിചാരണതടവുകാരായി തിഹാറില്‍ കഴിയുന്നവരുടെ ഉറ്റബന്ധുക്കളുടെ വാക്കുകള്‍ക്ക് മരവിപ്പാണ്. ‘‘ഇല്ല. ഞങ്ങള്‍ക്കൊന്നും പറയാനില്ല. അനുഭവിച്ചുതീര്‍ക്കാന്‍ ഇനിയൊന്നും ബാക്കിയില്ല. മാധ്യമങ്ങളോട് കൂടുതല്‍ പറഞ്ഞിട്ടെന്തു കാര്യം? വാര്‍ത്ത വരുമ്പോള്‍ അകത്തുകിടക്കുന്നവര്‍ക്ക് കൂടുതല്‍ പീഡനം സഹിക്കേണ്ടി വരും. ജയിലില്‍ ചെന്നൊന്നു കാണാന്‍കൂടി കഴിയാതെവരും. അതാണ് മുമ്പത്തെ അനുഭവം. 

മാധ്യമങ്ങളെയും ഞങ്ങള്‍ക്ക് വിശ്വാസമില്ല. പറയുന്നതെല്ലാം വളച്ചൊടിക്കും. എന്നിട്ട് ‘നഴ്സറി’യിലെ ഭീകരതയുടെ പുതിയ വിവരങ്ങളായി അവതരിപ്പിക്കും. ഇപ്പോള്‍ ഞങ്ങള്‍ പടച്ചതമ്പുരാന്‍െറ വിധിക്ക് എല്ലാം വിട്ടുകൊടുത്തിരിക്കുന്നു. നിരപരാധിത്വം തെളിയിച്ച് അവര്‍ പുറത്തിറങ്ങാന്‍ പ്രാര്‍ഥിക്കും. അതിനു കഴിഞ്ഞില്ളെങ്കില്‍, തമ്പുരാന്‍െറ വിധിനിശ്ചയമായി കരുതി സ്വീകരിക്കും. ആരും തുണയില്ലാത്തവര്‍ മറ്റെന്താണ് ചെയ്യേണ്ടത്?’’ -അവര്‍ ചോദിക്കുന്നു.  

Tags:    
News Summary - azamgarh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.