ജീവിച്ചോ മരിച്ചോ എന്നറിയാതെ കാണാമറയത്തിരിക്കുന്ന മകനെയോര്‍ത്ത് കണ്ണീര്‍ വാര്‍ത്തിരിക്കവെ വന്നുകയറിയ പൊലീസിനെ കണ്ടപ്പോള്‍ വല്ല വിവരവും കിട്ടിക്കാണും എന്ന ആകാംക്ഷയിലായിരുന്നു നജീബിന്‍െറ മാതാവ്. എന്നാല്‍, വന്നുകയറിയപാടെ വാദിയെ പ്രതിയാക്കുന്നതരത്തില്‍ അവരുടെ മട്ടുമാറി.
നജീബിന്‍െറ ഇമെയില്‍ ഐ.ഡി ആരോ തുറന്നുനോക്കിയിട്ടുണ്ടെന്നും അത് കുടുംബത്തില്‍നിന്നുള്ളവര്‍ തന്നെയാണെന്നും ആരോപിച്ച് നജീബിന്‍െറ മാതാവിന് മുന്നില്‍ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നടത്തിയത് റെയ്ഡല്ളെന്നും വെറുമൊരു പരിശോധന മാത്രമാണെന്നും ക്രൈംബ്രാഞ്ച് പിന്നീട് ന്യായീകരിച്ചെങ്കിലും നജീബിന്‍െറ തിരോധാനം വീണ്ടും ചര്‍ച്ചയാകുന്നതിനും തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമാകുന്നതിനും രണ്ടാഴ്ച മുമ്പ് ബദായുനില്‍ നടന്ന ഈ സംഭവം കാരണമായി.
67 മണ്ഡലങ്ങളിലേക്ക് 15ന് നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്‍െറ രണ്ടാം ഘട്ടത്തില്‍ ഉയര്‍ന്നുകേട്ട പ്രധാന പ്രചാരണ വിഷയങ്ങളിലൊന്ന് ജെ.എന്‍.യു വിദ്യാര്‍ഥി നജീബിന്‍െറ തിരോധാനം തന്നെയാണ്. ഏറ്റവുമൊടുവില്‍ പൊലീസ് നടത്തിയ റെയ്ഡും കഴിഞ്ഞ ഒക്ടോബര്‍ 15ന് എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റശേഷം ദുരൂഹ സാഹചര്യത്തില്‍ കാണാതായ നജീബിന്‍െറ കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്‍െറ ഭാഗമാണെന്നാണ് വീട്ടുകാര്‍ പറയുന്നത്. നജീബിനെ മോചിപ്പിക്കാന്‍ 20 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ ചെയ്ത സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്ത കാര്യവും ഇതിന് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു.
2014ല്‍ രണ്ട് പെണ്‍കുട്ടികളെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവമാണ് നജീബിന്‍െറ തിരോധാനം പോലെ കത്തിപ്പിടിച്ചൊരു പ്രചാരണ വിഷയം. അന്തര്‍ദേശീയതലത്തില്‍പോലും നാണക്കേടുണ്ടാക്കിയ സംഭവം. രാജ്യമൊട്ടുക്കുമുയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു സി.ബി.ഐ കേസ് ഏറ്റെടുത്തത്. ഒടുവില്‍ സംഭവം ആത്മഹത്യയാണെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിച്ച സി.ബി.ഐ പ്രതികളായ യാദവരെ കുറ്റമുക്തരാക്കി. കരിമ്പ് കര്‍ഷകര്‍ക്ക് ആധിപത്യമുള്ള മണ്ഡലത്തില്‍ കരിമ്പിന്‍െറ താങ്ങുവില സമാജ്വാദി പാര്‍ട്ടി സര്‍ക്കാര്‍ കൂട്ടാത്തതാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മറ്റൊരു വിഷയം. എന്നാല്‍, കരിമ്പ് കര്‍ഷകരിലധികവും സമാജ്വാദി പാര്‍ട്ടിയുടെ വോട്ടുബാങ്കായ മുസ്ലിംകളും യാദവരുമാണ്.
11 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 67 സീറ്റുകളില്‍ 34 എണ്ണവും സമാജ്വാദി പാര്‍ട്ടിയുടെ സിറ്റിങ് സീറ്റുകളാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ 73 സീറ്റ് ബി.ജെ.പി തൂത്തുവാരിയപ്പോഴും മുലായം സിങ്ങിന്‍െറ സഹോദര പുത്രന്‍ ധര്‍മേന്ദ്ര യാദവിനെ വിജയിപ്പിച്ച പാരമ്പര്യമാണ് ബദായുനിന്‍േറത്.
2012ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തൊട്ടടുത്ത ബി.ജെ.പി സ്ഥാനാര്‍ഥിയെ 15,413 വോട്ടിന് തോല്‍പിച്ച ആബിദ് റസാ ഖാനാണ് നിലവില്‍ ബദായുനിലെ എം.എല്‍.എ. ആബിദ് റസാ ഖാന്‍ വീണ്ടും മത്സരിക്കുമ്പോള്‍ കഴിഞ്ഞതവണ തോറ്റ മഹേഷ് ചന്ദ്ര ഗുപ്ത വീണ്ടും ബി.ജെ.പി സ്ഥാനാര്‍ഥിയാണ്. ഭുപേന്ദ്ര സിങ് ആണ് ബി.എസ്.പി സ്ഥാനാര്‍ഥി. ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ സ്ഥാനാര്‍ഥി ഖാലിദ് പര്‍വേസ് സമാജ്വാദി പാര്‍ട്ടിയുടെ കോട്ടയില്‍ വിള്ളലുണ്ടാക്കാനുണ്ട്.
നീതി തേടി സുപ്രീംകോടതി വരെ പോയ മുസ്ഫര്‍ നഗര്‍ കലാപത്തിലെ ഏഴ് ഇരകളെക്കുറിച്ചുള്ള ആംനസ്റ്റി ഇന്‍റര്‍നാഷനലിന്‍െറ റിപ്പോര്‍ട്ട് വായിച്ചാണ് അസദുദ്ദീന്‍ ഉവൈസി ബദായുനില്‍ വോട്ടുപിടിക്കുന്നത്. നാലു വയസ്സുള്ള മകന്‍െറ മുന്നില്‍ യുവതി മാനഭംഗം ചെയ്യപ്പെട്ടത് വിവരിച്ച് മൂന്നുതവണ ഇരയുടെ പേര് ഉവൈസി വിളിച്ചു പറഞ്ഞത് വിവാദമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.