കൊച്ചി: ഇ-മൊബിലിറ്റി പദ്ധതിക്കായി പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് (പി.ഡബ്ല്യു.സി) കമ്പനിക്ക് കരാർ നൽകിയത് മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി. പിണറായി വിജയെൻറ മകളുടെ എക്സ ലോജിക് എന്ന കമ്പനിയുമായി പി.ഡബ്ല്യു.സി ഡയറക്ടർ ജെയ്ക് ബാലകുമാറിനുള്ള ബന്ധമാണ് എല്ലാ മാനദണ്ഡവും ലംഘിച്ച് കരാർ നൽകിയതിനു പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.
വിശ്വസ്തനായ ഉപദേശകൻ എന്ന നിലയിലാണ് എക്സ ലോജിക് കമ്പനി വെബ്സൈറ്റിൽ ജെയ്ക് ബാലകുമാറിെന അവതരിപ്പിച്ചിരിക്കുന്നത്. സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) കരിമ്പട്ടികയിൽപെടുത്തുകയും ജസ്റ്റിസ് ഷാ അധ്യക്ഷനായ സിറ്റിസൺ വിസിബിൾ ഫോറം തട്ടിപ്പ് കമ്പനിയാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്ത സ്ഥാപനമാണ് പി.ഡബ്ല്യു.സി.
ഇത് വ്യക്തമാക്കി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും അയച്ച കത്തുകൾക്ക് വില നൽകാതെയാണ് കമ്പനിക്ക് കരാർ നൽകിയത്. പാർലമെൻറിലെ ചോദ്യത്തിന് ലഭിച്ച മറുപടിയിലെ പരാമർശങ്ങളും കമ്പനിക്കെതിരാണെന്ന് ബെന്നി ബഹനാൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഡൽഹി ജലബോർഡുമായി ബന്ധപ്പെട്ട് പി.ഡബ്ല്യു.സി കമ്പനിയുമായി കരാറുകളിൽ ഏർപ്പെടരുതെന്ന് 2005ൽ സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, സി.പി.ഐ അഖിലേന്ത്യ സെക്രട്ടറി എ.ബി. ബർദൻ തുടങ്ങിയവർ പരാതി നൽകിയിരുന്നു.
കമ്പനിയെക്കുറിച്ചുള്ള അന്നത്തെ നിലപാടിൽനിന്ന് സി.പി.എമ്മും സി.പി.ഐയും വ്യതിചലിച്ചോ എന്ന് നേതൃത്വം വ്യക്തമാക്കണം–അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.