ന്യൂഡൽഹി: അടുത്തവർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാനിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ബി.ജെ.പി. റോബർട്ട് വധേരയുമായി ബന്ധമുള്ള കമ്പനി ഉൾപ്പെട്ട ഭൂമി കുംഭകോണകേസ് സി.ബി.െഎക്ക് വിട്ടാണ് ബി.ജെ.പി സർക്കാർ കോൺഗ്രസിന് കെണിയൊരുക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്നെന്ന് സംസ്ഥാന കോൺഗ്രസ്നേതൃത്വം ആരോപിച്ചപ്പോൾ, സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെട്ട വൻ അഴിമതിക്കേസാണിതെന്ന് സർക്കാർ തിരിച്ചടിച്ചു.
ബിക്കനിറിൽ മഹാജൻ ഫീൽഡ് ഫയറിങ് റേഞ്ചിനായി 1400 ഏക്കർ ഭൂമി ഏറ്റെടുത്തതിെൻറ നഷ്ടപരിഹാരം നൽകുന്നതിനിടെയാണ് 2014ൽ ഭൂമി കുംഭകോണ കഥകൾ പുറത്തുവന്നത്. ഏറ്റെടുത്ത ഭൂമി പലപ്രാവശ്യം മറിച്ചുകൊടുത്തെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് 18 എഫ്.െഎ.ആറുകളാണ് ഇതുവരെ തയാറാക്കിയത്. ഇതിൽ നാലെണ്ണം വധേരയുമായി ബന്ധപ്പെട്ട സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിക്ക് എതിരെയാണ്.
കേസ് അന്വേഷിച്ച സംസ്ഥാന പൊലീസ് വധേരക്ക് ക്ലീൻചിറ്റ് നൽകിയെന്ന വാർത്തകൾ കഴിഞ്ഞവർഷം പുറത്തുവന്നെങ്കിലും ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കട്ടാരിയ നിഷേധിച്ചിരുന്നു. കേസ് വധേരക്കെതിരെ മാത്രമുള്ളതല്ലെന്നും നിരവധി ഉദ്യോഗസ്ഥർക്കടക്കം പങ്കുണ്ടെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. എന്നാൽ, കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് ആരോപിച്ച കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് സചിൻ പൈലറ്റ്, ഭൂമി തട്ടിപ്പ് അന്വേഷിച്ച സമിതിയുടെ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയാറായില്ലെന്ന് കുറ്റപ്പെടുത്തി.
ഭൂമി കേസിൽ ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം ബി.ജെ.പിയുമായി ബന്ധമുള്ളവരാണെന്നും ഏത് തരം അന്വേഷണത്തിനും തയാറാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് ശക്തമായ സംഘടനാ സംവിധാനമുള്ള രാജസ്ഥാനിൽ ബി.ജെ.പിയുമായി കടുത്ത മത്സരമാണ് നിയമസഭ തെരഞ്ഞെടുപ്പുകളിൽ നടക്കുന്നത്. അതുകൊണ്ടുതന്നെ പരസ്പരം പ്രതിക്കൂട്ടിലാക്കാനുള്ള അവസരം ഇരു പാർട്ടികളും ഒഴിവാക്കാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.