ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിനായുള്ള ബി.ജെ.പി സ്ഥാനാർഥി പട്ടികയിൽ ഖനി ഭീമന്മാരായ ബെള്ളാരി ബ്രദേഴ്സിലെ സോമശേഖർ റെഡ്ഡി ഇടംപിടിച്ചതിന് പിന്നിൽ ജി. ജനാർദന റെഡ്ഡിയെ അകറ്റാതെ അകറ്റുന്ന അമിത് ഷായുടെ തന്ത്രം. പാർട്ടിക്ക് ബെള്ളാരിയിൽ വേരോട്ടമുണ്ടാക്കിയ റെഡ്ഡി സഹോദരന്മാരെ ഒരേസമയം തള്ളുകയും കൊള്ളുകയും ചെയ്യുന്ന ബി.ജെ.പിയുടെ ‘ബെള്ളാരി മോഡൽ’ വിജയിക്കുമോ എന്ന് കണ്ടറിയേണ്ടിവരും. 2008ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബെള്ളാരിയിലെ ഒമ്പതിൽ എട്ടു മണ്ഡലങ്ങളിലും ബി.ജെ.പി വിജയക്കൊടി പാറിച്ചതിന് പിന്നിൽ ജനാർദന റെഡ്ഡിയുടെയും സഹോദരൻ കരുണാകര റെഡ്ഡിയുടെയും സോമശേഖർ റെഡ്ഡിയുടെയും സ്വാധീനമായിരുന്നു. യെദിയൂരപ്പ സർക്കാറിൽ ഇരുവരും മന്ത്രിമാരായതോടെ കർണാടകയിലും ആന്ധ്രയിലുമായി അനധികൃത ഖനനം വഴി കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടത്തിയത്.
കേസും കോടതിയും ജയിൽവാസവുമായി കഴിഞ്ഞ ജനാർദന റെഡ്ഡി ജാമ്യം നേടി പുറത്തുവന്നപ്പോൾ ഇത്തവണ മത്സരിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ടിക്കറ്റ് നൽകിയില്ലെന്നു മാത്രമല്ല, റെഡ്ഡിയുമായി സഹകരണമില്ലെന്ന് അമിത് ഷാ വ്യക്തമാക്കുകയും ചെയ്തു. ജനാർദന റെഡ്ഡിയെ അകറ്റിനിർത്തുേമ്പാഴും സഹോദരൻ സോമശേഖര റെഡ്ഡിക്കും അടുത്ത അനുയായി ശ്രീരാമുലുവിനും ഇത്തവണ സീറ്റ് നൽകി. ശ്രീരാമുലുവിനായി താൻ പ്രചാരണത്തിനിറങ്ങുമെന്ന് ജനാർദന റെഡ്ഡി വ്യക്തമാക്കിയിട്ടുണ്ട്.
റെഡ്ഡി ജയിലിൽ കഴിയവേ 2013ൽ നടന്ന തെരഞ്ഞെടുപ്പിൽ മറ്റൊരു സഹോദരനായ കരുണാകര റെഡ്ഡിയെ ബി.ജെ.പി മത്സരിപ്പിച്ചിരുന്നു. യെദിയൂരപ്പ കർണാടക ജനത പക്ഷ പാർട്ടിയുമായും റെഡ്ഡിയുടെ വിശ്വസ്തൻ ശ്രീരാമുലു ബി.എസ്.ആർ കോൺഗ്രസുമായും ബി.ജെ.പിക്കെതിരെ രംഗത്തുവന്ന സമയത്തായിരുന്നു ഇത്. പിന്നീട് യെദിയൂരപ്പയും ശ്രീരാമുലുവും പാർട്ടിയിൽ തിരിച്ചെത്തുകയും റെഡ്ഡി ജാമ്യം നേടി പുറത്തുവരുകയും ചെയ്തതോടെ വീണ്ടും രാഷ്ട്രീയത്തിലിറങ്ങാനുള്ള സാധ്യത തെളിഞ്ഞു. ബി.ജെ.പി സ്ഥാനാർഥി പട്ടികയിൽ സോമശേഖർ റെഡ്ഡിയുടെ പേരും ഉൾപ്പെട്ടതോടെ പരിഹാസവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
മുമ്പ് ലോക്സഭ തെരഞ്ഞെടുപ്പിൽ സുഷമ സ്വരാജ് ബെള്ളാരിയിൽ മത്സരിച്ചപ്പോൾ അടുപ്പമുണ്ടായിരുന്ന ജനാർദന റെഡ്ഡിയെയും കരുണാകര റെഡ്ഡിയെയും തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്ന ഫോേട്ടാ കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. സുഷമ സ്വരാജിെൻറ പ്രിയപ്പെട്ട ബെള്ളാരി ബ്രദേഴ്സ് ബി.ജെ.പിയിലേക്ക് തിരിച്ചുവരുന്നു എന്നായിരുന്നു കമൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.