ബദിയടുക്ക: കാസർകോട് ജില്ലയിലെ എണ്‍മകജെ ഗ്രാമപഞ്ചായത്തിലെ ബി.ജെ.പി ഭരണ സമിതിക്കെതിരെ യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വസ പ്രമേയം എൽ.ഡി.എഫ് പിന്തുണയോടെ പാസായി. നിലവിലെ പ്രസിഡൻറ് രൂപവാണി ആർ. ഭട്ടിനെതിരെ യു.ഡി.എഫ് പ്രതിനിധി കോൺഗ്രസിലെ വൈ. ശാരദ അവതരിപ്പിച്ച അവിശ്വാസ പ്രമേയമാണ് പാസായത്. ഇതോടെ കാറഡുക്കക്ക് പുറമേ എൻമകെജയിലും ബി.ജെ.പിക്ക് ഭരണം നഷ്ടമായി.
വോട്ടെടുപ്പ് നടന്നപ്പോൾ ബി.ജെ.പിയുടെ ഏഴ് വോട്ടിനെതിരെ പത്ത് വോട്ടുകളുമായാണ് യു.ഡി. എഫ് വിജയിച്ചത്. പഞ്ചായത്ത് ഭരണസമിതിയിൽ ആകെ 17 സീറ്റുകളാണുള്ളത്. ബി.ജെ.പി -7, കോൺഗ്രസ് - 4, മുസ്‌ലിം ലീഗ് 3, സി.പി.എം - 2, സി.പി.ഐ - 1 എന്ന നിലയിലാണുള്ളത്. എൽ.ഡി.എഫ് അംഗങ്ങൾ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് ബി.ജെ.പി.യിലെ പ്രസിഡന്‍റ് രൂപ വാണി പുറത്തായത്. ബി.ജെ.പി വൈസ് പ്രസിഡന്റ് കെ. പുട്ടപ്പക്ക് എതിരായ അവിശ്വാസ പ്രമേയം വ്യാഴാഴ്ച രാവിലെ 11 മണിക്ക് ചർച്ചക്ക് എടുക്കും. ലീഗിലെ സിദ്ദീഖ് ഒളമൊഗറാണ് നോട്ടീസ് നൽകിയത്.
നേരത്തെ നടന്ന ഭരണസമിതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും യു.ഡി.എഫിനും ഏഴ് വീതം സീറ്റുകളുണ്ടായിരുന്നു. ഇടത് മുന്നണി വിട്ടു നിന്നതിനാൽ നറുക്കേടുപ്പിലൂടെയാണ് ബി.ജെ.പി പ്രസിഡന്‍റ് ,വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിലെത്തിയത്. ബി.ജെ.പി നിലപാടിനെതിരെ യു.ഡി.എഫ് തീരുമാനത്തിനൊപ്പം നിൽക്കുകയെന്ന സി.പി.എമ്മിന്‍റെ തീരുമാനം കാറഡുക്കയില്‍ വിജയം കണ്ട സാഹചര്യത്തിലാണ് എണ്‍മകജെയിലും സമാനമായ നീക്കം ഉണ്ടായത്.
കഴിഞ്ഞവർഷം യു ഡി.എഫ്.കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തിൽ നിന്ന് സി.പി.എം വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ ഇത്തവണ സി.പി.എം. പിന്തുണക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. ഭരണത്തിൽ പങ്കാളിയാകില്ല എന്ന സൂചനയാണ് സി.പി.എം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.