ന്യൂഡല്‍ഹി: മധ്യപ്രദേശിന് പിറകെ രാജസ്ഥാനില്‍ ഭരണം അട്ടിമറിക്കാൻ ‘ഓപറേഷന് കമലു’മായി ബി.ജെ.പി. രാജ്യസഭക്കുപുറമെ നിയമസഭകള്‍ പിടിക്കാന്‍ കോടിക്കണക്കിന് രൂപ ചെലവിട്ട് വെര്‍ച്വല്‍ റാലികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ബി.ജെ.പി. ഗുജറാത്തില്‍ നിരവധി കോണ്‍ഗ്രസ് എം.എല്‍.എമാരെ കൂറുമാറ്റിയതോടെ അവിടെ അവശേഷിക്കുന്ന എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റേണ്ടിവന്നു.
തൊട്ടുപിറകെ രാജസ്ഥാനിലേക്ക് കണ്ണിട്ട ആഭ്യന്തരമന്ത്രി അമിത് ഷാ അവിടെയും എം.എല്‍.എമാരെ പിടിക്കുമെന്ന് കണ്ടതോടെ അവരെയും റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയില്‍നിന്ന് രാജസ്ഥാനിലെത്തി സ്വന്തം എം.എല്‍എമാര്‍ക്ക് കാവലിരിക്കുകയാണ്.
രണ്ടുമാസം മുമ്പ് കോവിഡ് ബാധ കാരണമായി പറഞ്ഞ് രാജ്യസഭ തെരഞ്ഞെടുപ്പ് നീട്ടിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് രോഗം കുതിച്ചുയരുന്നതിനിടയില്‍ ഈമാസം 19ന് തെരഞ്ഞെടുപ്പ് പ്രക്രിയയുമായി മുന്നോട്ടുപോകുന്നതിനെ രാജസ്ഥാന് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗഹ്ലോട്ട് വിമര്‍ശിച്ചു. നിലവില്‍ രണ്ട് എം.പിമാരെ കോണ്‍ഗ്രസിനും ഒരു എം.പിയെ ബി.ജെ.പിക്കും രാജ്യസഭയിലെത്തിക്കാവുന്ന നിലയിലാണ് രാജസ്ഥാനിലെ കക്ഷി നില. എന്നാല്‍ ഒരാളെ ജയിപ്പിക്കാനുള്ള വോട്ടുള്ള ബി.ജെ.പി രണ്ടു സ്ഥാനാര്‍ഥികളെ നിര്‍ത്തിയതോടെയാണ് കുതിരക്കച്ചവടം മണത്ത് കോണ്‍ഗ്രസ് സ്വന്തം എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലും പശ്ചിമ ബംഗാളിലും ആയിരക്കണക്കിന് കൂറ്റന്‍ സ്ക്രീനുകളും ഫ്ലാറ്റ് സ്ക്രീന്‍ ടി.വികളും ഗ്രാമങ്ങളിലെത്തിച്ച് കൂറ്റന്‍ റാലി നടത്താനും അമിത് ഷാ തയാറായി. മോദി സര്‍ക്കാറിെൻറ ഒന്നാം വാര്‍ഷികമെന്ന പേരില്‍ അമിത് ഷാ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്ക് ബംഗാളില്‍ മാത്രം 70,000 ഫ്ലാറ്റ് സ്ക്രീന്‍ ടി.വികളും 15,000 കൂറ്റന്‍ സ്ക്രീനുകളും വാങ്ങി. ബിഹാറിലും ഏതാണ്ട് ഇതേ തരത്തിലാണ് റാലി നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.