തന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചെങ്കിലും പോയില്ല; സ്പീക്കർക്കെതിരെ പരോക്ഷ വിമർശനവുമായി സി. ദിവാകരൻ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ കട ഉദ്ഘാടനത്തിന് പോയ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്‍റെ നപടിയില്‍ പരോക്ഷ വിമര്‍ശനവുമായി സി.പി.ഐ നേതാവ് സി. ദിവാകരന്‍ എം.എല്‍.എ. ഏത് പരിപടിയില്‍ പങ്കെടുക്കണമെന്നത് അവരവരുടെ ഔചിത്യമാണ്. ഇത്തരം പരിപാടികളിക്ക് വിളിച്ചാല്‍ താന്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരെയാണ് അയക്കാറ്. സഭ ചേരുമ്പോള്‍ പൂര്‍ണ്ണമായി അതില്‍ പങ്കെടുക്കലാണ് തന്‍റെ ജോലിയെന്നും സി. ദിവാകരന്‍ പറ‍ഞ്ഞു.

സന്ദീപ് നായരുടെ കട ഉദ്ഘാടനത്തിന് തന്നെ ക്ഷണിച്ചെങ്കിലും വരില്ലെന്ന് സംഘാടകരെ അറിയിച്ചിരുന്നുവെന്നും ദിവാകരൻ വ്യക്തമാക്കി.

ചെറിയൊരു കടയുടെ ഉദ്ഘാടനമായിരുന്നു അത്. സ്പീക്കറെ പോലെ ഉന്നതമായ പദവി അലങ്കരിക്കുന്ന ഒരു വ്യക്തിയും മണ്ഡലത്തിലെ മുതിർന്ന എം.എൽ.എയും പങ്കെടുക്കേണ്ട പരിപാടിയാണ് അതെന്ന് തോന്നിയില്ല. നിർബന്ധമായും ചടങ്ങിൽ പങ്കെടുക്കണമെന്ന് സംഘാടകരാരും തന്നോട് പറഞ്ഞിട്ടില്ല. ഗൗരവമായി ക്ഷണിച്ചിട്ടുമില്ല. തനിക്ക് പ്രധാനപ്പെട്ട ഒരു റോളില്ലാത്ത പരിപാടിയിൽ താൻ പങ്കെടുക്കാറുമില്ല. അതുകൊണ്ടാണ് ഉദ്ഘാടനത്തിന് പോകാതിരുന്നതെന്നും സി. ദിവാകരൻ വ്യക്തമാക്കി.

പരിപാടിയിൽ പങ്കെടുക്കുന്ന കാര്യം സ്പീക്കറും തന്നെ അറിയിച്ചിരുന്നില്ല. മികച്ച സ്പീക്കറായ ശ്രീരാമകൃഷ്ണന് ഇങ്ങനെയൊരു വീഴ്ച പറ്റിയതിൽ തനിക്കും വ്യക്തിപരമായ ദുഃഖമുണ്ട്. ചടങ്ങ് വിവാദമായതിന് ശേഷം സ്പീക്കറെ വിളിച്ച് ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയപരമായ യാതൊരു വിഷയങ്ങളും ഇതിലില്ല. മാധ്യമങ്ങളിലൂടെയാണ് സന്ദീപ് നായർ ഉൾപ്പെടെയുള്ള പ്രതികളെക്കുറിച്ച് അറിയുന്നതെന്നും ദിവാകരൻ വ്യക്തമാക്കി.

Tags:    
News Summary - c divakaran criticize speakers inauguration -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.