ന്യൂഡൽഹി: കോൺഗ്രസിൽ കഴിവുള്ള നേതാക്കൾ ചോദ്യംചെയ്യപ്പെടുകയാണെന്ന് ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. തന്‍റെ മുൻ സഹപ്രവർത്തകന് അടുത്തിടെ ഇത്തരം സാഹചര്യം നേരിടേണ്ടിവന്നുവെന്നും രാജസ്ഥാനിലെ സചിൻ പൈലറ്റ്-അശോക് ഗെഹ്ലോട്ട് തമ്മിലടി സൂചിപ്പിച്ചുകൊണ്ട് മുൻ കോൺഗ്രസ് നേതാവ് കൂടിയായ സിന്ധ്യ പറഞ്ഞു.
സചിൻ പൈലറ്റ് തന്‍റെ സുഹൃത്താണ്. അദ്ദേഹം കടന്നുപോയ പ്രയാസകരമായ സാഹചര്യത്തെ കുറിച്ച് എല്ലാവർക്കും അറിയാം. ഏറെ വൈകിപ്പിച്ചതിന് ശേഷവും കോൺഗ്രസ് എങ്ങിനെയാണ് ഈ വിഷയം പരിഹരിച്ചതെന്നും എല്ലാവർക്കും അറിയാം -സിന്ധ്യ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. മധ്യപ്രദേശ് കോൺഗ്രസിലെ പടലപ്പിണക്കത്തിനൊടുവിൽ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്ന സിന്ധ്യ നിലവിൽ രാജ്യസഭാംഗമാണ്.
ആഴ്ചകൾക്കു മുമ്പാണ് രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായുള്ള അസ്വാരസ്യങ്ങൾക്കൊടുവിൽ ഉപമുഖ്യമന്ത്രി സചിൻ പൈലറ്റ് വിമത ശബ്ദമുയർത്തിയത്. പൈലറ്റും ഒപ്പമുണ്ടായിരുന്ന 18 എം.എൽ.എമാരും പാർട്ടി യോഗത്തിൽ നിന്ന് ഉൾപ്പെടെ വിട്ടുനിന്നിരുന്നു. തുടർന്ന് ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും സചിനെ നീക്കിയിരുന്നു.
സചിൻ ബി.ജെ.പിയിലേക്ക് അടുക്കുന്നുവെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും അദ്ദേഹം നിഷേധിച്ചിരുന്നു. ഏറെ നാൾ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിൽ കോൺഗ്രസ് ഹൈകമാൻഡും മുതിർന്ന നേതാക്കളും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
സചിൻ ഉന്നയിക്കുന്ന കാര്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പിലാണ് പ്രശ്നപരിഹാരമുണ്ടായത്. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെയെ നീക്കണമെന്ന കാര്യം കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.