കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആരെ പിന്തുണക്കണമെന്ന കാര്യത്തിൽ കേരള കോൺഗ്രസ് എമ്മിൽ ആശയക്കുഴപ്പം തുടരുന്നു. നിലപാട് പ്രഖ്യാപിക്കാൻ ഒരാഴ്ച മുമ്പ് രൂപവത്കരിച്ച ഉപസമിതിയും നോക്കുകുത്തിയായി. കെ.എം. മാണിയും പി.ജെ. ജോസഫും അടക്കം ഒമ്പതുപേർ ഉൾപ്പെടുന്ന ഉപസമിതിക്ക് ഇതേവരെ യോഗം േചരാനും കഴിഞ്ഞിട്ടില്ല. എന്നാൽ, നേതാക്കൾ ആശയവിനിമയം നടത്തുന്നുണ്ടെന്നും സമിതി യോഗം േചർന്നില്ലെങ്കിലും അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നും പ്രമുഖ നേതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇടതുമുന്നണിയെ പിന്തുണക്കാനുള്ള നീക്കത്തിൽ സ്റ്റിയറിങ് കമ്മിറ്റിയിൽ മുതിർന്ന നേതാക്കൾപോലും രണ്ടുതട്ടിലായതോടെയാണ് പ്രശ്നപരിഹാരത്തിനായി ഉപസമിതി രൂപവത്കരിച്ചത്. രണ്ടുദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കുമെന്ന് കെ.എം. മാണി വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, ആരെ പിന്തുണക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഉപസമിതി അംഗങ്ങൾക്കും കഴിയുന്നില്ല. നേതൃനിരയിലെ ഭിന്നത ഇപ്പോഴും തുടരുകയുമാണ്. ഇടതുമുന്നണിയെ പിന്തുണക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിൽ തന്നെയാണ് പി.ജെ. ജോസഫ്. കോട്ടയത്ത് ചേർന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലും ഇതിൽ ഉറച്ചുനിൽക്കുകയായിരുന്നു അദ്ദേഹം. നിലപാടിൽ മാറ്റമിെല്ലന്ന് ജോസഫ് വിശ്വസ്തരെ അറിയിച്ചിട്ടുമുണ്ട്.
തൽക്കാലം നിഷ്പക്ഷ നിലപാട് മതിയെന്നാണ് അദ്ദേഹത്തിെൻറ അഭിപ്രായം. ഇതിനോട് യോജിക്കുന്നവർ ഉപസമിതിയിലും ഉണ്ട്. ഇക്കാര്യം അവരും മാണിയെ അറിയിച്ചിട്ടുണ്ട്. ഇൗസാഹചര്യത്തിൽ ഉപസമിതി ചേർന്നിട്ട് കാര്യമില്ലെന്ന നിലപാടിലാണ് മാണി. ജോസഫിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ സജീവമാണ്.എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും പിന്തുണക്കുന്ന പാർട്ടിയിലെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ മനഃസാക്ഷി വോെട്ടന്ന നിലപാടിലേക്ക് പാർട്ടിയെത്തുമെന്നാണ് സൂചന.
പിണറായി സർക്കാറിെൻറ രണ്ടാം വാർഷിക സേമളനത്തിൽ പെങ്കടുക്കാൻ കെ.എം. മാണി കണ്ണൂരിൽ എത്തുമെന്നായിരുന്നു സി.പി.എം നേതൃത്വത്തിെൻറ പ്രതീക്ഷ. യു.ഡി.എഫ് ബഹിഷ്കരിച്ച ചടങ്ങിൽ മാണി പെങ്കടുക്കുമെന്ന സൂചനകൾ പുറത്തുവരുകയും ചെയ്തിരുന്നു. എന്നാൽ, അതിൽനിന്ന് മാണി വിട്ടുനിൽക്കുകയായിരുന്നു.
ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ കേരള കോൺഗ്രസിെൻറ രാഷ്ട്രീയ നിലപാട് സി.പി.എം നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. എന്നാൽ, ജോസഫിെൻറ നിലപാടിൽ യു.ഡി.എഫ് ക്യാമ്പ് ആഹ്ലാദത്തിലാണ്. ജോസഫ് അനുകൂല നിലപാടെടുക്കുമെന്ന പ്രതീക്ഷയിലാണ് അവർ. മാണിയുടെ പിന്തുണക്കായി യു.ഡി.എഫ് നേതാക്കളും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.